❝തകർപ്പൻ ജയത്തോടെ അത്ലറ്റികോക്ക് കനത്ത വെല്ലുവിളിയുമായി ബാഴ്സ ; യുവന്റസിന്റെ കിരീട പ്രതീക്ഷകൾക്ക് പൂട്ട് വീണു ❞

ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുന്ന സ്പാനിഷ് ലാ ലീഗിൽ മികച്ച വിജയവുമായി ബാഴ്സലോണ. ഇന്ന് വിയ്യ റയലിനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോൾ നേടിയാണ് ബാഴ്സ വിജയിച്ചത്. ഇന്നത്തെ മത്സരം വിജയിച്ചതോടെ പോയിന്റ് പട്ടികയിൽ ഒരു മത്സരം കൂടുതൽ കളിച്ച റയൽ മാഡ്രിഡിനൊപ്പമെത്താനും ബാഴ്സക്കായി. ആന്റോയിൻ ഗ്രിസ്മാൻ നേടിയ ഇരട്ട ഗോള്അകലുടെ മികവിലായിരുന്നു ബാഴ്സയുടെ ജയം.മത്സരം തുടങ്ങി 26 മിനുട്ടു കഴിഞ്ഞപ്പോൾ വിയ്യാറയൽ മുന്നിലെത്തി. പോ ടോറസിന്റെ മികച്ചൊരു പാസിൽ നിന്നും നൈജീരിയ ഇന്റർനാഷണൽ സാമുവൽ ചുക്വ്യൂസെയാണ് ഗോൾ നേടിയത്.

ഗോൾ വീണു രണ്ടു മിനുട്ടിനു ശേഷം ബാഴ്സ സമനില പിടിച്ചു.ഓസ്കാർ മിംഗുസയുടെ പാസിൽ നിന്നും ഗ്രീസമാനാണ് ഗോൾ നേടിയത്. മനോഹരമായ ചിപ്പിലൂടെ പന്ത് വലയിൽ എത്തിച്ചത്. 35 ആം മിനുട്ടിൽ ഡിഫെൻഡർ ജുവാൻ ഫോയിത്ത് കൊടുത്ത ബാക്ക് പാസ് പിടിച്ചെടുത്ത് ഗ്രീസ്മാൻ ബാഴ്‌സയെ മുന്നിലെത്തിച്ചു.65 ആം മിനുട്ടിൽ വിയ്യാറയൽ താരം മാനുവൽ ട്രിഗ്യൂറോസ് ചുവപ്പു കാർഡ് കണ്ടതോടെ പത്തുപേരുമായാണ് മത്സരം അവസാനിപ്പിച്ചത്.ഈ വിജയം ബാഴ്സലോണയെ റയലിനൊപ്പം 71 പോയിന്റിൽ എത്തിച്ചു. റയലിനെക്കാൾ ഒരു മത്സരം കുറവാണ് ബാഴ്സലോണ കളിച്ചത്. 73 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഇപ്പോഴും ഒന്നാമത്.


സീരി എയിൽ യുവന്റസിനെ സമനിലയിൽ തളച്ച് ഫിയോരെന്റിന. ഇറ്റലിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ഫിയോരെന്റീനക്ക് വേണ്ടി ദുസാൻ വ്ലാഹോവിച് ഗോൾ നേടിയപ്പോൾ , രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അൽവാരോ മൊറാട്ടയാണ് യുവന്റസിന്റെ സമനില ഗോൾ നേടിയത്. കളിയുടെ തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്.നിർണായകമായ മൂന്ന് പോയന്റുകൾ നേടേണ്ടത് ഇരു ടീമുകൾക്കും ആവശ്യമായിരുന്നു. ചാമ്പ്യൻസ് ലീഗ് സ്പോട്ടിൽ തുടരാൻ യുവന്റസിനും റെലഗേഷൻ ലോണിൽ എത്താതിരിക്കാൻ ഫിയോരെന്റിനക്കും വിജയം നിർണായകമായിരുന്നു. റാബിയോട്ടിന്റെ ഹാൻഡ് ബോളിലൂടെ ലഭിച്ച പെനാൽറ്റി പനെങ്ക സ്റ്റൈലിൽ വ്ലാഹോവിച് ലക്ഷ്യം കണ്ടു. 33 കളികളിൽ 66 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇറ്റലിയിൽ ഇപ്പോൾ യുവന്റസ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ്‌സിനെതിരെ വിരസമായ സമനില.ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്.രണ്ട് ഗോൾ കീപ്പർമാർക്കും കാര്യമായ ജോലി ഇന്ന് ഉണ്ടായില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ പോഗ്ബ, കവാനി, വാൻ ഡെ ബീക് എന്നിവരെ ഒക്കെ ഇറക്കി എങ്കിലും കാര്യമുണ്ടായില്ല.ഒരു ഫ്രീകിക്കിൽ നിന്ന് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് മാത്രമാണ് ഇന്ന് കാര്യമായ ഒരു ഗോൾ അവസരമായി ഉണ്ടായത്.മാഞ്ചസ്റ്റർ യുണൈറ്റഡ് 67 പോയിന്റുമായി ഇപ്പോഴും ലീഗിൽ രണ്ടാമത് നിൽക്കുക ആണ്. ലീഡ്സ് 47 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

ജർമൻ ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്തുള്ള ലൈപ്സിഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്റ്റ്റ്ഗാർട്ടിനെ പരാജയപ്പെടുത്തി.ഇന്ന് ലൈപ്സിഗ് വിജയിച്ചതോടെ കിരീട നേടുന്നതിനായി ബയേൺ മ്യൂണിക്കിന് അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.