“സൂപ്പർ താരം കളിക്കാതിരിക്കുന്നത് അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുമോ ? “| kerala Blasters

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഇതോടെ 23 പോയിന്റുമായി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒരു മത്സരം കൂടുതല്‍ കളിച്ച ഹൈദരാബാദ് എഫ്‌സി 26 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. വിദേശ താരങ്ങളായ വാസ്‌ക്വെസ്, പെരേര എന്നിവരുടെ ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സി ന്റെ ജയം. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. പ്രതിസന്ധികൾക്കിടയിൽ നിന്നും തിരിച്ചു വന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചു.

എന്നാൽ വിജയത്തിനിടയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയും പുറത്തു വന്നു. വ്യാഴാഴ്ച ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന പെരേര ഡയസ് ഉണ്ടാവില്ല.നാലു മഞ്ഞക്കാര്‍ഡ് മൂലം അടുത്ത മത്സരം കളിക്കാന്‍ സാധിക്കാത്ത പെരേരിയ ഡയസ്, നോര്‍ത്തീസ്റ്റിനെതിരേ ചുവപ്പുകാര്‍ഡ് കണ്ട ആയുഷ് അധികാരി എന്നിവര്‍ പുറത്തിരിക്കും. ഭൂട്ടാന്‍ താരം ചെഞ്ചോയാകും ഡയസിന് പകരമെത്തുക. അതേസമയം ഒരുമത്സരത്തിലെ സസ്‌പെന്‍ഷനുശേഷം പ്യൂട്ടിയ തിരികെയെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാകും.

പെരേര ഡയസിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയുടെ ശക്തികുറക്കുമോ എന്ന സംശയമുണ്ട്. നോർത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയ ഡയസ് ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അഡ്രിയാന്‍ ലൂണ, ആല്‍വാരോ വാസ്‌ക്വെസ്, ജോര്‍ജ് പെരേര ഡിയസ് മുന്നേറ്റ നിര ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ പ്രധാന പങ്കു തന്നെയാണ് വഹിക്കുന്നത്. ഡയസിന്റെ പകരക്കാരനായി ഭൂട്ടാന്‍ താരം ചെഞ്ചോ തിളങ്ങും എന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

ഇനിയുള്ള ഓരോ മത്സരവും ജയിച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്ലെ ഓഫിൽ സ്ഥാനം പിടിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്,ഇനിയുള്ള ഏഴില്‍ നാലുമത്സരമെങ്കിലും ജയിക്കാനായാല്‍ ടീമിന് പ്ലേഓഫ് ഉറപ്പിക്കാം.ജെംഷഡ്പൂര്‍ എഫ്‌സിയെ ആദ്യ ഘട്ടത്തിൽ നേരിട്ടപ്പോൾ സമനില ആയിരുന്നു ഫലം.