❝എൽ ക്ലാസിക്കോയിൽ റഫീഞ്ഞയുടെ ഗോളിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്‌സലോണ❞

പ്രീ സീസൺ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് വിജയം. യുഎസിലെ അലെജിയന്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ 1-0ന് പരാജയപ്പെടുത്തി ബാഴ്‌സലോണ. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയോടൊപ്പം ചേർന്ന ബ്രസീലിയൻ ഫോർവേഡ് റാഫിൻഹയാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്. കളിയുടെ 27-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്.

കളിയിൽ റയൽ മാഡ്രിഡിനായിരുന്നു പന്ത് കൂടുതൽ കൈവശം വച്ചിരുന്നത്. എന്നാൽ മത്സരത്തിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ എടുത്തത് ബാഴ്സലോണയാണ്. ബാഴ്‌സലോണ 16 ഷോട്ടുകൾ പായിച്ചപ്പോൾ റയൽ മാഡ്രിഡ് താരങ്ങൾ എതിർ വലയിലേക്ക് 9 ഷോട്ടുകൾ പായിച്ചു. എന്നിരുന്നാലും, ബാഴ്‌സലോണ 6 ഓൺ-ടാർഗെറ്റ് ഷോട്ടുകൾ എടുത്തപ്പോൾ, ഒരു ഓൺ-ടാർജറ്റ് ഷോട്ടുകൾ പോലും എടുക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേർന്ന റാഫിൻഹയ്ക്കും ലെവൻഡോവ്സ്കിക്കും ഒപ്പം അൻസു ഫാത്തി ബാഴ്സലോണയുടെ മുന്നേറ്റ നിരയിൽ ആദ്യ ഇലവനിൽ കളിച്ചു. അതേസമയം, റയൽ മാഡ്രിഡ് മുന്നേറ്റ നിരയിൽ അവരുടെ സ്റ്റാർ സ്‌ട്രൈക്കർ കരിം ബെൻസെമയുടെ അഭാവം പ്രകടമായിരുന്നു.

ജൂലൈ 27 ന് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസാണ് ബാഴ്‌സലോണയുടെ അടുത്ത പ്രീ-സീസൺ എതിരാളികൾ. അതേസമയം, ജൂലൈ 27 ന് റയൽ മാഡ്രിഡ് അവരുടെ അടുത്ത മത്സരത്തിൽ മെക്സിക്കൻ ക്ലബ് അമേരിക്കയെ നേരിടും. ജൂലൈ 31 ന് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെതിരെയും റയൽ മാഡ്രിഡിന് ഒരു മത്സരം ഉണ്ട്.