ഒരുമിച്ച് ബൂട്ട് അഴിക്കുന്ന ഇരട്ടകൾ; ബെൻഡർ സഹോദരങ്ങൾ

ഇരട്ടകൾ..കളി തുടങ്ങിയത് ഒരുമിച്ച്, ഇടയ്ക്കു വഴി പിരിഞ്ഞെങ്കിലും വീണ്ടും ഒന്നിച്ചു. ഒടുവിൽ ബൂട്ട് അഴിക്കുന്നതും ഒരുമിച്ച് ‘ഒരു ജോഡി ’ ബൂട്ട് അഴിച്ചു വയ്ക്കുന്നതു പോലെ ഒരു വിരമിക്കൽ. ജർമൻ ബുണ്ടസ്‌ലീഗ ക്ലബ് ബയേർ ലെവർക്യുസന്റെ താരങ്ങളായ ഇരട്ടകൾ ലാർസ് ബെൻഡറും സ്വെൻ ബെൻഡറുമാണ് ഒരുമിച്ച് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ആരാധകരെ ആവേശത്തിലാക്കിയത്. ഇരുവരും പ്രതിരോധനിര താരങ്ങളാണ്. 11 മിനിറ്റ് വ്യത്യാസത്തിൽ ലാർസ് ബെൻഡറാണ് ഇരട്ടകളിലെ ‘ചേട്ടൻ’. സ്വെൻ മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണെങ്കിൽ ലാർസ് സെൻട്രൽ ഡിഫൻഡറായി കൂടി കളിക്കാൻ കഴിയുന്ന റൈറ്റ് ബാക്ക് ആണ്.

4 സീസൺ ഒരുമിച്ച് കളിച്ച ശേഷമാണ് വിരമിക്കൽ. തുടർച്ചയായി പിന്തുടരുന്ന പരുക്കാണ് തീരുമാനത്തിന് പിന്നിൽ. മുപ്പത്തിയൊന്നുകാരായ ഇരുവരും ജർമനിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ലാർസ് 19 കളികളും സ്വെൻ 7 കളികളും ദേശീയ ടീമിനു കളിച്ചു. ലെവർക്യുസന്റെ ക്യാപ്റ്റൻ പദവി അടക്കം അലങ്കരിച്ചാണ് ലാർസ് കരിയർ അവസാനിപ്പിക്കുന്നത്.കഴിഞ്ഞ വർഷം നവംബറിൽ നടന്ന ലെവർക്യുസൻ–ലോക്കമോട്ടിവ് മോസ്കോ ചാംപ്യൻസ് ലീഗ് പോരാട്ടം ചരിത്രമാക്കിയതും ഈ ഇരട്ടകളാണ്.


ഇരു ടീമുകളിലും ഇരട്ടകൾ കളിച്ച ആദ്യ ചാംപ്യൻസ് ലീഗ് മത്സരം എന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടം പിടിച്ചു. മോസ്കോ ടീമിനായി കളത്തിലിറങ്ങിയ അലക്സി, ആന്റൺ മിറാൻചുക്ക് സഹോദരന്മാരും ഇരട്ടകളായിരുന്നു. ഒരേ ക്ലബ്ബിൽ ഒരുമിച്ചു കളിച്ച ഇരട്ടകൾ ഒട്ടേറെയുണ്ട്. അയാക്സ്, ബാഴ്സലോണ , റേഞ്ചേഴ്സ് തുടങ്ങി 5 ക്ലബ്ബുകളിൽ ഒരുമിച്ചു കളിച്ച ഡച്ച് താരങ്ങളായ ഫ്രാങ്ക് ഡി ബോയർ– റൊണാൾഡ് ഡി ബോയർ ഇരട്ടകളാണ് ഇതിൽ പ്രമുഖർ.

കടപ്പാട്