❝ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രക്ക് സമ്മാന പെരുമഴ❞

ജാവലില്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടി റെക്കോര്‍ഡിട്ട് നീരജ് ചോപ്രക്ക് സമ്മാനപ്പെരുമഴ. ക്രിക്കറ്റ് സംഘടനയായ ബിസിസിഐ ഒരു കോടി രൂപയാണ് താരത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 2008ല്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയ ശേഷം ഇന്ത്യ നേടുന്ന ആദ്യ വ്യക്തിഗത മെഡലാണിത്. രാജ്യം മുഴുവന്‍ താരത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് വലിയൊരു തുക സമ്മാനമായി ബിസിസിഐ പ്രഖ്യാപിച്ചത്.

ബി.സി.​സി.ഐക്കു പുറമെ ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്​സും​ താരത്തിന്​ ഒരു കോടി രൂപ പ്രഖ്യാപിച്ചു​. താരം ഒളിമ്പിക്​സിൽ എറിഞ്ഞിട്ട 87.58 മീറ്റർ ദൂരത്തിന്‍റെ സ്​മരണക്കായി ‘8758’ നമ്പറിൽ പ്രത്യേക ജഴ്​സിയും സി.എസ്​.കെ പുറത്തിറക്കും.ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇന്ത്യ ഇത്തവണ കാഴ്ച്ചവെച്ചത്. ഏഴ് മെഡല്‍ നേടിയിട്ടുണ്ട് ഇന്ത്യ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആറ് മെഡല്‍ നേടിയതായിരുന്നു ഇതിന് മുമ്പുള്ള മികച്ച നേട്ടം.

അതേസമയം ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് നീരജ് ചോപ്രയുടെ നേട്ടത്തിനുള്ള സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആനന്ദ് മഹീന്ദ്ര എസ്‌യുവി 700 ആണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് വന്നാല്‍ ഉടന്‍ ഈ കാര്‍ നല്‍കുമെന്നാണ് സൂചന. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തന്നെയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.വെള്ളി നേടി മീരഭായ് ചാനുവിനും രവികുമാര്‍ ദാഹിയക്കും 50 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാവായ പിവി സിന്ധുവിനും, ലവ്‌ലിന് ബോര്‍ഗോഹെയിനും ബജ്രംഗ് പൂനിയക്കും 25 ലക്ഷം രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ബിസിസിഐ. അതേസമയം 41 വര്‍ഷത്തിന് പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് 1.25 കോടി രൂപ സമ്മാനത്തുകയായി ബിസിസിഐ നല്‍കും.