❝വിജയകുതിപ്പ് തുടർന്ന് ബാഴ്സ : മൊറാട്ട ഡബിളിൽ യുവന്റസ് : ലെവൻഡോസ്‌കിയുടെ ഹാട്രിക്കിൽ ബയേൺ : എംബാപ്പയുടെ ഇരട്ട ഗോളിൽ പിഎസ്ജി ❞

ലാ ലീഗയിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് കിരീട പ്രതീക്ഷകൾ സജീവമായിരിക്കുകയാണ്.ഇരു പകുതികളിലുമായി ജോർഡി ആൽ‌ബ, ഇലൈക്സ് മോറിബ എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. ഗോളുകൾ ഒന്നും നേടാനായില്ലെങ്കിലും രണ്ടു ഗോളിന് വഴിയൊരുക്കിയ മെസ്സി മത്സരത്തിൽ നിറഞ്ഞു കളിച്ചു.

കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ടു മാറ്റങ്ങളുമായാണ് റൊണാൾഡ് കോമാൻ ഇന്നലെ ഇറങ്ങിയത്.പരിക്കേറ്റ ജെറാർഡ് പിക്ക് പകരമായി സാമുവൽ ഉംറ്റിറ്റി, അന്റോയ്ൻ ഗ്രീസ്മാൻ പകരക്കാരനായ ഉസ്മാൻ ഡെംബെലെ എന്നിവരെ ഇറക്കി. ആദ്യ പകുതിയിൽ ജോനാഥൻ കാലേരിയിലൂടെ ഒസാസുന ആക്രമിച്ചു കളിക്കാൻ തുടങ്ങിയെങ്കിലും മെസ്സിയിലൂടെ ബാഴ്സ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 30 ആം മിനുട്ടിൽ മെസ്സി കൊടുത്ത ലോഫ്റ്റഡ് പാസ് മനോഹരമായി വലയിലാക്കാക്കി ജോർഡി ആൽ‌ബ ബാഴ്സക്ക് ലീഡ് നൽകി .

83 ആം മിനുട്ടിൽ പകരകകരനായി ഇറങ്ങിയ യുവ താരം ഇലൈക്സ് മോറിബ പെനാൽറ്റി ബോക്സിന്റെ എഡ്ജിൽ നിന്നും തൊടുത്തുവിട്ട മനോഹരമായ ഇടം കാൽ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ജയത്തോടെ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യസം രണ്ടാക്കി കുറക്കാൻ ബാഴ്സക്കായി.

ഇറ്റാലിയൻ സിരി എയിൽ കരുത്തരായ ലാസിയോയെ പരാജയപ്പെടുത്തി യുവന്റസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള എ സി മിലാനോട് അടുത്തു .ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. സൂപ്പർ താരം റൊണാൾഡോയുടെ അഭാവത്തിൽ യുവന്റസ് ആക്രമണം നയിച്ച മൊറാട്ട നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം യുവന്റസ് വിജയം നേടിയത്.14 ആം മിനുട്ടിൽ ജോക്വിൻ കൊറിയയിലൂടെ ലാസിയോ മുന്നിലെത്തി.

39-ാം മിനിറ്റിൽ അഡ്രിയൻ റാബിയോട്ട് യുവന്റസിന് സമനില നേടിക്കൊടുത്തു. 57 ആം മിനുട്ടിൽ ഫെഡറിക്കോ ചിസയുടെ പാസിൽ നിന്നും അൽവാരോ മൊറാറ്റ യുവന്റസിന് ലീഡ് നേടിക്കൊടുത്തു. മൂന്നു മിനിട്ടുകൾക്ക് ശേഷം സെർജ് മിലിങ്കോവിച്ച്-സാവിക് ആരോൺ റാംസിയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സ്പാനിഷ് സ്‌ട്രൈക്കർ യുവന്റസിന്റെ സ്കോർ 3 -1 ആക്കി.ജയത്തോടെ യുവന്റസിന് 25 മത്സരങ്ങളിൽ നിന്നും 52 പോയിന്റായി.

ജർമ്മൻ ക്ലാസിക്കോയിൽ വിജയക്കുതിപ്പുമായി ബയേൺ മ്യൂണിക്ക്. ആറ് ഗോൾ ത്രില്ലറിൽ വമ്പൻ തിരിച്ച് വരവ് നടത്തിയാണ് ബയേൺ മ്യൂണിക്ക് ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ ജയം. ബയേൺ മ്യൂണിക്കിനായി പോളിഷ് ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ്കി ഹാട്രിക്ക് നേടിയപ്പോൾ മറ്റോരു ഗോൾ നേടിയത് ലിയോൺ ഗോരെട്സ്കയാണ്. എർലിംഗ് ഹാലാൻഡിന്റെ ഇരട്ട ഗോളുകൾ കളിയുടെ ആദ്യ 9 മിനുട്ടിൽ തന്നെ ബൊറുസിയ ഡോർട്ട്മുണ്ടിന് ലീഡ് നൽകിയിരുന്നു.കളിയുടെ രണ്ടാം മിനുട്ടിൽ ബയേണിന്റെ വലകുലുക്കാൻ ഹാലാൻഡിനായി. വീണ്ടും പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് ഡോർട്ട്മുണ്ട് ഹാളണ്ടിന്റെ ഗോളിലൂടെ ലീഡുയർത്തി.

എന്നാൽ സാനെയുടെ അതിമനോഹരമായ പാസിലൂടെ ലെവൻഡോസ്കി ബയേണിന്റെ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കും മുൻപേ കിംഗ്സ്ലി കോമനെ വീഴ്ത്തിയതിന് വാർ ഇടപെട്ട് ലഭിച്ച പെനാൽറ്റിയും ലെവൻഡോസ്കി ലക്ഷ്യത്തിലെത്തിച്ചു. കളിയുടെ രണ്ടാം പകുതിയുടെ അവസാനത്തിലാണ് ഗോറെട്സ്കയുടേയും ലെവൻഡോസ്കിയുടേയും ഗോളുകൾ പിറന്നത്.ജയത്തോടെ 24 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി ബയേൺ പോയിന്റ് ടേബിളിൽ ഒന്നമതാണ്.

ഫ്രഞ്ച് ലീഗിൽ കെയ്‌ലിയൻ എംബപ്പേ രണ്ടുതവണയും പാബ്ലോ സാറാബിയയും ലക്‌ഷ്യം കണ്ട മത്സരത്തിൽ പിഎസ്ജി ബ്രെസ്റ്റിനെ 3-0ന് പരാജയപ്പെടുത്തി കൂപ്പെ ഡി ഫ്രാൻസിന്റെ അവസാന 16 ൽ സ്ഥാനം നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലി ആഴ്‌സനലിനെ സമനിലയിൽ പിടിച്ചു.ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയാണ്. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ മുന്നിൽ എത്താൻ ആഴ്സണലിനായി.വില്യന്റെ പാസിൽ നിന്ന് ഒബാമയങ്ങായിരുന്നു ആഴ്സണലിന് ലീഡ് നൽകിയത്.39ആം മിനുട്ടിൽ ബേർൺലി താരം വുഡ് സമനില ഗോൾ നേടി. മറ്റു മത്സരങ്ങളിൽ ലെസ്റ്റർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രൈട്ടനെ പരാജയപ്പെടുത്തി.ആദം ലല്ലാനയുടെ ഗോളിൽ മുന്നിലെത്തിയ ബ്രൈട്ടൻ .62 ആം മിനുട്ടിൽ കെലെച്ചി ഇഹിയനാച്ചോയിലൂടെ ലെസ്റ്റർ സമനില നേടി.സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ ഡാനിയൽ അമർട്ടെ ലെസ്റ്ററിന്റെ വിജയ ഗോൾ നേടി.