❝വീണ്ടും ഹിറ്റായി ബംഗ്ലാദേശ് :നാണക്കേടിന്റെ റെക്കോഡുമായി ഓസ്ട്രേലിയ❞

ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം. ശക്തരായ ഓസ്ട്രേലിയയെ ടി :20 പരമ്പരയിലെ മൂന്നാം മത്സരത്തിലും അനായാസം തോൽപ്പിച്ച് ബംഗ്ലാദേശ് പുതിയ ചരിത്രം സൃഷ്ടിച്ചു. ടി :20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മത്സരവും 10 റൺസിന് ജയിച്ച ബംഗ്ലാകടുവകൾ പരമ്പര സ്വന്തമാക്കി ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിൽ അപൂർവ്വ നേട്ടമാണ് ഇപ്പോൾ സ്വന്തമാക്കിയത്.ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പരമ്പര ഓസ്ട്രേലിയക്ക് എതിരെ ബംഗ്ലാദേശ് ടീം ജയിക്കുന്നത്. ആദ്യ ടി :20 23 റൺസിന് ജയിച്ച ബംഗ്ലാദേശ് ടീം രണ്ടാം ടി :20യിൽ 5 വിക്കറ്റ് ജയവും കരസ്ഥമാക്കിയിരുന്നു.

ഇന്നലെ നടന്ന മൂന്നാം ടി :20യിൽ ടോസ് നേടിയ ബംഗ്ലാദേശ് ടീം ബാറ്റിങ് തന്നെ തിരഞ്ഞെടുത്തപ്പോൾ മുൻ നിരയിൽ അടക്കം മനോഹര ബൗളിംഗുമായി ഓസ്ട്രേലിയൻ ബൗളർമാർ കളം നിറഞ്ഞു.മത്സരത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് ബംഗ്ലാദേശ് ടീം നേടിയപ്പോൾ ടീമിനായി ഷാക്കിബ്, മഹമദുള്ള എന്നിവർ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. മഹമദുള്ള 53 പന്തിൽ നിന്നും 52 റൺസ് കരുതലോടെ അടിച്ചെടുത്തപ്പോൾ ഷാക്കിബ് 26 റൺസ്  നേടി. അതേസമയം ഓസ്ട്രേലിയൻ നിരയിൽ ഹേസൽവുഡ്, സാംപ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അരങ്ങേറ്റ ടി :20 മത്സരം കളിച്ച നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരുപതാം ഓവർ എറിഞ്ഞ യുവതാരം  തന്റെ അരങ്ങേറ്റ ടി :20യിൽ തന്നെ ഹാട്രിക്ക് നേടിയാണ് ചരിത്രനേട്ടം കരസ്ഥമാക്കിയത്. ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു താരം അരങ്ങേറ്റ ടി :20യിൽ ഹാട്രിക്ക് നേടുന്നത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയൻ ടീമിനെ മികച്ച ബൗളിംഗ് പ്രകടനത്താൽ ബംഗ്ലാദേശ് സമ്മർദ്ദത്തിലാക്കിയാപ്പോൾ അവർക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ. മിച്ചൽ മാർഷ് 51 റൺസ് നേടി ബാറ്റിങ് ഫോം നിലനിർത്തിയെങ്കിലും ജയിക്കാൻ അത് പര്യാപ്തമായിരുന്നില്ല. മത്സരത്തിൽ പക്ഷേ വേറിട്ടുനിന്നത് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുഷ്തഫിസുർ റഹ്മാന്റെ ബൗളിംഗ് പ്രകടനമാണ്.താരം നാല് ഓവറിൽ വെറും 9 റൺസ് മാത്രമാണ് വഴങ്ങിയത്.