സാവിയെത്തി ബാഴ്‌സലോണയ്ക്ക് വിജയവും : അവസാന മിനുട്ടിലെ ഗോളിൽ അത്ലറ്റികോ മാഡ്രിഡിനും ജയം ; ഇഞ്ചുറി ടൈം ഗോളിൽ സമനില പിടിച്ച് സെവിയ്യ

ബാഴ്സലോണ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മത്സരം വിജയത്തോടെ തുടങ്ങി സാവി. ലാ ലിഗയിലെ കറ്റാലൻ ഡെർബിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ എസ്‌പാന്യോളിനെ തോൽപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡിപ്പെ ഗോളാക്കി മാറ്റുകയായിരുന്നു.പരിചയസമ്പന്നർക്ക് ഒപ്പം പുതുമുഖങ്ങളെയും ഒരുമിച്ച് ആണ് സാവി തന്റെ ആദ്യ ബാഴ്‌സലോണ ടീമിനെ കളത്തിൽ ഇറക്കിയത്.

ആദ്യ പകുതിയിൽ ബാഴ്‌സലോണയുടെ വ്യക്തമായ ആധിപത്യം കണ്ടു എങ്കിലും ഗോൾ മാത്രം പിറന്നില്ല. എന്നാൽ, മത്സരത്തിന്റെ അവസാന 20 മിനിറ്റുകളിൽ ബാഴ്സലോണ ബോക്സിലേക്ക് നിരന്തരം ഇരച്ചുകയറിയ എസ്പാന്യോൾ എതിരാളികളെ വെള്ളം കുടിപ്പിച്ചു. ഭാഗ്യം ബാഴ്സലോണയ്ക്കൊപ്പമായിരുന്നു. രണ്ടാം പകുതിയുടെ തുറക്കത്തിൽ തന്നെ താൻ നേടിയെടുത്ത പെനാൽട്ടി ലക്ഷ്യം കണ്ട മെൻഫിസ് ഡീപായ് ആണ് ബാഴ്‌സലോണയുടെ വിജയഗോൾ ഗോൾ നേടിയത്. ഫ്രാങ്കി ഡി ജോങ് രണ്ടാം ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി വിളിക്കപ്പെട്ടു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബാഴ്‌സലോണ ശരിക്കും വിയർക്കുന്നത് ആണ് കാണാൻ ആയത്.അവസാന നിമിഷങ്ങളിൽ റൗൾ തോമസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് ബാഴ്‌സക്ക് ആശ്വാസമായി. ജയത്തോടെ ബാഴ്‌സലോണ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.ബാഴ്സയെ പഴയ പ്രഭാവത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാവിക്ക് ഇനിയും ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്ന് ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമായി.

ലാ ലീഗയിൽ തോൽവിയിൽ നിന്നു അവസാന നിമിഷം രക്ഷപ്പെട്ടു സെവിയ്യ. അലാവസിനോട് 2-2 നു സമനില വഴങ്ങിയ അവർ 92 മത്തെ മിനിറ്റിൽ ഇവാൻ റാകിറ്റിച്ച് നേടിയ ഗോളിന് ആണ് രക്ഷപ്പെട്ടത്. സമനില വഴങ്ങിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ലീഗിൽ സോസിദാഡിനെ മറികടന്നു ഒന്നാമത് ആവാനും അവർക്ക് ആയി. അഞ്ചാം മിനുട്ടിൽ ടോണി മോയയുടെ കോർണറിൽ നിന്നു വിക്ടർ നേടിയ ഗോളിലൂടെ അലാവസ്‌ മുന്നിലെത്തി.38 മത്തെ മിനിറ്റിൽ ഗോൺസാലോ മോന്റിനലിന്റെ പാസിൽ നിന്നു ലൂക്കാസ് ഒക്കാമ്പോസ് സെവിയ്യക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബോക്‌സിൽ ഒക്കാമ്പോസ് ഹാന്റ് ബോൾ വഴങ്ങിയപ്പോൾ പെനാൽട്ടി ലക്ഷ്യം കണ്ട ജോസലു അലാവാസിന് ലീഡ് നേടിക്കൊടുത്തു. പരാജയം മാനത്തെങ്കിലും 92 ആം മിനുട്ടിൽ റാക്ടിച്ചിന്റെ ഗോൾ സെവിയ്യയെ തോൽ‌വിയിൽ നിന്നും രക്ഷിച്ചു.

മറ്റൊരു മത്സരത്തിൽ അവസാനനിമിഷത്തിൽ ബ്രസീലിയൻ ഡിഫൻഡർ ഫിലിപ്പെ നേടിയ ഏക ഗോളിന് നിലവിയുടെ ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡ് ഒസാസുനയെ പരാജയപ്പെടുത്തി. 87 ആം മിനുട്ടിലാണ് ഗോൾ പിറന്നത്. ജയത്തോടെ റയൽ മാഡ്രിഡിന് ഒരു പോയിന്റ് മാത്രം പിറകിൽ നാലാം സ്ഥാനത്ത് എത്താനും സിമിയോണിയുടെ ടീമിന് ആയി.87 മത്തെ മിനിറ്റിൽ യാനിക് കരാസ്കയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഫിലിപ്പെയാണ് അത്ലറ്റികോക്ക് നിർണായക ജയം സമ്മാനിച്ചത്.