ചെന്നൈ താരങ്ങൾക്ക് ക്വാറന്റീനിൽ കൂടുതൽ ഇളവുകൾ,വെട്ടിലായി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണുമായി ബന്ധപ്പെട്ട് വിവാദമൊഴിയുന്നില്ല.വിദേശ താരങ്ങളുടെ ക്വാറന്റീന്‍ കാലയളവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.ചെന്നൈ സൂപ്പർ കിങ്സിന്റെ വിദേശ താരങ്ങൾക്ക് ക്വാറന്റീന്‍ കാലയളവിൽ ഇളവ് അനുവദിച്ച ബിസിസിഐ, മറ്റു ടീമുകളുടെ താരങ്ങളുടെ കാര്യത്തിൽ കടുംപിടിത്തം നടത്തുന്നതായാണ് ആരോപണം. ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയ്ക്കുശേഷം 21 താരങ്ങളാണ് ചാർട്ടേഡ് വിമാനത്തിൽ ഐപിഎല്ലിനായി മാഞ്ചസ്റ്ററിൽനിന്ന് ദുബായിൽ വന്നിറങ്ങിയത്. ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ തുടർന്ന് ഇവരുടെ ആറു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ 36 മണിക്കൂറാക്കി ബിസിസിഐ ഇളവു ചെയ്തിരുന്നു.

ബയോ സെക്യുർ ബബ്ളിൽനിന്ന് ചാർട്ടേർഡ് വിമാനത്തിൽ എത്തിയ സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ, ചെന്നൈ താരങ്ങൾ ഇളവു ചെയ്ത കാലയളവും പാലിച്ചില്ലെന്നാണ് വിമർശനം.ഈ സംഘത്തിനൊപ്പം എത്തിയ ചെന്നൈയുടെ ഓസീസ് താരം ജോഷ് ഹെയ്‌സൽവുഡും ഇംഗ്ലിഷ് താരം സാം കറനും 36 മണിക്കൂർ ക്വാറന്റീൻ പൂർത്തിയാക്കും മുൻപ് ടീമിനൊപ്പം ചേർന്നെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ സാം കറൻ ചെന്നൈയുടെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നു. വ്യാഴാഴ്ച മാത്രം ദുബായിലെത്തിയ കറനും ഹെയ്‍സൽവുഡും പിന്നീട് ദുബായിൽനിന്ന് ബസിലാണ് അബുദാബിയിലെത്തിയത്.ഇതിനിടെ 36 മണിക്കൂർ പൂർത്തിയാക്കിയിരുന്നില്ലെന്നാണ് വിമർശനം.

Sam curran and Hazelwood

അതേസമയം, ക്വാറന്റീൻ കാലയളവ് പൂർത്തിയാകാത്തതിനാൽ ഇന്നു നടക്കുന്ന രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ രാജസ്ഥാന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‍ലറിന് കളിക്കാൻ അനുവാദവുമില്ല. മറ്റു താരങ്ങൾ ചാർട്ടേർഡ് വിമാനത്തിൽ എത്തിയപ്പോൾ, കുടുംബാംഗങ്ങൾക്കൊപ്പം പ്രത്യേക വിമാനത്തിൽ എത്തിയ ബട്‌ലറിന്റെ ക്വാറന്റീൻ കാലാവധി ഇളവു ചെയ്യാത്ത സാഹചര്യത്തിലാണിത്. മാഞ്ചസ്റ്ററിൽനിന്ന് ദുബായിലെത്തിയ സാം കറനും ജോഷ് ഹെയ്‌സൽവുഡിനും 36 മണിക്കൂർ ക്വാറന്റീനാണ് ബിസിസിഐ നിഷ്കർഷിച്ചിരുന്നത്. എന്നാൽ, അതുപോലും പൂർത്തിയാക്കാതെയാണ് ഇരുവരും ടീമിനൊപ്പം ചേർന്നതെന്നാണ് വിമർശനം.

ഇക്കാര്യത്തിൽ ബിസിസിഐയുടെ ഇരട്ടത്താപ്പ് പ്രകടമാണ്. എല്ലാവർക്കുമൊപ്പം ഇവരുടെയും ക്വാറന്റീൻ കാലായളവ് ബിസിസിഐ ഇളവു െചയ്തു നൽകിയെങ്കിലും ആ 36 മണിക്കൂർ പോലും അവർ പൂർത്തിയാക്കിയില്ല.മത്സരത്തിനു നാലു മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നതിനാൽ 36 മണിക്കൂർ പൂർത്തിയാക്കും മുൻപ് അവർ ക്വാറന്റീൻ അവസാനിപ്പിച്ചു’ – വിമർശകർ ചൂണ്ടിക്കാട്ടുന്നു.

(കടപ്പാട്)