” ബെൻസിമയും-എംബപ്പേയും” റയൽ മാഡ്രിഡ് മുന്നേറ്റ നിരയിൽ ഒന്നിക്കുമ്പോൾ ..

നേഷൻസ് ലീഗ് ജേതാക്കളായ ഫ്രാൻസ് ടീമംഗളങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. പുറകിൽ നിന്ന് തിരിച്ചുവന്ന വിജയം ഫ്രാൻസ് ആരാധകരെ കുറച്ചൊന്നും അല്ല സന്തോഷിപ്പിക്കുന്നത് പ്രത്യേകിച്ച് യൂറോ കപ്പിലെ അപ്രതീക്ഷിത പുറത്താക്കലിന് ശേഷം . വൈറലായ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ചർച്ച ചെയ്യുന്നത് ഫ്രാൻസിന്റെ ഗോളുകൾ നേടിയ എംബാപെ ബെൻസിമ എന്നിവർ നിൽക്കുന്ന ചിത്രത്തിന്റെ താഴെ ഏറ്റവും കൂടുതൽ കമെന്റുകൾ ചെയ്തിരിക്കുന്നത് റയൽ മാഡ്രിഡിന്റെ ആരാധകർ ആണ് . ഫ്രാൻസിന്റെ ആരാധകരെക്കാൾ റയൽ ആരാധകർ എന്തിനായിരിക്കും ഇത്ര ആഘോഷം നടത്തുന്നത് ?

ഇതിനുള്ള ഉത്തരത്തിന്റെ തുടക്കം 2018 മെയ് 26 നാണ്. അന്നാണ് റയലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന് വേണ്ടി അവസാനമായി ബൂട്ടണിഞ്ഞത്. അതിന് ശേഷം അത്തരം ഒരു താരത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു റയൽ മാഡ്രിഡ് . ചെൽസിയിൽ നിന്ന് സൂപ്പർ താരം ഹസാർഡിനെ ടീമിൽ എത്തിച്ചെങ്കിലും പരിക്ക് മൂലം താരത്തിന് പ്രത്യേകിച്ച് സംഭാവനകൾ ഒന്നും തന്നെ നല്കാൻ സാധിച്ചിട്ടില്ല. ഒരുപാട് വർഷങ്ങൾ ടീമിന് വലിയ സംഭാവനകൾ നല്കിയ റൊണാൾഡോയെ പോലെ പെരെസ് ആഗ്രഹിക്കുന്നത് നീണ്ട കാല പ്രൊജക്ട്ടിനാണ് – എംബാപെ. അടുത്ത സീസണിൽ പി.എസ് ജി വിട്ട് റയലിൽ എത്തുമെന്ന് ഉറപ്പായ താരത്തിന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് റയലിന്റെ സൂപ്പർ താരം ബെൻസിമ . ഇപ്പോൾ മനസിലായില്ലേ റയൽ ആരാധകരുടെ സന്തോഷത്തിന് പിന്നിലെ കാരണം.

ലോകത്തുള്ള വിലപിടിപ്പുള്ളതെല്ലാം വാങ്ങി കൂട്ടാൻ ഇഷ്ടമുള്ള കോടീശ്വരന്മാരുടെ കഥകൾ പോലെ ആയിരുന്നു രണ്ടായിരത്തിൽ റയൽ മഡ്രിഡിന്റെ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഫ്ലോറന്റിനോ പെരസ് താരങ്ങളെ വാങ്ങി കൂട്ടുന്നത് .ചിരവൈരികളായ ബാർസിലോനയിൽനിന്നു പോർചുഗീസ് താരം ലൂയിസ് ഫിഗോയെ റാഞ്ചിയായിരുന്നു തുടക്കം. തുടർന്നു സിനദീൻ സിദാൻ, റൊണാൾഡോ, ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ എന്നിവരും ക്ലബ്ബിലെത്തിച്ച പെരെസ് ട്രാൻസ്ഫർ ജാലകത്തിൽ കോടികൾ വാരി എറിഞ്ഞു . പിന്നീട് വർഷങ്ങൾക്ക് ശേഷം റൊണാൾഡോ,ബെയ്ൽ എന്നിവരെ ടീമിൽ എത്തിച്ച പെരെസ് ഒരിക്കൽ’കൂടി റയലിന്റെ ഗാലക്റ്റിക്കോസ്’ (നക്ഷത്രകൂട്ടം)പാരമ്പര്യം നിലനിർത്തി. കോവിഡ് മൂലമുണ്ടായ പ്രതിസ ഡി ഇല്ലാതിരുന്നെങ്കിൽ ഈ പ്രാവശ്യം പെരെസ് അത്തരത്തിൽ ഉള്ള നീക്കത്തിന് ഒരുങ്ങി ഇരിക്കുകയായിരുന്നു.

“പണ്ട് ബെൻസിമ എന്തിനാ ഈ ടീമിൽ ” എന്ന് ചോദിച്ച മാഡ്രിഡ് ആരാധകരെ കൊണ്ട് ബെൻസിമ ഇല്ലാതെ ഒരു ടീമിനെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാതെ സാഹചര്യത്തിലാക്കിയതിന് പിന്നിൽ ഉണ്ട് ബെൻസിമയുടെ കഠിനമായ അദ്ധ്വാനത്തിന്റെ കഥ .നിലവിൽ ഏറ്റവും മികച്ച സ്ട്രൈക്കറായി കണക്കാകപെടാവുന്ന ബെൻസിമക്ക് കുറച്ച് വർഷം കൂടി റയലിൽ കരിയർ ബാക്കിയുണ്ട്. ആ മുന്നേറ്റനിരയിലേക്ക് എംബാപെയുടെ വരവ് ടീമിന് ഗുണം ചെയ്യും.

വലിയ പോരാട്ടം ഒന്നും നടക്കുന്നില്ലാത്ത ഫ്രഞ്ച് ലീഗിൽ (അവിടെ മെസിയും നെയ്മറും ഉള്ള സാഹചര്യത്തിൽ ) താനും ലോകത്തിലെ മികച്ചവനാണെന്ന് തെളിയിക്കാൻ എംബാ പെക്ക് റയൽ പോലൊരു ടീം അത്യാവശ്യമാണ്.തന്റെ ആരാധന കഥാപാത്രമായ റൊണാൾഡോ തകർത്തു കളിച്ച ക്ലബിൽ താരവും വലിയ പ്രശസ്തി ഉണ്ടാക്കി ചരിത്രം സൃഷ്ട്ടിക്കട്ടെ.. നക്ഷത്രക്കൂട്ടത്തിലെ വലിയ നക്ഷത്രമായി മിന്നി കത്തട്ടെ..

Rate this post