ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പ്രതിസന്ധിയിൽ; ടീം ഇന്ത്യ പിൻമാറുമോ?

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെ പരമ്പരയെ പ്രതിസന്ധിയിലാക്കി രാജ്യത്തെ കൊവിഡ് വ്യാപനം. സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ് നടക്കേണ്ടത്. നഗരത്തിനും അടുത്തുള്ള പ്രദേശങ്ങളിലും കൊവിഡ് കേസുകൾ കൂടുതലാവുന്നുണ്ട്. 170 കേസുകളാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനം കൂടുന്നതോടെ ഇന്ത്യൻ താരങ്ങൾ കൂടുതൽ നിയന്ത്രണങ്ങളോടെ ക്വാറൻറീനിൽ പ്രവേശിക്കേണ്ടി വരും.


നാലാം ടെസ്റ്റ് നടക്കേണ്ട ബ്രിസ്ബെയ്ൻ പരിസരത്തും കൊവിഡ് വ്യാപനം കൂടുന്നുണ്ട്. ഇതോടെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും. എന്നൽ ഇനിയും ശക്തമായ ക്വാറൻറീനിലേക്ക് പോവാൻ ഇന്ത്യൻ ടീം താൽപര്യം പ്രകടിപ്പിക്കുന്നില്ല. കഴിഞ്ഞ ആറ് മാസത്തോളമായി ടീം ഇന്ത്യ പലവിധ ലോക്ക് ഡൗൺ ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ്. നാലാം ടെസ്റ്റിൽ നിന്ന് പിൻമാറാൻ വരെ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യൻ ടീമിൻെറ ഭാഗത്ത് നിന്ന് ഇത് വരെ ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

സിഡ്നിയിൽ 20000ത്തോളം കാണികളെ പങ്കെടുപ്പിച്ച് കൊണ്ട് മത്സരം നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറാണ്. എന്നാൽ ബ്രിസ്ബേനിലെ കാര്യത്തിൽ ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ട്. ഇന്ത്യൻ ടീം യുഎഇയിൽ നിന്നാണ് നേരെ ഓസ്ട്രേലിയയിലെത്തുന്നത്. ഒരു മാസത്തോളം ടീം ക്വാറൻറീനിലായിരുന്നു.നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്.

ഒന്നാം ടെസ്റ്റ് പരാജയപ്പെട്ട ടീം ഇന്ത്യ മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിൽ വൻ തിരിച്ചുവരവാണ് നടത്തിയത്. അതിനിടെ ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ റെസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിച്ച 5 ഇന്ത്യൻ താരങ്ങൾ നിരീക്ഷണത്തിലാണ്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, നവദീപ് സെയ്നി, റിഷഭ് പന്ത് എന്നിവരാണ് ഐസൊലേഷനിൽ കഴിയുന്നത്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications