❝ പോർച്ചുഗലിനെ 🇵🇹💔 തീർത്തു ബെൽജിയം 💪🇧🇪 പുലികൾ 🏆😍 ക്വാർട്ടറിൽ, ഹോളണ്ടും 🇳🇱🤦‍♂️ നാട്ടിലേക്ക് മടങ്ങി ❞

നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടർ കാണാതെ പുറത്ത് .ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റൊണാൾഡോക്കും കൂട്ടർക്കും യൂറോയിൽ നിന്നും മടക്ക ടിക്കറ്റ് നൽകിയത്. തോർഗാൻ ഹസാർഡിന്റെ മികച്ചൊരു ഗോളാണ് ബെൽജിയത്തിനു വിജയം സമ്മാനിച്ചത്. സൂപ്പർ താരം റൊണാൾഡോക്ക് പോർചുഗലിനായി കാര്യമായി ഒന്നും ചെയ്യാനായില്ല.

സ്പെയിനിലെ സെവിയ്യയിൽ നടക്കുന്ന മത്സരത്തിൽ 4 -3 -3 ശൈലിയിൽ ഇറങ്ങിയ പോർച്ചുഗലിന്റെ 3 -4 -3 ശൈലിയിലാണ് ബെൽജിയം നേരിട്ടത്. റൈറ്റ് ബാക്ക് നെൽസൺ സെമോഡക്ക് പകരമായി ഡലോട്ടും ഡാനിലോ പെരേരക്ക് പകരം ജോവ പൽ‌ഹിൻ‌ഹ പോർച്ചുഗീസ് ടീം സ്ഥാനം പിടിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെൽജിയമാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ അവസരം ലഭിച്ചത് പോർചുഗലിനായിരുന്നു എന്നാൽ ഡീഗോ ജോട്ടയുടെ ഷോട്ട് ലക്‌ഷ്യം കാണാതെ പുറത്തേക്ക് പോയി. ആദ്യ ഇരുപത് മിനുട്ടിൽ ബെൽജിയമാണ് മത്സരത്തിൽ പന്ത് കൂടുതൽ കൈവശം വെച്ചത്. ബെൽജിയൻ മുന്നേറ്റ നിര നിരന്തരം പോർച്ചുഗീസ് ഡിഫെൻസിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. മറുവശത്ത് റൊണാൾഡോയെ മാത്രം മുൻനിർത്തിയാണ് പോർച്ചുഗൽ മുന്നേറിയത് .

25 ആം മിനുട്ടിൽ റൊണാൾഡോയുടെ താഴ്ന്നു വന്ന ഒരു ഫ്രീകിക്ക് ഗോൾ കീപ്പർ കോർട്ടോയിസ് തട്ടിയകറ്റി. അതിനു ശേഷം പോർച്ചുഗൽ കൂടുതൽ സമയത്തെ പന്ത് കൈവശം വെച്ചു. 37 ആം മിനുട്ടിൽ ബെൽജിയൻ താരം തോമസ് മുനിയർ എടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് നിർഭാഗ്യവശാൽ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 42 ആം മിനുട്ടിൽ ബെൽജിയം മുന്നിലെത്തി. മുനിയർ നൽകിയ പാസിൽ നിന്നും ബോക്സിനു പുറത്തു നിന്നും തോർഗൻ ഹസാഡ് തൊടുത്ത വലം കാൽ ഷോട്ട് പോർച്ചുഗീസ് ഗോൾ കീപ്പറെ മറികടന്ന് വലയിലാക്കി സ്കോർ 1 -0 ആക്കി ഉയർത്തി. ഒന്നാം പകുതിയുടെ അവസാനത്തിൽ സമനില നേടാൻ പോർച്ചുഗൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ബെൽജിയത്തിന്റെ തിരിച്ചടിയോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. പരിക്കേറ്റ സൂപ്പർ താരം കെവിൻ ഡി ബ്രൂയിന് പകരക്കരനായി നാപോളി സ്‌ട്രൈക്കർ ഡ്രൈസ് മെർട്ടൻസ് പിച്ചിലിറങ്ങി. 55 ആം മിനുട്ടിൽ പോർച്ചുഗൽ പരിശീലകൻ രണ്ടു മാറ്റങ്ങൾ കൊണ്ട് വന്നു. പകരക്കാരനായി. ബെർണാഡോ സിൽവയ്ക്ക് പകരം ബ്രൂണോ ഫെർണാണ്ടസും, ജോവാവോ മൗട്ടീനോക്ക് പകരമായി ജോവ ഫെലിക്സ് ഇറങ്ങി. 58 ആം മിനുട്ടിൽ റൊണാൾഡോയുടെ ഒരു മുന്നേറ്റത്തിൽ നിന്നും ബോക്‌സിനുള്ളിൽ നിന്നും ലിവർപൂൾ സ്‌ട്രൈക്കർ ഡിയോഗോ ജോട്ടയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പന്ത് പുറത്തേക്ക് പോയി. കൂടുതെൽ മുന്നേറി കളിച്ച അകാലിച്ച പോർച്ചുഗൽ അവസരങ്ങൾ ഉണ്ടാക്കിയെടുത്തു.60 ആം മിനുട്ടിൽ റെനാറ്റോ സാഞ്ചെസിന്റെ ക്രോസിൽ നിന്നും ഫെലിക്സിന്റെ ഹെഡ്ഡർ നേരെ കീപ്പറുടെ കയ്യിലേക്കായി. 62 ആം മിനുട്ടിൽ ലുകാകുവിന്റെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.

70 ആം മിനുട്ടിൽ നിറം മങ്ങിയ ഡിയോഗോ ജോട്ടക്ക് പകരമായി ആന്ദ്രേ സിൽവയെ പോർച്ചുഗൽ രംഗത്തിറക്കി. പുതിയ താരങ്ങളെ രംഗത്തിറക്കിയെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ പോർചുഗലിനായില്ല. 82 ആം മിനുട്ടിൽ സമനില ഗോൾ നേടാൻ പോർച്ചുഗലിന് സുവർണാവസരം ലഭിച്ചു. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്നും റൂബൻ ഡയസിന്റെ ഹെഡ്ഡർ ബെൽജിയൻ ഗോൾ കീപ്പർ കോർട്ടോയിസ് മനോഹരമായി തട്ടിയകറ്റി. തൊട്ടടുത്ത മിനുട്ടിൽ ലെഫ്റ്റ് ബാക്ക് റാഫേൽ ഗുരേരയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. അവസാന മിനുട്ടുകളിലേക്ക് കടന്നതോടെ പോർച്ചുഗൽ ഗോളിനായി ഇരമ്പി കളിച്ചു. എന്നാൽ ബെൽജിയൻ പ്രതിരോധം പാറ പോലെ ഉറച്ചു നിന്നതോടെ പോർച്ചുഗീസ് മുന്നേറ്റങ്ങൾ വിഫലമായി തീർന്നു.വിജയത്തോടെ ക്വാർട്ടറിൽ എത്തിയ ബെൽജിയത്തെ അവിടെ കാത്തിരിക്കുന്നത് വമ്പന്മാരായ ഇറ്റലിയാണ്.

യൂറോ കപ്പിൽ മുൻ ചാമ്പ്യന്മാരായ ഹോളണ്ട് പ്രീ ക്വാർട്ടറിൽ പുറത്ത് , ഇന്ന് ഹംഗറിയിലെ ബൂഡപെസ്ട് അരീനയിൽ ആയിരകണക്കിന് ആരാധകരുടെ മുന്നിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കാണ് ഹോളണ്ടിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകൾക്കാണ് ചെക്കിന്റെ വിജയം. 55 ആം മിനുട്ടിൽ ഡിഫൻഡർ ഡി ലിറ്റ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ഹോളണ്ട് മത്സരം അവസാനിപ്പിച്ചത്.ചുവപ്പ് കാർഡ് പിറക്കുമ്പോൾ കളി ഗോൾരഹിതമായി നിൽക്കുക ആയിരുന്നു. നിര്‍ഭാഗ്യങ്ങള്‍ വിട്ടൊഴിയാതെ വന്നപ്പോള്‍ ബുദാപെസ്റ്റ് നഗരത്തില്‍ ഒത്തുകൂടിയ അനേകായിരം നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ക്ക് കണ്ണീരോടെ യൂറോ കപ്പിനോട് വിടപറയേണ്ടി വന്നു.

സൂപ്പർ താരങ്ങളടങ്ങിയ ഹോളണ്ടിനെതിരെ ആദ്യ പകുതിയിൽ തന്നെ കരുതിയാണ് ചെക്ക് റിപ്പബ്ലിക്ക് കളിച്ചു തുടങ്ങിയത്. ഗ്രൂപ്പ് മത്സരങ്ങളിലെ പോലെ ഹോളണ്ടിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല ചെക്ക് റിപബ്ലിക്ക് ഹോളണ്ടിനൊപ്പം തന്നെ പിടിച്ചു നിന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഡിപ്പയുടെ നേതൃത്വത്തിൽ ഹോളണ്ട് മുന്നേറ്റം അഴിച്ചു വിട്ടെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. വലതു വിങ്ങിൽ ഡംഫ്രൈസിലൂടെ മികച്ച മുന്നേറ്റങ്ങൾ ഹോളണ്ട് നടത്തി കൊണ്ടിരുന്നു. മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് ഹോളണ്ടിനായിരുന്നു. എന്നാൽ ഡിലിറ്റിനെ ഹെഡർ ഗോൾ വലയ്ക്ക് അകത്തേക്ക് ആയിരുന്നില്ല പോയത്. മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് ഹോളണ്ടിനായിരുന്നു.ഡെയ്‌ലി ബ്ലൈൻഡ് ക്രോസിൽ നിന്നും ഡിലിറ്റിനെ ഹെഡർ ഗോൾ വലയ്ക്ക് അകത്തേക്ക് ആയിരുന്നില്ല പോയത്.

21ആം മിനുട്ടിൽ സെവിക് വലതി വിങ്ങിൽ നിന്ന് നൽകിയ ക്രോസിൽ നിന്ന് സൗചകിന്റെ ഹെഡർ ഹോളണ്ട് ഡിഫൻസിനെ ഒരു നിമിഷം ഞെട്ടിച്ചു.ആദ്യ പകുതി മുന്നോട്ട് പോകുന്തോറും ചെക്ക് മത്സത്തിൽ കൂടുതൽ ആത്മവിശ്വാസംകാണിക്കാൻ തുടങ്ങി.ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ബരാകിനായിരുന്നു. 38ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ചെക്ക് നടത്തിയ മുന്നേറ്റം അവസാനം ബരാകിലെത്തി. പക്ഷെ ഗോൾ വലക്കു തൊട്ടു മുന്നിൽ വെച്ച് ബരാക് എടുത്ത ഷോട്ട് ഡിലിറ്റിന്റെ കാലിൽ തട്ടി പുറത്തേക്ക് പോയി. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ഹോളണ്ടിനായില്ല.

ഹോളണ്ടിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. മെംഫിസ് ഡിപെയില്‍ നിന്നും വാങ്ങിയ പന്തുമായി മലേന്‍ ചെക് ബോക്‌സിലെത്തുമ്പോള്‍ കീഴ്‌പ്പെടുത്താന്‍ ഗോള്‍ കീപ്പര്‍ മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ തോമസ് വാക്ലിക്കിനെ കബളിപ്പിക്കാന്‍ മലേനായില്ല അദ്ദേഹത്തിന് ഷോട്ട് എടുക്കാനായില്ല ഗോൾ കീപ്പർ പന്ത് കൈപ്പിടിയിലൊതുക്കി . ഇതിനു പിന്നാലെയാണ് മത്സരത്തിലെ വലിയ വഴിത്തിരിവായി ഡിലീറ്റിന്‌ ചുവപ്പു കാർഡ് ലഭിക്കുന്നത്.പാട്രിക്ക് ഷിക്കിന്റെ മുന്നേറ്റം തടയുന്നതിനിടയിൽ മനപ്പൂർവ്വം പന്ത് കൈകൊണ്ട് തട്ടി അകറ്റിയതിനാണ് ഡിലിറ്റിന് ചുവപ്പ് കാർഡ് കിട്ടിയത്. താരത്തിന്റെ പക്വതയില്ലാത്ത പെരുമാറ്റത്തിന് ഹോളണ്ട് വലിയ വില കൊടുക്കേണ്ടി വന്നു.

ഹോളണ്ട് പത്തു പേരായി ചുരുങ്ങിയതോടെ ചെക്ക് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 64ആം മിനുട്ടിൽ കദർബെകിന്റെ ഒരു ഷോട്ട് ഡംഫ്രൈസിന്റെ സമർത്ഥമായ ഒരു ബ്ലോക്ക് കൊണ്ട് മാത്രമാണ് ഗോളാവാതിരുന്നത്. അതികം വൈകാതെ ചെക്ക് മത്സരത്തിലെ ആദ്യ ഗോൾ നേടി. 68 ആം മിനുട്ടിൽ ടോമാസ് കലാസിന്റെ ഹെഡ്ഡർ ടോമാസ് ഹോൾസ് ഹെഡ്ഡറിലൂടെ ഡച്ച് വല കുലുക്കി. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ പത്തു പേരായി ചുരുങ്ങിയ ഹോളണ്ടിൽ നിന്നും കാര്യമായി ഉണ്ടായില്ല. 80ആം മിനുട്ടിൽ ചെക്ക് അവരുടെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോൾ അടിച്ച ഹോൾസ് ആണ് രണ്ടാം ഗോൾ ഒരുക്കിയത്. പന്തുമായി ഒറ്റക്ക് മുന്നേറിയ ഹോൾസ് പെനാൾട്ടി ബോക്സിൽ വെച്ച് പന്ത് പാട്രിക്ക് ഷിക്കിനു കൈമാറി, ഷിക്കിന്റെ ഇടം കാലൻ ഷോട്ട് വീണ്ടും ഡച്ച് വല കുലുക്കി. ചെക്ക് ഫോർവേഡിന്റെ ചാമ്പ്യൻഷിപ്പിലെ നാലാമത്തെ ഗോളായിരുന്നു ഇത്. ക്വാർട്ടറിൽ ഡെന്മാർക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളികൾ.