“ആയുഷ് ബദോണിയുടെ പ്രതികാര ദാഹം കെട്ടടങ്ങിയിട്ടില്ല”|Ayush Badoni| IPL 2022

ഐപിഎൽ 2022 സീസണ് തുടക്കമായി 16 മത്സരങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും, പതിവിൽ നിന്നും വ്യത്യസ്തമായി ഒരുപിടി യുവതാരങ്ങൾ പിറവിയെടുത്തു കഴിഞ്ഞു. ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പർ ജിയന്റ്സിന് വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ച യുവ ബാറ്റർ ആയുഷ് ബദോണി, കേവലം 4 മത്സരങ്ങളിൽ നിന്ന് തന്നെ ഐപിഎല്ലിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുക്കഴിഞ്ഞു.

അരങ്ങേറ്റ മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റൻസിനെതിരെ അർദ്ധസെഞ്ച്വറി നേടിയതോടെ ബദോണി ഐപിഎൽ ലോകത്ത് ശ്രദ്ധേയനായി. 41 പന്തിൽ 4 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു ബദോണിയുടെ ഇന്നിംഗ്സ്. തുടർന്നുള്ള മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 9 പന്തിൽ 2 സിക്സ് ഉൾപ്പടെ 19*, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 12 പന്തിൽ 3 ഫോർ ഉൾപ്പടെ 19 റൺസും എൽഎസ്ജിയുടെ യുവ ബാറ്റർ നേടി.

ഏറ്റവും ഒടുവിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ 3 ബോളിൽ ഒരു ഫോറും ഒരു സിക്സും സഹിതം 10 റൺസെടുത്ത് പുറത്താകാതെ നിന്ന് തന്റെ ടീമിനെ ജയത്തിലേക്ക് നയിച്ച ബദോണി, ഒരു ഫിനിഷറുടെ റോൾ മനോഹരമായി കൈകാര്യം ചെയ്തു. അവസാന ഓവറിൽ സൂപ്പർ ജിയന്റ്സിന് ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ, ഡൽഹി പേസർ ഷാർദുൽ താക്കൂറിനെതിരെ ഒരു ഫോറടിച്ച് സമനിലയിലാക്കിയ മത്സരം, അടുത്ത ബോളിൽ സിക്സ് അടിച്ചാണ് ബദോണി ജയത്തിലേക്ക് നയിച്ചത്.

ഇതിന് പിന്നിൽ ഒരു മധുരപ്രതികാരത്തിന്റെ കഥയും ബദോണിക്ക് പറയാനുണ്ട്. മൂന്ന് തവണ ഡൽഹി ക്യാപിറ്റൽസ്‌ നടത്തിയ ട്രയൽസിൽ പങ്കെടുത്ത ബദോണി, മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടും, ഐപിഎൽ ലേലങ്ങളിൽ ഡൽഹി യുവതാരത്തെ പരിഗണിച്ചിരുന്നില്ല. ഒടുവിൽ, 2022 ഐപിഎൽ മെഗാ ലേലത്തിൽ ലഖ്നൗ ആണ് യുവതാരത്തിന് അവസരം നൽകിയത്.