❝കൊളംബിയയെ കീഴടക്കി കോപ്പ അമേരിക്കയിൽ മുത്തമിട്ട് ബ്രസീൽ❞|Brazil

കൊളംബിയയെ കീഴടക്കി കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് ബ്രസീൽ വനിതകൾ. എസ്റ്റാഡിയോ അൽഫോൻസോ ലോപ്പസ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ ഒരു ഗോളിനാണ് ബ്രസീൽ വിജയം നേടിയത്.ഇതോടെ 2010ന് ശേഷം തുടർച്ചയായി നാലാം തവണയാണ് ബ്രസീൽ കോപ്പ അമേരിക്ക ഫെമിനിന കിരീടം സ്വന്തമാക്കിയത്.

ഇത് എട്ടാം തവണയാണ് ബ്രസീൽ കോപ്പ അമേരിക്ക ഫെമിനിന കിരീടം നേടുന്നത്. 39 ആം മിനുട്ടിൽ ഡെബിൻഹ പെനാൽറ്റിയിലൂടെയാണ് കളിയിലെ ഏക ഗോൾ നേടിയത്.ഫൈനലിലെ ഗോളോടെ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് റേസിൽ ഡെബിൻഹ രണ്ടാം സ്ഥാനത്തെത്തി.മത്സരത്തിലുടനീളം ഇരുടീമുകളും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും വലകുലുക്കാനായില്ല.മത്സരത്തിൽ ഏറ്റവും കൂടുതൽ പന്ത് കൈവശം വെച്ചത് ബ്രസീലായിരുന്നു, എന്നാൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ കൊളംബിയയ്ക്കായിരുന്നു.

കൊളംബിയ 21 ഷോട്ടുകൾ പായിച്ചപ്പോൾ ബ്രസീൽ 15 ഷോട്ടുകൾ അടിച്ചു.കൊളംബിയ 5 ഓൺ-ടാർഗെറ്റ് ഷോട്ടുകൾ എടുത്തപ്പോൾ, ബ്രസീൽ 4 ഓൺ-ടാർജറ്റ് ഷോട്ടുകൾ എടുത്തു. കളിയുടെ ആവേശം താരങ്ങൾ തമ്മിലുള്ള വാശിയേറിയ പോരാട്ടമായി മാറിയതോടെ നിരവധി ഫൗളുകളാണ് മത്സരത്തിൽ കണ്ടത്. ബ്രസീൽ താരങ്ങൾക്ക് മൂന്ന് മഞ്ഞക്കാർഡ് ലഭിച്ചപ്പോൾ ഒരു കൊളംബിയൻ താരത്തിനും മഞ്ഞക്കാർഡ് ലഭിച്ചു.

ഡെബിൻഹയുടെ വിജയ ഗോളിൽ ബ്രസീൽ എട്ടാം കോപ്പ അമേരിക്ക ഫെമിനിന കിരീടം നേടിയപ്പോൾ കൊളംബിയ കോപ്പ അമേരിക്ക ഫെമിനിന ചരിത്രത്തിലെ മൂന്നാം ഫൈനലിൽ തോറ്റു. 1991 മുതൽ, 9 കോപ്പ അമേരിക്ക ഫെമിനിന ടൂർണമെന്റുകൾ ഉണ്ടായിട്ടുണ്ട്, അതിൽ 8 എണ്ണം ബ്രസീൽ വിജയിച്ചു.ഒരു ഗോൾ പോലും വഴങ്ങാതെയാണ് ബ്രസീൽ കിരീടം നേടിയത്. ആറു മത്സരങ്ങളിൽ നിന്നും 20 ഗോളുകളാണ് ബ്രസീലിയൻ വനിതകൾ അടിച്ചു കൂട്ടിയത്.വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ജേതാക്കളുമായി ബ്രസീൽ ഫൈനലിസിമയിൽ കളിക്കും.