❝ലാ ലീഗ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക് ; അവസാന നിമിഷം ഡെംബല്ലയുടെ ഗോളിൽ ബാഴ്സലോണ❞

അവസാന മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ലാ ലീഗ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണ പരാജയപെടുത്തിയതോടെ ഒന്നാം സ്ഥാനക്കാരെ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യസം ഒന്നായി കുറഞ്ഞു.ലീഗിൽ വ്യക്‌തമായ ആധിപത്യത്തോടെ കിരീടം ഉറപ്പിച്ചു മുന്നേറിയ അത്ലറ്റികോക്ക് തുടർച്ചയായ തോൽവികളും സമനിലകളും വിനയായി. എന്നാൽ നവംബറിൽ പോയിന്റ് ടേബിളിൽ ആദ്യ പത്തിൽ എത്താതിരുന്ന ബാഴ്സലോണ 2021 ൽ തോൽവി അറിയാതെ മുന്നേറിയാണ് അത്ലറ്റികോക്ക് വെല്ലുവിളി ഉയർത്തിയത്. കഴിഞ്ഞ ദിവസം സെവിയ്യയോട് പരാജയപ്പെട്ടതാണ് അത്‌ലറ്റികോ മാഡ്രിഡിന് വിനയായത്.

വല്ലഡോളിഡിനെ നേരിട്ട ബാഴ്സക്ക് കളിയുടെ 90 ആം മിനുട്ടിൽ ഫ്രഞ്ച് താരം ഡെംബലെ ആണ് വിജയ ഗോൾ നേടിയത്. അവസാന 10 മിനുട്ടോളം റയൽ വല്ലഡോയിഡ് ചുവപ്പ് കാർഡ് കാരണം 10 പേരുമായാണ് കളിച്ചത്‌. അത് മുതലെടുത്തായുരുന്നു ബാഴ്സലോണ വിജയം. മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ബാഴ്സക്കായില്ല. ബാഴ്സയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ആദ്യ ഗോളവസരം ലഭിച്ചത് വല്ലഡോളിഡിനാണ്. 9 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നുള്ള ക്രോസിൽ നിന്നും കെനാൻ കോഡ്രോവിന്റെ ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.

43 ആം മിനുട്ടിൽ മെസ്സിക്ക് ആദ്യ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് മുൻപ് പെഡ്രിയുടെ ഒരു ഗ്രൗണ്ടർ കീപ്പർ ജോർഡി മാസിപ്പ് കയ്യിൽ തട്ടി പോസ്റ്റിലുരുമ്മിയാണ്‌ പോയത്. 57 ആം മിനുട്ടിൽ വല്ലാഡോലിഡ് താരം ലൂക്കാസ് ഒലാസക്ക് 6-യാർഡ് ബോക്സിനുള്ളിൽ നിന്ന് അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. രണ്ടു മിനുട്ടിനു ശേഷം ബോക്സിനുള്ളിൽ നിന്നും ഡെംബെലെക്ക് ലഭിച്ച അവസരം ഗോൾ കീപ്പർ ജോർഡി മാസിപ്പ് തടുത്തിട്ടു ,റീബൗണ്ടിൽ ഗ്രീസ്മാന്റെ ഹെഡ്ഡർ പുറത്തേക്ക് പോവുകയും ചെയ്തു.

72 ആം മിനുറ്റിൽ ബോക്സിനു പുറത്തു നിന്നുമുള്ള മെസ്സിയുടെ പാസ് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തു പോയത്. 79 ആം മിനുട്ടിൽ വല്ലഡോലിഡ് താരം ഓസ്കാർ പ്ലാനോയ്ക്ക് ചുവപ്പു കാർഡ്. ഗോൾ നേടാൻ ബാഴ്സ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ കീപ്പറെയും വല്ലഡോളിഡ് പ്രതിരോധത്തെയും മറികടക്കാൻ ബാഴ്സക്കായില്ല. എന്നാൽ 90 ആം മിനുട്ടിൽ ബോക്സിന്റെ ഇടതു വശത്തു നിന്നും ഫ്രഞ്ച് താരം ഡെംബല്ലയുടെ ഇടം കാലൻ ഷവോട്ട് ഗോൾ കീപ്പറായും മറികടന്നു വല്ലഡോലിഡ് വലയിൽ കയറി.

ഈ വിജയം ബാഴ്സലോണയെ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ എത്തിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്സലോണക്ക് 65 പോയിന്റുമാണ് ഉള്ളത്. ഇനി 9 മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ. മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 63 പോയിന്റാണുള്ളത്.