❝ഏകദിന പരമ്പര ലങ്കക്ക്!!ഓസ്ട്രേലിയൻ ടീമിന് കയ്യടികൾ നൽകി ലങ്കൻ ഫാൻസ്‌❞

ക്രിക്കറ്റ് പലപ്പോഴും മൈതാനത്തിന്റെ പുറത്തുള്ള ഹൃദയസ്പർശിയായ കാഴ്ചകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴും, അത്തരമൊരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് കാണാൻ കഴിയുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകരാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തൊടുന്ന പ്രവൃത്തിയുമായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകർ നടത്തിയ മാതൃകാപരമായ പ്രവർത്തി ഇങ്ങനെയായിരുന്നു.

ശ്രീലങ്കയിൽ രാഷ്ട്രീയ പ്രശ്നങ്ങളും ആഭ്യന്തര കലാപവും അതിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ഓസ്ട്രേലിയയുടെ ശ്രീലങ്കൻ പര്യടനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ശ്രീലങ്കയിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഓസ്ട്രേലിയ പര്യടനത്തിൽ നിന്ന് പിന്മാറും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ട് ഓസ്ട്രേലിയ ശ്രീലങ്കയിൽ എത്തി.

ജൂൺ 7-ന് ആരംഭിച്ച പര്യടനത്തിലെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയും, ഏകദിന പരമ്പരയും ഇപ്പോൾ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഏകദിന പരമ്പരയിലെ അവസാന മത്സരവും പൂർത്തിയാക്കി പരമ്പരക്ക് വിരാമമിട്ടത്. മത്സരശേഷം, ശ്രീലങ്ക നേരിടുന്ന ഈ മോശം അവസ്ഥയിലും ശ്രീലങ്കയിൽ എത്തി ലിമിറ്റഡ് ഓവർ പരമ്പരകൾ പൂർത്തീകരിച്ച ഓസ്ട്രേലിയക്ക് ശ്രീലങ്കൻ ക്രിക്കറ്റ്‌ ആരാധകർ ഓസ്ട്രേലിയൻ ജേഴ്‌സി അണിഞ്ഞും ബാനർ ഉയർത്തിക്കാണിച്ചും നന്ദി പറഞ്ഞു.

ശ്രീലങ്കൻ ആരാധകരെ തിരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീം ക്ലാപ്പ് ചെയ്ത് അഭിവാദ്യം ചെയ്തു. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയക്കായിരുന്നു ജയമെങ്കിലും, 5 മത്സരങ്ങളടങ്ങിയ പരമ്പര 3-2 ന് ശ്രീലങ്ക സ്വന്തമാക്കി. നേരത്തെ, 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-1 ന് ഓസ്ട്രേലിയ നേടിയിരുന്നു. ഈ മാസം 29-ന് ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവും. രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ കൂടി ശേഷിക്കുന്ന പര്യടനം, ജൂലൈ 12-ന് അവസാനിക്കും.

Rate this post