❝ ബെൽജിയം 🖤💛❤️ യൂറോ🇧🇪🏆 കിരീട
പോരാട്ടത്തിനു തയ്യാറാണ് 😟 പക്ഷെ ❞

ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായാണ് ബെൽജിയം യൂറോ കപ്പിനെത്തുന്നത്. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കളിപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ബെൽജിയത്തിന്റെ സുവർണനിര. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ എല്ലാ സൂപ്പർ താരങ്ങളും അണിനിരക്കുന്ന ബെൽജിയം ആദ്യ പ്രധാന അന്തരാഷ്ട്ര കിരീടം യൂറോയുടെ നേടുന്നത് കാണാനായാണ് ആരാധകർ കാത്തിരിക്കുന്നത്.ലോക ഫുട്ബോളിൽ അത്ര വലിയ ശക്തിയൊന്നും അല്ലാതിരുന്ന ബെൽജിയത്തിന്റെ കഴിഞ്ഞ പത്തു വർഷത്തെ വളർച്ച അത്ഭുതത്തോടെയല്ലാതെ നോക്കിക്കാനാവില്ല.എല്ലാ മേഖലയിലും സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നതെങ്കിലും പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക് അവർക്ക് വലിയ തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്.

ആദ്യ മത്സരത്തിൽ റഷ്യക്കെതിരെ ഇറങ്ങുന്ന ബെൽജിയത്തിനെ വലയ്‌ക്കുന്നത് സൂപ്പർതാരങ്ങളുടെ പരിക്ക് തന്നെയാണ് . പ്രധാനതാരങ്ങളായ കെവിന്‍ ഡിബ്രൂയിനും ഏഡന്‍ ഹസാർഡും റഷ്യക്കെതിരെ കളിക്കില്ല. ഗോളടിച്ചുകൂട്ടി മുന്നേറുന്ന ബെൽജിയത്തിന്റെ പ്രധാന സവിശേഷത സ്ഥിരതയാർന്ന പ്രകടനമാണ്. പല മത്സരങ്ങളിലും അഞ്ചിൽ കൂടുതൽ ഗോളുകളാണ് ബെൽജിയം എതിരാളികളുടെ വലയിൽ നിക്ഷേപിക്കുന്നത്. ഇതുകൊണ്ടാണ് ഫിഫ റാങ്കിംഗിൽ ബെൽജിയത്തിന്റെ ഒന്നാം റാങ്കിന് ഇളക്കംതട്ടാത്തതും. ഇത്തവണ യൂറോ കപ്പിനെത്തുമ്പോൾ ടീമിന്റെ എഞ്ചിനായ കെവിൻ ഡിബ്രൂയിനും എഡൻ ഹസാർഡും പരിക്കിന്റെ പിടിയിലാണ്.

മധ്യനിരയിൽ കളി മെനയുന്ന ഡിബ്രൂയിന് ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് പരിക്കേറ്റത്. ശസ്‌ത്രക്രിയക്ക് വിധേയനായ ഡിബ്രൂയിൻ ടീമിനൊപ്പമുണ്ടെങ്കിലും എന്ന് കളത്തിലിറങ്ങുമെന്ന് വ്യക്തതയില്ല. സ്‌പാനിഷ് ക്ലബായ റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്കുമായി മല്ലടിക്കുന്ന ഹസാര്‍ഡിന്റെ കാര്യവും സമാനമാണ്. തുടക്ക മത്സരങ്ങളിൽ ഇരുവരുടെയും അഭാവം എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചാവും ബെൽജിയത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുക.

റഷ്യൻ ലോകകപ്പിൽ ബ്രസീലിന്റെ വഴിയടച്ചവരാണ് ബെൽജിയം. അന്നത്തെ ചുവന്ന ചെകുത്താ ൻമാരുടെ പ്രകടനം ഫുട്ബോൾ പ്രേമികൾ മറന്നിട്ടുണ്ടാവില്ല.എതിരാളികളുടെ തന്ത്രങ്ങൾക്ക് ഒരു മുഴം നീട്ടിയെറിയുന്ന സ്‌പാനിഷ് കോച്ച് റോബർട്ടോ മാർട്ടിനസിൽ തുടങ്ങുന്നു ബെൽജിയത്തിന്റെ കരുത്ത്. ഗോൾപോസ്റ്റിന് മുന്നിൽ റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോത് കോർട്ടോയ്‌സ് എന്നും എപ്പോഴും വിശ്വസ്തൻ. പ്രതിരോധത്തിലെ ദൗർബല്യങ്ങൾ മറികടക്കാൻ ശേഷിയുള്ള മധ്യനിര. മുന്നേറ്റത്തിൽ ഉന്നംപിഴയ്‌ക്കാത്ത റൊമേലു ലുക്കാക്കു. വെടിക്കോ പ്പുകൾ ഏറെയുണ്ട് റോബ‍‍ർട്ടോ മാർട്ടിനസിന്റെ ആയു ധപ്പുരയിൽ. ഇതുകൊണ്ടുതന്നെ ബെൽജിയത്തിന്റെ പോരാട്ടം വെംബ്ലി വരെ നീണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

യുർ കപ്പിനുള്ള ബെൽജിയം സ്ക്വാഡിൽ ദൗർബല്യങ്ങൾ അധിക കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും അവരുടെ ഡിഫെൻസ് കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ കണ്ടെത്താൻ സാധിക്കും. ഡിഫെൻസിലെ പ്രധാന താരങ്ങളായ ജാൻ‌ വെർ‌ട്ടോൻ‌ഗെൻ‌, ടോബി ആൽ‌ഡർ‌വീറെൽ‌ഡ് എന്നിവരുടെ പ്രായം കണക്കിലെടുക്കുമ്പോൾ, അവരുടെ മികച്ച വർഷങ്ങൾ കഴിഞ്ഞുവെന്ന് മനസ്സിലാക്കാൻ സാധിക്കും. ജേസൺ ഡെനെയറിലെ പോലെയുള്ള സെന്റര് ബാക്കുകൾ മികച്ച പ്രകടനത്തോടെ ഉയർന്നു വരേണ്ടിയിരിക്കുന്നു. എന്നാൽ മധ്യ നിറയും മുന്നേറ്റ നിരയും കൂടുതൽ മികവിലേക്കുയർന്നാൽ ബെൽജിയത്തിനു പ്രതിരോധത്തിലെ വിടവ് നികത്താനാവുമെന്നു തന്നെയാണ് പ്രതീക്ഷ.

ഫ്രാൻസ് ,പോർച്ചുഗൽ ,ഇറ്റലി എന്നി കിരീട പ്രതീക്ഷ കൂടുതലുള്ള മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ബെൽജിയത്തിന്റെ ബെഞ്ച് സ്ട്രെങ്ത് മോശമാണ്. വലിയ കിരീടങ്ങൾ നേടണമെങ്കിൽ ബെഞ്ചിലും മികച്ച താരങ്ങളുടെ സേവനം ആവശ്യമാണ്. എന്നാൽ അതികം പരീക്ഷിക്കപെടാത്ത ബെൽജിയത്തിന്റെ റിസേർവ് താരങ്ങൾ പ്രധാന താരങ്ങളുടെ പരിക്കിനെ തുടർന്ന് ചാമ്പ്യൻഷിപ്പിൽ കൂടുതൽ പരീക്ഷിക്കപ്പെട്ടേക്കാം.

ലോക ഒന്നാം നമ്പർ ടീമെന്ന ബഹുമതിയുമായി യൂറോ കപ്പിനെത്തുന്ന ബെൽജിയം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ബിയിൽ രാത്രി പന്ത്രണ്ടരക്ക് നടക്കുന്ന മത്സരത്തിൽ റഷ്യയാണ് എതിരാളികള്‍. സുവർണ തലമുറയാണെങ്കിലും കിരീടങ്ങളൊന്നും ബെല്‍ജിയത്തിന്‍റെ കയ്യിലൊതുങ്ങിയിട്ടില്ല. ലോക ഫുട്ബോളിലെ ഒന്നാം റാങ്കുകാരായി യൂറോ കപ്പിനെത്തുന്ന ബെൽജിയം നിരയ്‌ക്ക് ഇത് തിരുത്തേണ്ടതുണ്ട്.