“സിരി എ യിൽ ഗോൾ വർഷവുമായി ഇന്റർ മിലാൻ ; ബുണ്ടസ് ലീഗിൽ പതിവ് വിജയവുമായി ബയേൺ മ്യൂണിക്ക്”

സിരി എയിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യൻമാരായ ഇന്റർമിലാൻ. സലർനിറ്റാനയെ ഏകപക്ഷീയമായ 5 ഗോളിനാണ് ഇന്റർ തകർത്തുവിട്ടത്. പെരിസിച്ച്, ഡംഫ്രിസ്‌, അലക്സി സാഞ്ചസ്, ലൗട്ടാരോ മാർട്ടീനസ്, ഗാഗ്ലിയാർഡിനി എന്നിവരാണ് സലർനിറ്റാനയുടെ വല നിറച്ചത്.43 പോയിന്റുമായി ഇന്റർ ഒന്നാം സ്ഥാനത്താണ്, ഞായറാഴ്‌ച വൈകുന്നേരം നാപ്പോളിയുമായി ഏറ്റുമുട്ടുന്ന എസി മിലാനെക്കാൾ നാലു ലീഡ്.സിരി എയിൽ ഈ വർഷം 100 ഗോളുകൾ അടിച്ച് ഇന്റർമിലാൻ. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷം ഇന്റർ 100 ഗോളുകൾ തികയ്ക്കുന്നത്.അവസാന അഞ്ച് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയിക്കുകയും പത്ത് മത്സരങ്ങൾ തോൽക്കാതെ മുന്നേറുകയും ചെയ്യുന്ന ഇന്റർ മിലാൻ മികച്ച ഫോമിലാണ്.

മറ്റൊരു മത്സരത്തിൽ ലാസിയോ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജനോവയെ തകർത്തു വിട്ടു.പെഡ്രോ (36 ‘) ഫ്രാൻസെസ്കോ അസെർബി (75’) മാറ്റിയ സക്കാഗ്നി (81 ‘) എന്നിവർ ലാസിയോക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ഫിലിപ്പോ മെലെഗോണി (86’) ജനോവയുടെ ആശ്വാസ ഗോൾ നേടി. 18 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ലാസിയോ.ജനോവ 19 ആം സ്ഥാനത്താണ്.

ജർമൻമ്യൂണിക്ക് എതിരില്ലാത്ത നാല് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തി.ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ എന്ന റെക്കോർഡ് റോബർട്ട് ലെവൻഡോവ്സ്കി തകർക്കുകയും ചെയ്തു.1972-ൽ നിന്ന് ഗെർഡ് മുള്ളറുടെ 42-ഗോൾ എന്ന റെക്കോർഡാണ് പോളിഷ് സ്‌ട്രൈക്കർ സ്വന്തം പേരിൽ ആക്കിയത്. ഏഴാം മിനുട്ടിൽ മുള്ളർ ആണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്.

57 ആം മിനുട്ടിൽ ദയോട്ട് ഉപമെക്കാനോയും , 59 ആം മിനുട്ടിൽ ലെറോയ് സാനെയും 87 ആം മിനുട്ടിൽ ലെവെൻഡോസ്‌കിയുമാണ് ബയേണിന്റെ ഗോളുകൾ നേടിയത്.ലെവൻഡോവ്‌സ്‌കി ഇപ്പോൾ 19 ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്, ഈ സീസണിൽ വോൾഫ്‌സ്ബർഗ് ടീമിനെക്കാൾ രണ്ട് ഗോളുകൾ കൂടുതൽ നേടാനായിട്ടുണ്ട്.തുടർച്ചയായ 10-ാം ലീഗ് കിരീടം പിന്തുടരുന്ന ബയേൺ, 43 പോയിന്റുമായി ഒന്നാമതാണ്.൩൪ പോയിന്റുമായി ഡോർട്ട്മുണ്ടാണ് രണ്ടാമത്.