കൂമാനെ പുറത്താക്കിയിട്ടും ബാഴ്‌സലോണയ്ക്ക് വിജയമില്ല ; തുടർച്ചയായ തോൽവി നേരിട്ട് യുവന്റസ്

പരിശീലകൻ റൊണാൾഡ്‌ കൂമാനെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് വിജയിക്കനായില്ല.ഇന്നലെ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ അലാവസ്‌ ബാഴ്‌സയെ സമനിലയിൽ തളച്ചത്.കളി 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ബാഴ്സലോണ ലീഡ് എടുത്തു.ഡിപായ് ആണ് 49ആം മിനുട്ടിൽ ബാഴ്സലോണക്ക് ലീഡ് നൽകിയത്. എന്നാൽ മൂന്ന് മിനുട്ടുകൾ മാത്രമെ ആ ലീഡ് നീണ്ടുനിന്നുള്ളൂ.

52ആം മിനുട്ടിൽ റിയോജ ആണ് അലവാസിന് ലീഡ് നൽകിയത്. ഈ സമനിലയോടെ ബാഴ്സലോണ 9ആം സ്ഥാനത്തേക്ക് താഴ്ന്നു. 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 16 പോയിന്റ് മാത്രമേ ബാഴ്സക്ക് ഉള്ളൂ. മത്സരത്തിനിടയിൽ വെച്ച് സ്ട്രൈക്കർ അഗ്വേറോക്ക് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടു. താരത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അഗ്വേറോയെ ഹൃദയ പരിശോധനക്ക് വിധേയനാക്കും. താരത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ട എന്നാണ് ഇപ്പോൾ ബാഴ്സലോണ ക്ലബ് പറഞ്ഞിരിക്കുന്നത്.

സിരി എയിൽ യുവന്റസിന് തുടർച്ചയായ രണ്ടാം തോൽവി. വെറോണയാണ് 2-1ന് യുവന്റസിനെ മലർത്തിയടിച്ചത്. 11, 14 മിനിറ്റുകളിൽ ജിയോവാനി സിമിയോണി നേടിയ ഗോളുകളാണ് വെറോണയെ ജയത്തിലേക്ക് നയിച്ചത്. യുവന്റസ് 80 ആം മിനിറ്റിൽ മക്കെനിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ സസുവോളോയോട് പരാജയപ്പെട്ട ഇറ്റാലിയൻ വമ്പൻമാർ പതിനൊന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് . 15 പോയിന്റുമായി വെറോണ യുവന്റസിന് ഒപ്പം എത്തി.