കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഫിഫ റാങ്കിങ് പുറത്ത്. അഞ്ച് മാസത്തിലേറെയുള്ള ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം തലപ്പത്ത് തുടരുകയാണ്. 1773 പോയിന്റാണ് ബെല്‍ജിയത്തിനുള്ളത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. 1744 പോയിന്റാണ് ഫ്രാന്‍സിനുള്ളത്. കരുത്തരായ ബ്രസീല്‍ 1712 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്ക്കുമ്പോള് 1664 പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പറങ്കിപ്പട പുതിയ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. നിലവിലെ യുവേഫ നാഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. 1653 പോയിന്റാണ് പറങ്കിപ്പടയ്ക്കുള്ളത്. ഉറുഗ്വെയ്ക്ക് സ്ഥാന നഷ്ടം സംഭവിച്ചു. 1645 പോയിന്റുള്ള ഉറുഗ്വെ നിലവില്‍ ആറാം സ്ഥാനത്താണ്.

1642 പോയിന്റോടെ സ്പെയിന് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കെത്തി. ക്രൊയേഷ്യ (1628),അര്‍ജന്റീന (1623),കൊളംബിയ (1622) എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് ടീമുകള്‍.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 20താം സ്ഥാനത്തുള്ള സെനഗലാണ് മുന്നില്‍. ഏഷ്യന്‍ കോണ്‍ഫഡറേഷന്‍ ടീമുകളില്‍ 28ാം സ്ഥാനത്തുള്ള ജപ്പാനാണ് മുന്നില്‍. ഇറ്റലി 12ാം സ്ഥാനത്തും ജര്‍മനി 14ാം സ്ഥാനത്തുമാണ്. ഇന്ത്യ ഒരു സ്ഥാനം താഴോട്ടിറങ്ങി 109ാം സ്ഥാനത്താണ്. സമീപകാലത്തൊന്നും മത്സരം കളിക്കാന്‍ സാധിക്കാത്തത് ഇന്ത്യയുടെ റാങ്കിങ്ങിനെ ബാധിച്ചു. ഒക്ടോബറില്‍ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരം ഉണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മത്സരം മാറ്റിവെച്ചിരിക്കുകയാണ്.