” അവസാന നിമിഷത്തിൽ ജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് , ത്രില്ലർ പോരാട്ടം സമനിലയിൽ “

വിജയിക്കാമായിരുന്ന മത്സരം അവസാന നിമിഷം കൈവിട്ടു കളഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ്.ഇരു ടീമുകളും രണ്ടുഗോളുകൾ വീതം നേടിയാണ് സമനില പാലിച്ചത്. ജയം ഉറപ്പിച്ചു മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിനാണ് ജയം കൈവിട്ടത്.ടോപ് 4 പോരാട്ടത്തിൽ നിർണായകമാകുന്ന മൂന്ന് പോയിന്റ് ആയേനെ ഇന്നത്തെ വിജയം

ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളോടെയാണ് കേരളബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. മോഹൻ ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.രണ്ടാം മിനിറ്റില്‍ ത്രൂ ബോളില്‍ നിന്ന് എടികെയുടെ ഡേവിഡ് വില്യംസ് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകട ഭീഷണി ഉയര്‍ത്തിയെങ്കിലും അഡ്രിയാന്‍ ലൂണയുടെ ഇടപെടലില്‍ മഞ്ഞപ്പട രക്ഷപ്പെട്ടു. എന്നാൽ ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തു. സഹൽ നേടിയെടുതെ ഫ്രീകിക്ക് ലൂണ ആണ് എടുത്തത്. ലൂണയുടെ ഫ്രീകിക്ക് മനോഹരമായി വലയിലേക്ക് കയറി. ഈ ഗോൾ അധികം സമയം ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല.

അടുത്ത മിനുട്ടിൽ തന്നെ ബഗാൻ സമനില കണ്ടെത്തി.വലതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ പ്രിതം കൊടാൽ നൽകിയ ക്രോസ് അനായാസം ഡേവിഡ് വില്യംസ് വലയിൽ എത്തിച്ചു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ഒരു പോലെ ആക്രമിച്ചു കളിച്ചു. ലിസ്റ്റന്റെ ഒരു നല്ല ഷോട്ട് ലോകോത്തര സേവിലൂടെ ഗിൽ തടയുന്നത് കണ്ടു. പൂട്ടിയയുടെ തൊട്ടുത്ത ഷോട്ട് അമ്രീന്ദറിന്‍റെ കൈകകളിലും പോസ്റ്റിലും തട്ടി പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 23-ാം മിനിറ്റില്‍ ലൂണയുടെ പാസില്‍ നിന്ന് പെരേര ഡയസ് തൊടുത്ത മഴവില്‍ ഷോട്ട് അമ്രീന്ദറിന്‍റെ വിരല്‍ത്തുമ്പില്‍ തട്ടി പുറത്തുപോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ അവസരം ലഭിച്ചു. എന്നാൽ ഡയസിന്റെ ദുർബലമായ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞു. രണ്ടാമത്തെ ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മുന്നേറി കളിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. 63 ആം മിനുട്ടിൽ ഡയസിനു വീണ്ടും ഗോൾ നേടാൻ അവസരം ലഭിചെങ്കിലും മുതലാക്കനായില്ല. 64 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടി.ബോക്‌സിന്റെ അരികിൽ നിന്ന് മനോഹരമായ വലംകാലുള്ള കർവിങ് ഷോട്ടിലൂടെ ഗോൾകീപ്പർ വെറും കാഴ്ചക്കാരനായി നിർത്തി ലൂണ വല ചലിപ്പിച്ചു.

സമനില ഗോളിനായി മോഹൻ ബഗാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തമായി എതിർത്തു. ഇഞ്ചുറി ടൈമിൽ വസ്ക്വാസിന്റെ മുന്നേറ്റത്തിൽ നിന്നും ലഭിച്ച പന്തിൽ വിൻസി ബാരെറ്റോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇഞ്ചുറി ടൈമിൽ ബഗാൻ ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖം ലക്ഷ്യമാക്കി ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു.ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് ഹൃദയം തകർത്തു കൊണ്ട് മോഹൻ ബഗാൻ സമനില ഗോൾ നേടി. ബോക്സിനു പുറത്തു നിന്നും ജോണി കൗക്കോ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ ഗില്ലിനെ മറികടന്നു വലയിലായി .