തകർപ്പൻ സെഞ്ചുറിയുമായി മുന്നിൽ നിന്നും നയിച്ച് കിംഗ് കോലി ,പ്ലേ ഓഫ് പ്രതീക്ഷ കാത്ത് ആര്‍സിബി

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഒരു വമ്പൻ വിജയം നേടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. കൃത്യമായ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ബാംഗ്ലൂർ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്. മത്സരത്തിൽ ബാംഗ്ലൂരിനായി ബ്രേസ്‌വെൽ ബോളിങിൽ തിളങ്ങിയപ്പോൾ ബാറ്റിംഗിൽ വിരാട് കോഹ്ലിയുടെയും ഡ്യൂപ്ലസിയുടെയും ഒരു ആറാട്ട് തന്നെയാണ് കണ്ടത്. ലീഗിലെ മറ്റു ടീമുകൾക്ക് പ്ലേയോഫിൽ ബാംഗ്ലൂർ ഭീഷണിയാകും എന്നതിന്റെ സൂചന കൂടിയാണ് മത്സരത്തിൽ നിന്ന് ലഭിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പതർച്ചയോടെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ ശേഷം നാലാമനായി ക്രീസിലെത്തിയ ക്ലാസൻ ബാംഗ്ലൂർ ബോളർമാരെ അടിച്ചു തുരത്തുകയുണ്ടായി. മത്സരത്തിൽ 51 പന്തുകളിൽ 104 റൺസാണ് ക്ലാസൻ നേടിയത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ ഹാരി ബ്രുക്ക്(27) കൂടി അടിച്ചുതകർത്തതോടെ ഹൈദരാബാദ് 186 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഒരു ഉഗ്രൻ പ്രകടനം തന്നെയാണ് വിരാട് കോഹ്ലിയും ഡ്യൂപ്ലസിസും കാഴ്ചവച്ചത്. 187 എന്ന വിജയലക്ഷത്തിലേക്ക് എല്ലാ ആത്മാർത്ഥതയോടും കൂടി ബാറ്റ് ചെയ്യുന്ന ഓപ്പണർമാരെയാണ് കാണാൻ സാധിച്ചത്. ഒരു വശത്ത് വിരാട് കോഹ്ലി അടിച്ചു തകർത്തപ്പോൾ മറുവശത്ത് ഡ്യൂപ്ലസി കൂടാരം തീർക്കുകയായിരുന്നു. ബാംഗ്ലൂർ ഇന്നിങ്സിലെ ആദ്യ പകുതിയിൽ തന്നെ മത്സരത്തിന്റെ പൂർണമായ നിയന്ത്രണം കോഹ്ലിയും ഡ്യൂപ്ലസിയും ഏറ്റെടുക്കുകയായിരുന്നു. മത്സരത്തിൽ 62 പന്തുകളിൽ നിന്ന് വിരാട് കോഹ്ലി തന്റെ സെഞ്ചുറി നേടുകയുണ്ടായി.

മത്സരത്തിൽ വിരാട് കോഹ്ലി 63 പന്തുകളിൽ 100 റൺസ് ആണ് നേടിയത്. ഇന്നിങ്സിൽ 12 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ ഡുപ്ലെസി 47 പന്തുകളിൽ 71 റൺസ് നേടി. 7 ബൗണ്ടറുകളും 2 സിക്സറുകളുമായിരുന്നു ഡുപ്ലസിയുടെ സമ്പാദ്യം. ഇരുവരുടെയും ബാറ്റിംഗ് മികവിൽ 8 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ ബാംഗ്ലൂർ സ്വന്തമാക്കിയത്. ഈ വിജയത്തോടെ വലിയ കടമ്പ തന്നെയാണ് ബാംഗ്ലൂർ കടന്നിരിക്കുന്നത്. മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയതോടെ ബാംഗ്ലൂർ 13 മത്സരങ്ങളിൽ നിന്ന് ആറു വിജയവുമായി 14 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ കൂടെ വിജയം കണ്ടാൽ ബാംഗ്ലൂരിന് പ്ലേയോഫിലെത്താൻ സാധിക്കും.

4/5 - (1 vote)