ബാഴ്‌സലോണയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സി ധരിക്കുക ഈ താരം

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടതോടെ പത്താം നമ്പർ ജേഴ്സി ആര് ധരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. മെസ്സിയുടെ വിട്ടു പോകൽ ബാഴ്സയിൽ വലിയ ശ്യൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.ബാഴ്‌സലോണയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം നമ്പർ 10 ജേഴ്‌സി അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിനായി റിട്ടയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റൊണാൾഡീഞ്ഞോ അടക്കമുള്ള മുൻ ഇതിഹാസ താരങ്ങൾ ഇതേ ആവശ്യം മുൻപ് ഉന്നയിച്ചിരുന്നു. ലാലിഗ നിയമ പ്രകാരം 1 മുതൽ 25 വരെയുള്ള ജേഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എത്ര വലിയ ഇതിഹാസമായാലും സ്പെയിനിൽ ജേഴ്സി റിട്ടയർ ചെയ്യാൻ സാധിക്കുകയില്ല.

ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ കൗട്ടീഞ്ഞോക്ക് പത്താം നമ്പർ നൽകാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ കൗട്ടീഞ്ഞോയുടെ ജേഴ്സി നമ്പർ 14 ധരിച്ചിരുന്നത് മനാജ് ആയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ ബാഴ്സക്ക് കൂടുതൽ മുന്നേറാൻ സാധിക്കുമോ എന്ന സംശയം ഉണ്ടായെങ്കിലും മത്സരത്തിന്റെ മുഴുവൻ സമയത്തും ബാഴ്‌സ എതിരാളികളിൽ ആധിപത്യം സ്ഥാപിച്ചു. ആദ്യ പകുതിയുടെ അധികസമയത്തും കളിയുടെ 59-ാം മിനിറ്റിലും മാർട്ടിൻ ബ്രൈത്‌വെയ്റ്റിന്റെ ഇരട്ട ഗോളുകളോടെ ബാഴ്സ മത്സരം 4-2 ന് നേടി.

ഫിലിപ്പ് കുട്ടീഞ്ഞോക്ക് ആദ്യ മത്സരം നഷ്ടപ്പെട്ടെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ മെസ്സി ഒഴിഞ്ഞു വെച്ച് പോയ പത്താം നമ്പറിലാവും ബ്രസീലിയൻ എത്തുക.ഇത്രയും വർഷങ്ങളായി മെസ്സിയുടെ വ്യക്തിത്വമായിരുന്ന പത്തം നമ്പർ ജേഴ്‌സിക്ക് കുട്ടീഞ്ഞോ അവകാശിയാവും. മെസി തന്റെ പുതിയ ക്ലബായ പാരീസ് സെന്റ് ജെർമെയ്നിനായി 30 ജേഴ്സി നമ്പറായി തിരഞ്ഞെടുത്തു. തന്റെ മുൻ ബാർസ സഹതാരത്തിന് തന്റെ നമ്പർ 10 നൽകാൻ നെയ്മർ തയ്യാറായെങ്കിലും മെസ്സി 30 തെരഞ്ഞെടുക്കുകയായിരുന്നു.

ബാഴ്‌സയുടെ മുഖ്യ പരിശീലകൻ റൊണാൾഡ് കോമാൻ ലയണൽ മെസ്സി യുഗത്തിന്റെ ആദ്യ മത്സരത്തിലെ തന്റെ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തി.“ ആളുകൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത് വളരെ സന്തോഷകരമായിരുന്നു, അവർ ടീമിനൊപ്പം ഉണ്ടായിരുന്നു, ഇത് ആരാധകരുള്ള മറ്റൊരു ലോകമാണ്, ഹോം ഗ്രൗണ്ടിൽ കൂടുതൽ ശക്തരാവാൻ അവരുടെ പിന്തുണ ആവശ്യമാണ്.എല്ലാ അർത്ഥത്തിലും ഇത് ഒരു മികച്ച മത്സരമായിരുന്നു “. ബാഴ്‌സ താരങ്ങളായ എറിക് ഗാർസിയയും മെംഫിസ് ഡിപേയും തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ മതിപ്പുളവാക്കി. അരങ്ങേറ്റക്കാരെ പ്രശംസിച്ചുകൊണ്ട് കോമൻ കൂട്ടിച്ചേർത്തു,.

“മെംഫിസിന് ഒരു മികച്ച ഗെയിം തന്നെയായിരുന്നു.ഗാർഷ്യ വളരെ നന്നായി കളിച്ചു, അവൻ നല്ല തീരുമാനങ്ങൾ എടുത്തു. ഞങ്ങളുടെ പ്രതിരോധം മികച്ചതായിരുന്നു ,എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ ഞങ്ങൾക്ക് ഏകാഗ്രത ഇല്ലായിരുന്നു. “മെസ്സി ഇപ്പോഴും ഉണ്ടായിരിക്കാൻ ടീമിന് താൽപ്പര്യമുണ്ടെന്നും അദ്ദേഹം സമ്മതിച്ചു, എന്നാൽ ടീമിന്റെ പ്രകടനത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ഇരട്ട ഗോളുകൾ നേടി ടീമിന് ഒരു മാതൃക സൃഷ്ടിച്ചതിന് മാർട്ടിൻ ബ്രൈത്‌വൈറ്റിനെ പ്രശംസിക്കുകയും ചെയ്തു