❝എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സലോണയെ തരിപ്പണമാക്കി റയൽ മാഡ്രിഡ് ❞

റയലിന്റെ മൈതാനത്ത് നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ആതിഥേയർ ബാഴ്സലോണയെ വീഴ്ത്തിയത്. ജയത്തോടെ റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.ഇത് തുടർച്ചയായ മൂന്നാം എൽ ക്ലാസിക്കോ മത്സരത്തിലാണ് റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിക്കുന്നത്.2021ൽ ലാലിഗയിൽ പരാജയം അറിയാത്ത ബാഴ്സലോണയെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ റയൽ മാഡ്രിഡിനായി.

13ആം മിനുട്ടിൽ തന്നെ ബെൻസീമയിലൂടെ റയൽ ലീഡ് എടുത്തു. ലൂകസ് വാസ്കസ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് മനോയരമായ ബാക്ക് ഫ്ലിക്കിലൂടെ ബെൻസീമ വലയിൽ കയറ്റുക ആയിരുന്നു. ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് രണ്ടാം ഗോളും നേടി. വിനീഷ്യസ് നേടിതന്ന ഫ്രീകിക്ക് എടുത്ത ടോണി ക്രൂസ് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ക്രൂസെടുത്ത ഫ്രീക്കിക്ക് ബാഴ്സ താരം സെർജിന്യോ ഡെസ്റ്റിന്റെ ദേഹത്ത് തട്ടി വലയിലേക്ക്. പന്ത് ഹെഡ് ചെയ്തകറ്റാനുള്ള ജോർഡി ആൽബയുടെ ശ്രമം പാളിയതോടെ റയലിന്റെ ലീഡുയർന്നു.ഇതിനുപിന്നാലേ ഉ​ഗ്രനൊരു കൗണ്ടററ്റാക്കിലൂടെ റയൽ വീണ്ടും ബാഴ്സ ബോക്സിലെത്തിയതാണ്. എന്നാൽ ഫെഡെറിക്കോ വാൾവെർ​ദെയുടെ ഷോട്ട് പോസ്റ്റിലിടിച്ചുമടങ്ങി.

ആദ്യ പകുതി അവസാനിക്കും മുമ്പ് മെസിയുടെ കിടിലൻ കോർണർ കിക്ക് റയലിന്റെ പോസ്റ്റിലിടിച്ചും മടങ്ങി.ആദ്യ പകുതിയിലെ തകർപ്പൻ ലീഡിന്റെ ആവേശത്തിലായിരുന്നു റയൽ രണ്ടാം പകുതിയിലിറങ്ങിയത്. അന്റോയിൻ ​ഗ്രീസ്മെനെ ഇറക്കി ആക്രമണം ശക്തമാക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കോമാൻ നടത്തിയത്.രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം ബാഴ്സലോണയെ കളിയിലേക്ക് തിരികെകൊണ്ടു വന്നു. 65ആം മിനുട്ടിൽ മിങുവേസ ആണ് ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്.രണ്ടാം പകുതിയിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് റയലായിരുന്നു. പക്ഷെ കൂടുതൽ ഗോൾ നേടി കളിയുടെ വിധി പെട്ടെന്ന് നിർണയിക്കാൻ റയലിനായില്ല. 89ആം മിനുട്ടിൽ കസമീറോ ചുവപ്പ് കണ്ടത് റയലിനെ സമ്മർദ്ദത്തിലാക്കി‌. ഇഞ്ച്വറി ടൈമിൽ ബാഴ്സയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. അവസാനം സിദാന്റെ ടീം വിജയം സ്വന്തമാക്കി.

അവാസനനിമിഷം ലയണൽ മെസി എടുത്ത ഫ്രീക്കിക്കും ലക്ഷ്യം കാണാതെ വന്നതോടെ സീസണിലെ രണ്ടാം എൽ ക്ലാസിക്കോയിലും റയലിന് ജയം.ഈ പരാജയം ഒന്നാമത് എത്താനുള്ള ബാഴ്സലോണ മോഹത്തിനു തിരിച്ചടിയാണ്. ഇന്ന് വിജയിച്ച റയൽ മാഡ്രിഡ് 66 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഒന്നാമത് നിൽക്കുകയാ‌ണ്. 65 പോയിന്റുമായി ബാഴ്സലോണ രണ്ടാമത് ആണ്.

ബുണ്ടസ് ലീഗയിൽ പൊരുതി ജയിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്റ്റട്ട്ഗാർട്ടിനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. സ്റ്റട്ട്ഗാർട്ടിന് വേണ്ടി സാസ കലസിക് 17ആം മിനുട്ടിൽ ഗോളടിച്ചാണ് കളിയാരംഭിച്ചത്‌. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ സ്റ്റട്ട്ഗാർട്ടിനായി. എന്നാം 47ആം മിനുട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി 23ആം മത്സരത്തിൽ ആദ്യ ഗോളടിച്ചു.

വൈകാതെ തന്നെ മാർക്കോ റിയൂസിന്റെ ഗോളിലൂടെ ലീഡ് നേടി. എന്നാൽ ജയം സ്വയമുറപ്പിച്ച ഡോർട്ട്മുണ്ടിന് 78ആം മിനുട്ടിൽ ദിദാവിയിലൂടെ സ്റ്റട്ട്ഗാർട്ട് തിരിച്ചടിച്ചു. എന്നാൽ ബൊറുസിയ ഡോർട്ട്മുണ്ട് അക്കാദമി താരം അൻസ്ഗർ നാഫിലൂടെ ഡോർട്ട്മുണ്ട് ജയം സ്വന്തമാക്കി. മാർക്കോ റിയൂസ് ഗോൾ വരൾച്ച അവസാനിപ്പിച്ചെങ്കിലും ഇന്ന് എർലിംഗ് ഹാളണ്ടിന് സ്കോർ ചെയ്യാനായില്ല. 46 പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബൊറുസിയ ഡോർട്ട്മുണ്ട്. സ്റ്റട്ട്ഗാർട്ട് 39 പോയന്റുമായി 9ആം സ്ഥാനത്താണുള്ളത്.ഇറ്റാലിയൻ സിരി എ യിൽ വിജയ വഴിയിൽ തിരിച്ചെത്തി എ സി മിലാൻ .ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരമായേ പരാജയപ്പെടുത്തി.അവസാന മുപ്പതു മിനുട്ടോളം പത്തു പേരുമായി കളിച്ചായിരുന്നു വിജയം. മികച്ച രീതിയിൽ തുടങ്ങിയ മിലാൻ റെബികിലൂടെ എട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഇബ്രഹിമോവിചിന്റെ അസിസ്റ്റിൽ ആയിരുന്നു ആ ഗോൾ‌. ആദ്യ പകുതിയിൽ തന്നെ കെസ്സിയിലൂടെ മിലാൻ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയിൽ മത്സരത്തിന്റെ 60ആം മിനുട്ടിൽ ഇബ്രാഹിമോവിച് ചുവപ്പ് കണ്ട് പുറത്തു പോയതോടെ മിലാൻ സമ്മർദ്ദത്തിലായി. 66ആം മിനുട്ടിൽ കാഗ്ലിയോലോ പാർമയ്ക്ക് വേണ്ടി ഒരു ഗോളും നേടി. അവസാനം 90ആം മിനുട്ടിൽ ലിയോയുടെ സ്ട്രൈക്ക് മിലാന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു.ഈ ജയത്തോടെ 63 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് മിലാൻ. ഒന്നാമതുള്ള ഇന്ററിന് 71 പോയിന്റാണ് ഉള്ളത്. ഇന്റർ ഒരു മത്സരം കുറവാണ് കളിച്ചത്.

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് മേൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് പി എസ് ജി ഒരു വൻ വിജയം നേടി. ഇന്ന് നടന്ന എവേ മത്സരത്തിൽ സ്റ്റ്രാസ്ബർഗിനെ ആയിരുന്നു പി എസ് ജി നേരിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച പി എസ് ജി 16ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. എമ്പപ്പെ ആയിരുന്നു സ്കോറർ.

27ആം മിനുട്ടിൽ സരാബിയയിലൂടെ രണ്ടാം ഗോളും വന്നു. 45ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് കീൻ വക മൂന്നാം ഗോളും വന്നു. 79ആം മിനുട്ടിൽ പരാദെസ് ആയിരുന്നു നാലാം ഗോൾ നേടിയത്. സഹി സ്റ്റ്രാസ്ബർഗിന്റെ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ 66 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 69 പോയിന്റുമായി ലിലെ ഒന്നാമതും നിൽക്കുന്നു. ഇനി ലീഗിൽ ആറു മത്സരങ്ങൾ മാത്രമാണ് ഇരു ടീമുകൾക്കും ബാക്കിയുള്ളത്.