❝നിർഭാഗ്യമോ അതോ അവസരങ്ങളുടെ കുറവോ ? സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുന്നതിന് തടസ്സമാവുന്നത് എന്താണ്?❞ |Sanju Samson

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്, അവരുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾകൂടിയാണ്.ജോസ് ബട്ട്‌ലറിനൊപ്പം അദ്ദേഹം റോയൽസിനെ കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലുമുള്ള സഞ്ജുവിന്റെ പ്രകടനം പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.2021-ൽ 484 റൺസും 2022-ൽ 458 റൺസും സഞ്ജു റോയൽസിന് വേണ്ടി നേടി .എന്നാൽ സഞ്ജുവിന്റെ കരിയറിൽ പലപ്പോഴും ഉയർച്ച താഴ്ചകൾ നമുക്ക് കാണാൻ സാധിക്കും.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ സാംസൺ തന്റെ ആദ്യ ഏകദിന അർധസെഞ്ചുറി നേടിയിരുന്നു. ടീമിന്റെ വിജയത്തിൽ നിർണായക സംഭാവന നൽകിയ സഞ്ജുവിനെ ആരാധകർ പ്രശംസ കൊണ്ട് മൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റെടുത്തപ്പോഴും വിക്കറ്റിന് പിന്നിൽ നിന്നപ്പോഴും സഞ്ജു ഒരുപോലെ തിളങ്ങി.

ആദ്യ ഏകദിനത്തിൽ അവസാന ഓവറിൽ മികച്ച ഡൈവിലൂടെ ബൗണ്ടറി തടഞ്ഞ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങും രണ്ടാം ഏകദിനത്തിൽ അർദ്ധസെഞ്ച്വറി നേടിയ ബാറ്റിംഗുമെല്ലാം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.മൂന്നാം ഏകദിനത്തിലും സഞ്ജു വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഷായ് ഹോപ്പിനെ ചഹലിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് പുറത്താക്കിയത് സഞ്ജുവായിരുന്നു. ബൗളർമാർക്ക് വേണ്ടവിധത്തിലുള്ള മാർഗനിർദേശങ്ങൾ നൽകാനും സഞ്ജു മറന്നില്ല.

2014ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് സാംസൺ ആദ്യമായി ഇന്ത്യൻ ടീമിലേക്കെത്തുന്നത്. രണ്ടു സീസണുകളിൽ ഐപിഎല്ലിൽ തിളങ്ങിയത്തിന്റെ ബലത്തിൽ ആയിരുന്നു സഞ്ജു ടീമിലെത്തിയത്.2015-ൽ സിംബാബ്‌വെ പര്യടനത്തിൽ തന്റെ ടി20 അരങ്ങേറ്റം. അതിനുശേഷം, 2022 ജൂൺ വരെ 14 ടി20കളിൽ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇതാണ് അമ്പരപ്പിക്കുന്ന ഭാഗം. കൂടാതെ, 2021 ൽ മാത്രമാണ് അദ്ദേഹം തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്, അതിനുശേഷം നാല് ഏകദിനങ്ങളിൽ മാത്രമാണ് സഞ്ജു പങ്കെടുത്തത്. സഞ്ജുവിന് അവസരങ്ങൾ കൊടുക്കുന്നതിൽ വലിയ അസമത്വം നമുക്ക് കാണാൻ സാധിക്കും ,എന്നാൽ ഇതിനു കാരണമായി പലരും ചൂണ്ടി കാണിക്കുന്നത് സ്ഥിരതയില്ലായ്മ്മയാണ്.

2015-ൽ വൈറ്റ് ബോളിൽ അരങ്ങേറ്റം കുറിച്ച സാംസൺ, രാഹുൽ, പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെപ്പോലെ പെക്കിംഗ് ഓർഡറിൽ തനിക്കുമുന്നിൽ ഉയരുന്നതാണ് ആദ്യം കണ്ടത്. ഇപ്പോൾ, അയ്യർ, സ്കൈ, ഇഷാൻ കിഷൻ, ദീപക് ഹൂഡ എന്നിവരെപ്പോലുള്ളവർ തനിക്കുമുന്നിൽ ഉയരുന്നത് അദ്ദേഹം കാണുന്നു. ഇത്രയധികം, ഏത് ഘട്ടത്തിലും, ഇന്ത്യൻ ഇലവനിലെ വിലയേറിയതും പിടികിട്ടാത്തതുമായ ഒരു സ്ഥാനത്തിനായി സാംസൺ കുറഞ്ഞത് മൂന്ന് പേരുമായാണ് മത്സരിക്കുന്നത്.

മത്സരിക്കുന്ന പേരുകളേക്കാൾ മുന്നിലെത്താൻ സാംസൺ എന്താണ് ചെയ്തത്? പിന്നെ, സത്യത്തിൽ ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?. ഇനിടാൻ ടീമിൽ സഞ്ജുവിനേക്കാൾ കൂടുതൽ അവസരങ്ങൾ മറ്റു താരങ്ങൾക്ക് എന്ത് കൊണ്ടാണ് ലഭിക്കുന്നത് എന്ന് ചിന്തിക്കേണ്ട കാര്യമാണ്. സഞ്ജുവിന് ഇന്ത്യൻ ടീമിൽ വളരെ കുറച്ച്‌ അവസരങ്ങൾ മാത്രമാണ് ലഭിക്കുക അതിനാൽ അവ ബുദ്ധി പൂർവം ഉപയോഗിക്കുക എന്ന ഭാരിച്ച ചുമതല നിറവേറ്റുക തന്നെ വേണം. എന്നാൽ മാത്രമേ കൂടുതൽ കൂടുതൽ കാലം ഇനിടാൻ നിറങ്ങളിൽ സഞ്ജുവിനെ കാണാൻ സാധിക്കു.