❝ ഇനി 💛💙 കളി മാറാണ് മോനെ
ബുണ്ടസ് ലീഗ ⚽👔 പരിശീലകൻ
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ❞

ഓരോ സീസൺ ആരംഭിക്കുമ്പോഴും ടീമിൽ എത്തിക്കുന്ന പരിശീലകരെ സീസണിന് ഇടയിലോ അല്ലെങ്കിൽ സീസൺ അവസാനിപ്പിക്കുമ്പോഴോ പുറത്താക്കുന്നതിൽ കുപ്രസിദ്ധി നേടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ടീം കളിച്ച സീസണുകളെക്കാൾ കൂടുതൽ പരിശീലകർ ക്ലബ്ബിനെ കഴിഞ്ഞ വർഷങ്ങളിൽ നിയന്ത്രിച്ചിട്ടുണ്ട്.പരിശീലകരെ തുടർച്ചയായി മാറ്റുന്നതിന് യാതൊരു മടിയുമില്ലാത്ത ക്ലബ്ബായി ബ്ലാസ്റ്റേഴ്‌സ് മാറി . എല്ലാ സീസണുകളിലും പരിശീലകരെ മാറ്റിക്കൊണ്ടേയിരിക്കുന്ന അവർ 2021-22 സീസണ് മുന്നോടിയായും പുതിയ പരിശീലകനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികൂന സ്ഥാനമൊഴിയുന്നത്. വികൂന പോയതിനു ശേഷം ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. മുൻ ബ്രസീലിയൻ പരിശീലകൻ ലൂയി ഫിലിപ്പെ സ്‌കൊളാരിയുടെ പേര് മുതൽ മുൻ ബാഴ്സ താരത്തിന്റെ പേര് വരെ ഉയർന്നു വന്നു.ഏപ്രിൽ അവസാനത്തോടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ആദ്യം വന്ന സൂചനകൾ. എന്നാൽ ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. എന്നാൽ പുതിയ പരിശീലകനെ ക്ലബ് തീരുമാനിച്ചുകഴിഞ്ഞു എന്നും സൂചനകളുണ്ട്. ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തേക്ക് പീറ്റർ ബോസിനെ പരി​ഗണിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നത്.


രണ്ട് മാസം മുമ്പ് ബുണ്ടസ്‌ലീഗ ക്ലബ് ബയേർ ലെവർക്യൂസനെ പരിശീലിപ്പിച്ചിരുന്ന ബോസിപ്പോൾ, ബ്ലാസ്റ്റേഴ്സിന്റെ അവസാന സാധ്യതാപട്ടികയിൽ ഇടം പിടിച്ചെന്നാണ് ഐ.എഫ്.ടിന്യൂസ് മീഡിയ എന്ന ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് പുറത്തുവന്നതോടെ ആരാധകർ ഇത് സത്യമാണോ എന്നറിയാനുള്ള അന്വേഷണത്തിലാണ്.ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടാനുള്ള സാധ്യത മങ്ങിയതോടെ ബോസിനെ ലെവർക്യൂസൻ മാർച്ചിൽ പുറത്താക്കിയിരുന്നു. തുടർന്നിതുവരെ മറ്റൊരു ക്ലബിലും ഈ ഡച്ച് പരിശീലകൻ ചേർന്നിട്ടില്ല. ഇത്രയും കാര്യങ്ങൾ മാത്രമെ തൽക്കാലം സ്ഥിരീകരിക്കാനാകു.

ബോസ് ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെയാണ് സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ പറയുന്നത്. രണ്ട് മാസം മുമ്പ് വരെ ബുണ്ടസ്‌ലീഗയിലുണ്ടായിരുന്ന പരിശീലകന് നൽകേണ്ടിവരുന്ന പ്രതിഫലം തന്നെയാണ് ഇതിന് തടസമായി മാർക്കസ് ചൂണ്ടിക്കാട്ടുന്നത്.

ബ്ലാസ്റ്റേഴ്സിന് എന്തെങ്കിലും കനത്ത ഡിസ്കൗണ്ട് ലഭിച്ചാലല്ലാതെ ഇത്തരമൊരു നീക്കം നടക്കില്ല എന്നും മാർക്കസ് വ്യക്തമാക്കി.ലെവർക്യൂസൻ വിട്ടിട്ട് രണ്ട് മാസമായെങ്കിലും അടുത്ത തട്ടകം ബോസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബുമായി പോലും ഇപ്പോൾ ബോസിന്റെ പേര് ചേർത്ത് പറയപ്പെടുന്നില്ല.