❝ബുണ്ടസ് ലീഗയിൽ ബയേൺ കിരീടം ചൂടിയപ്പോൾ ,സിറ്റിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും ; തകർപ്പൻ ജയത്തോടെ കിരീടം വിജയം ആഘോഷിച്ച് ഇന്റർ മിലാൻ❞

പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാൻ ഒരു ജയം മാത്രം അകലെയായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനിയും കാത്തിരിക്കണം. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സലായി കണ്ട ഇന്നലത്തെ മത്സരത്തിൽ ചെൽസിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സിറ്റി പരാജയപെട്ടു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിലെ ഗോളിലാണ് ചെൽസി വിജയിച്ചത്. ആദ്യ പകുതിയിൽ അഗ്വേറോ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് സിറ്റിക്ക് വിനയായി.

ആദ്യ പകുതിയിൽ സ്റ്റെർലിങ് ആണ് മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ എത്തിച്ചത് .43ആം മിനുട്ടിൽ അഗ്വേറൊയുടെ പാസിൽ നിന്നായിരുന്നു ഗോൾ.ഈ ഗോളിന് പിന്നാലെ 45ആം മിനുട്ടിൽ സിറ്റിക്ക് ലീഡ് ഇരട്ടിയാക്കാൻ അവസരം ലഭിച്ചു. പക്ഷെ കിട്ടിയ പെനാൾട്ടി അഗ്വേറോ എടുത്തെങ്കിലും മെൻഡി ചെൽസിയുടെ രക്ഷകനായി.63ആം മിനുട്ടിൽ അസ്പിലികെറ്റയുടെ പാസിൽ നിന്ന് ഒരു ഇടൻ കാലൻ ഷോട്ടിലൂടെ ഹകിം സിയെച് ചെൽസിക്ക് സമനില നേടിക്കൊടുത്തു.78ആം മിനുറ്റിൽ വെർണറിലൂടെയും 80ആം മിനുട്ടിൽ ഹുഡ്സൺ ഒഡോയിയിലൂടെയും ചെൽസി വല കുലുക്കി എങ്കിലും രണ്ടും ഓഫ്സൈഡ് ആയിരുന്നു.

എന്നാൽ കൂടുതൽ ആക്രമിച്ചു കളിച്ച ചെൽസി 93ആം മിനുട്ടിൽ വെർണറിന്റെ പാസിൽ നിന്ന് അലോൺസോയിലൂടെ വിജയ ഗോൾ നേടി.ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഇത് വലിയ ഊർജ്ജമായി ഈ വിജയം.ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 80 പോയിന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 67 പോയിന്റും. ഇനി സിറ്റിക്ക് അവശേഷിക്കുന്നത് 3 മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് നേടുകയോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പരാജയപ്പെടുകയോ ചെയ്താൽ സിറ്റിക്ക് കിരീടം നേടാം. ചെൽസി 64 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.


ജർമൻ ബുണ്ടസ്ലീഗയിൽ തുടർച്ചയായ ഒന്പതാം കിരീടത്തിൽ മുത്തമിട്ട് ബയേൺ മ്യൂണിക്ക്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലൈപ്സിഗ് ഡോർട്ട്മുണ്ടിനോട് പരാജയപ്പെട്ടതിനെ തൂടർന്ന്‌ ബയേൺ കിരീടം ഉറപ്പിക്കുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ എതിരില്ലാതെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി ബയേൺ കിരീട വിജയം ആഘോഷമാക്കി. സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോസ്‌കി ഹാട്രിക്ക് നേടിയപ്പോൾ മുള്ളർ ,കോമൻ ,സനേ എന്നിവർ ഓരോ ഗോളും നേടി. ഹാട്രിക്കോട് കൂടി ലീഗിൽ തന്റെ ഗോൾ സമ്പാദ്യം 39 ആക്കി ഉയർത്താൻ ലെവെൻഡോസ്‌കിക്കായി.

2012-13 സീസൺ മുതൽ ബയേൺ മാത്രമെ ബുണ്ടസ് ലീഗ നേടിയിട്ടുള്ളൂ. മൊത്തത്തിൽ ബയേണിന്റെ 31ആം ജർമ്മൻ ലീഗ് കിരീടമാണിത്. 9 ലീഗ് കിരീടമുള്ള നുൻബർഗും, 8 ലീഗ് കിരീടം ഉള്ള ഡോർട്മുണ്ടും ആണ് ബയേണ് പിറകിൽ വിദൂരത്തിൽ എങ്കിലും ഉള്ളത്. ക്ലബ് വിടാൻ ഒരുങ്ങുന്ന പരിശീലകൻ ഹാൻസി ഫ്ലിക്കിന് ഇത് ഒരു വർഷത്തിനിടയിലെ ഏഴാം കിരീടവുമാണ്.

സാഞ്ചോ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡോർട്മുണ്ട് ലൈപ്സിഗിനെ പരാജയപ്പെടുത്തിയത്. 87 ആം മിനുട്ടിലാണ് സാഞ്ചോ ഡോർട്മുണ്ടിന്റെ വിജയ ഗോൾ നേടിയത്. വിജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ ഡോർട്മുണ്ട് സജീവമാക്കി.

ഇറ്റാലിയൻ ലീഗിലെ കിരീട വിജയം ഗോൾ വർഷത്തോടെ ആഘോഷിച്ച് ഇന്റർ മിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ സാംപ്‌ഡോറിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയമാണ് സ്വന്തമാക്കിയത്‌. ഇരട്ട ഗോളുകളുമായി അലക്സിസ് സാഞ്ചസാണ് ഇന്ന് ഇന്ററിന്റെ വിജയ ശില്പിയായത്.26ആം മിനുട്ടിലും 36ആം മിനുട്ടിലുമായിരുന്നു സാഞ്ചസിന്റെ ഗോളുകൾ. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ പിനമൊണ്ടിയും 70ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ലൗട്ടാരോ മാർട്ടിനസും ഇന്ററിനായി ഗോൾ നേടി. 35 ആം മിനുട്ടിൽ ബാൽഡെ കീറ്റ സാംപ്‌ഡോറിയയുടെ ആശ്വാസ ഗോൾ നേടി.