❝ലയണൽ മെസ്സി ബാഴ്സലോണക്ക്‌ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുമോ?❞

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ പിഎസ്ജി യെ നേരിടാനൊരുങ്ങുന്ന ബാഴ്സ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ പാദം നൗ ക്യാമ്പിൽ പരാജയപ്പെട്ടെങ്കിലും പാരിസിൽ തിരിച്ചു വരാം എന്നാണ് കൂമനും സംഘവും കണക്കു കൂട്ടുന്നത്.2017 ൽ പിഎസ്ജി ക്കെതിരെ തിരിച്ചു വന്ന പോലെ ഇന്നും സംഭവിക്കുമോ എന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ റെഡ് ഹോട്ട് ഫോമിലാണ് ബാഴ്സ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചാമ്പ്യൻസ് ലീഗ് ബാഴ്സയ്ക്കും മെസ്സിക്കും അന്യമായിക്കൊണ്ടിരിക്കുകയാണ്. 2018 -19 സീസണിൽ ചാമ്പ്യൻസ് ലീഗ് ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ട് വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും ക്വാർട്ടറിൽ റോമയോട് പരാജയപ്പെട്ട പുറത്തു പോയി. 2019 -20 സീസണിൽ സെമി ഫൈനലിൽ ആദ്യ പാദത്തിൽ 3-0 ന് ജയിച്ച ബാഴ്സ രണ്ടാം പാദത്തിൽ ആൻഫീൽഡിൽ നാലു ഗോളുകൾക്ക് പരാജയപ്പെട്ട് പുറത്തു പോയി. കഴിഞ്ഞ വർഷം ബയേൺ മ്യൂണിക്കിനോട് 8 -2 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി പുറത്തേക്ക് പോയി.

ആറ് വർഷങ്ങൾക്ക് മുൻപ് 2015 ലാണ് ബാഴ്സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.യഥാക്രമം 2016 ലും 2017 ലും അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെയും യുവന്റസിനോടും പരാജയപെട്ടാണ് ചമപ്യൻസ് ലീഗിൽ നിന്നും പുറത്തായത്. മെസ്സിയെ സംബന്ധിച്ച ഇന്നത്തെ മത്സരം വലിയൊരു വെല്ലുവിളി തന്നെയാണ് ,2017 ൽ നെയ്മറും കഴിഞ്ഞ സീസണിൽ സുസ്വരസും പോയതിനു ശേഷം ബാഴ്സയുടെ പ്രകടനത്തിൽ വലിയ കുറവാണുണ്ടായത്. ഇവർക്ക് പകരക്കാരായി പലരും എത്തിയെങ്കിലും മെസ്സിയുമായി കൂട്ട്കെട്ട് സ്ഥാപിക്കാനായില്ല. നിലവിൽ ബാഴ്സയും മെസ്സിയും മികച്ച ഫോമിൽ തന്നെയാണ്.

ലീഗിൽ 14 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറികൊണ്ടിരിക്കുകയാണ്. ലാ ലീഗയിലെ ഗോൾ സ്കോറിന് ചാർട്ടുകളിൽ മുന്നിലാണ് മെസ്സി. അടുത്ത കാലത്തായി മൂന്ന് കേന്ദ്ര പ്രതിരോധക്കാരെയും രണ്ട് വിംഗ് ബാക്കുകളെയും ഉൾപ്പെടുത്തി 3 -5 -2 എന്ന ശൈലിയിൽ കളിക്കാരെ വിന്യസിക്കുന്ന കൂമന്റെ തന്ത്രങ്ങൾ വിജയിക്കുന്നതാണ് നാം കണ്ടത്.സെവില്ലയ്‌ക്കെതിരായ കോപ ഡെൽ റേ സെമി ഫൈനലിലെ വൻ തിരിച്ചു വരവ് ബാഴ്സക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും കൂട്ടിയിട്ടുണ്ട്.എന്നാൽ സെവിയ്യക്കെതിരെ പോലെയുള്ള തിരിച്ചു വരവ് പിഎസ്ജി ക്കെതിരെ അനായാസമാവില്ല.

2016 ലും 2017 ലും2019 ലും മെസ്സി ബാലൺ ഡി ഓർ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് നേടാനായില്ല എന്നത് വലിയ കുറവാണ്‌. ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സി ക്ലബ്ബിൽ നിൽക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലപോർട്ടയുടെ സാനിധ്യം മെസ്സി ബാഴ്സയിൽ തുടരാനുള്ള സാധ്യതകളെ ഉയർത്തി കാണിക്കുന്നുണ്ട്.