❝മെസ്സിയുടെ ഡബിളിൽ കിരീടം വിട്ടു തരില്ലെന്നുറപ്പിച്ച് ബാഴ്സ ; റോണോ മാജിക്കിൽ യുവന്റസിന്റെ തിരിച്ചു വരവ് ; ബെയ്‌ലിന്റെ തകർപ്പൻ ഹാട്രിക്കിൽ ടോട്ടൻഹാം❞

ലാ ലീഗ കിരീട പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച്‌ ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം മെസ്സിയുടെ ഇരട്ട ഗോളിന് വലൻസിയയെ പരാജയപ്പെടുത്തി.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ വലൻസിയയെ പരാജയപ്പെടുത്തിയത്.വലൻസിയക്ക് വേണ്ടി ഗബ്രിയേൽ പൊളീസ്റ്റയും കാർലോസ് സോളറുമാണ് വലൻസിയക്ക് വേണ്ടി ഗോളടിച്ചത്. ഒരു ഗോൾ വഴങ്ങിയതിന് ശേഷം ശക്തമായ തിരിച്ച് വരവാണ് ബാഴ്സലോണ നടത്തിയത്. ഗ്രീസ്മാനാണ് ബാഴ്സയുടെ അവശേഷിച്ച ഗോൾ നേടിയത്.ആദ്യ‌പകുതിയിൽ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കണ്ടെത്തനായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോർണർ കിക്ക് ഒരു തകർപ്പൻ ഹെഡറിലൂടെ ഗബ്രിയേൽ വലൻസിയക്ക് ലീഡ് നൽകി. ബാഴ്സലോണ വാറിന്റെ സഹായം തേടിയെങ്കിലും ഗോൾ അനുവദിക്കുകയായിരുന്നു.

ഏറെ വൈകാതെ തന്നെ ടോണി ലാറ്റോയുടെ ഹാന്റ് ബോൾ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മെസ്സിക്ക് പിഴച്ചെങ്കിലും റീബൗണ്ടിൽ ബാസ്ക്വെറ്റ്സിന്റെ ഇടപെടലിന് പിന്നാലെ മെസ്സി സമനില ഗോൾ നേടി. ഗ്രീസ്മാന്റെ ഗോളും മെസ്സിയുടെ ബ്രില്ല്യന്റ് ഫ്രീകിക്കും 3-1 ന്റെ ലീഡ് വൈകാതെ തന്നെ ബാഴ്സലോണക്ക് നൽകി.എന്നാൽ സോളറുടെ 30യാർഡ് സ്ക്രീമറിലൂടെ വലൻസിയ തിരിച്ചടിച്ചു. 34 മത്സരങ്ങൾക്ക് ശേഷം 74 പോയന്റുമായി മൂന്നാമതാണ് ബാഴ്സലോണ. രണ്ടാമതുള്ള റയലിനും 74 പോയന്റാണുള്ളത്. 76‌പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള അത്ലെറ്റിക്കോ മാഡ്രിഡിനെയാണ് ഇനി ലാ ലീഗയിൽ ബാഴ്സലോണ നേരിടേണ്ടത്

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ യുവന്റസിന് നിർണായക വിജയം. ഇന്നലെ ഉദിനീസിനെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാന ഏഴു മിനുട്ടിൽ നേടിയ ഇരട്ട ഗോളുകളാണ് യുവന്റസിന് വിജയം നൽകിയത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. കളിയുടെ തുടക്കത്തിൽ തന്നെ മൊളിനയിലൂടെ ഉഡിനെസെ ആണ് ലീഡ് എടുത്തത്‌. പത്താം മിനുട്ടിലെ ആ ഗോളിന് മറുപടി പറയാൻ 83ആം മിനുട്ട് വരെ യുവന്റസിനായില്ല. 83ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടിയാണ് യുവന്റസിനെ കളിയിലേക്ക് തിരികെയെത്തിച്ചത്‌. റൊണാൾഡോ നേടിയ പെനാൽറ്റി അദ്ദേഹം തന്നെ വലയിൽ എത്തിക്കുക ആയിരുന്നു.


പിന്നാലെ 89ആം മിനുട്ടിൽ വീണ്ടും റൊണാൾഡോ യുവന്റസിന്റെ രക്ഷയ്ക്ക് എത്തി. ഈ ഗോളോടെ യുവന്റസിനായി റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 99 ആയി.ഈ വിജയത്തോടെ യുവന്റസിന് 69 പോയിന്റായി. രണ്ടാമതുള്ള അറ്റലാന്റയ്ക്കും മൂന്നാമതുള്ള യുവന്റസിനും നാലാമതുള്ള മിലാനും 69 പോയിന്റ് വീതമാണ് ഉള്ളത്. നാപോളിയും അറ്റ്ലാന്റായും സമനില വഴങ്ങിയത് യുവന്റസിനെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം എതിരില്ലാത്ത നാല് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഗാരെത് ബേൽ നേടിയ ഹാട്രിക്കിന്റെ പിൻബലത്തില്ലായിരുന്നു ടോട്ടൻഹാമിന്റെ ജയം. 36 ആം മിനുട്ടിൽ സെർജ് ഓറിയർ കൊടുത്ത പാസിൽ നിന്നുമാണ് ബൈൽ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ 61 ,69 മിനുട്ടുകൾ ഗോൾ നേടി ബെയ്ൽ ഹാട്രിക്ക് പൂർത്തിയാക്കി. 77 ആം മിനുട്ടിൽ സോൺ ഹ്യൂങ്-മിൻ ടോട്ടൻഹാമിന്റെ പട്ടിക പൂർത്തിയാക്കി.34 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി നാലാം സ്ഥാനത്താണ് ടോട്ടൻഹാം.

മറ്റു മത്സരത്തിൽ ന്യൂകാസ യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം തന്നെ സ്വന്തമാക്കി.ഒരു ഗോളും ഒരു അസിസ്റ്റും ആയി ഒബാമയങ്ങാണ് ആഴ്സണലിന്‌ വേണ്ടി തിളങ്ങിയത്.വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് ആഴ്സണൽ ഒരു മത്സരം വിജയിച്ചത്. ഒബാമയങ്ങിന്റെ പാസിൽ നിന്ന് ഈജിപ്ഷ്യൻ താരം എൽ നെനിയുടെ അഞ്ചാം മിനുട്ടിൽ തന്നെ ഗണ്ണേഴ്‌സ്‌ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ യുവതാരം മാർടിനെല്ലിയുടെ പാസിൽ നിന്ന് ഒബാമയങ്ങും ഗോൾ നേടി. ഈ വിജയത്തോടെ ആഴ്സണൽ 49 പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്ത് എത്തി.