ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തലായി മാറിയ യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റ് ബ്രിസ്ബണ്‍ ടെസ്റ്റിലെ അരങ്ങേറ്റത്തോടെ കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് നാലാം ടെസ്റ്റില്‍ നടരാജന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. പ്രമുഖ താരങ്ങളുടെ പരിക്ക് അദ്ദേഹത്തിന് ടീമിലേക്കു വഴി തുറക്കുകയായിരുന്നു. നേരത്തേ ഓസീസിനെതിരേയുയുള്ള ടി20, ഏകദിന പരമ്പരകളിലും നടരാജന് ഇന്ത്യക്കായി അരങ്ങേറുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

നെറ്റ് ബൗളറായി ഇന്ത്യന്‍ സംഘത്തോടൊപ്പം ഓസ്ട്രേലിയയിലെത്തിയ നടരാജന് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞ് അദ്ഭുതമായി മാറിയിരിക്കുകയാണ്. ഒരു പര്യടനത്തില്‍ തന്നെ ഏകദിനം, ടി20, ടെസ്റ്റ് തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് നടരാജനെ തേടിയെത്തിയത്. ഗാബയില്‍ അരങ്ങേറിയതോടെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ച 300ാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു. നടരാജനെപ്പോലെ ഭാഗ്യമുള്ള ക്രിക്കറ്റര്‍മാര്‍ വേറെയുണ്ടാവുമോയെന്ന കാര്യം സംശയമാണ്. കാരണം സ്വപ്നത്തില്‍ പോലും താരമോ ക്രിക്കറ്റ് പ്രേമികളോ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ് ഓസ്ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഓസീസ് പര്യടനത്തിനുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും നട്ടുവിന് സ്ഥാനമില്ലായിരുന്നു. നെറ്റ് ബൗളര്‍മാരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഇന്ത്യന്‍ ടി20 ടീമിലുണ്ടായിരുന്ന പുതുമുഖ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പകരക്കാരനായി നടരാജനെ തിരഞ്ഞെടുക്കുകയായിരുന്നു. അവിടെ തുടങ്ങുകയാണ് പേസറുടെ നല്ല കാലം.