❝ബൗളിങ്ങിൽ ഇന്ത്യൻ രക്ഷകനും സച്ചിൻ തന്നെ :ഈ അപൂർവ്വ റെക്കോർഡുകൾ ആർക്കും ഇല്ല❞

ലോകക്രിക്കറ്റിൽ സച്ചിൻ എന്ന അതുല്യ പ്രതിഭ എക്കാലവും ഓർമ്മിക്കപ്പെടുക കരിയറിൽ സ്വന്തമാക്കിയ സ്വപ്നതുല്യ ബാറ്റിങ് റെക്കോർഡുകളുടെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിനോളം മികച്ച ഒരു ബാറ്റ്‌സ്മാനില്ല എന്നാണ് പല ക്രിക്കറ്റ്‌ നിരീക്ഷകരുടെയും അഭിപ്രായം. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിൽ നിന്നും സച്ചിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായെങ്കിലും സച്ചിന്റെ ബാറ്റിങ് നേട്ടങ്ങൾ ഇന്നും അദ്ദേഹത്തിന് ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ സ്വർണ്ണശോഭ സമ്മാനിക്കുന്നു. ക്രിക്കറ്റിൽ രണ്ടര പതിറ്റാണ്ട്‌ കാലം എതിരാളികളെ എല്ലാം ബാറ്റിങ് മികവാൽ വിറപ്പിച്ച സച്ചിന്റെ ചില ബൗളിംഗ് റെക്കോർഡുകളും പലരെയും അമ്പരപ്പിക്കും. നിലവിൽ സച്ചിന്റെ ചില അപൂർവ്വ ബൗളിംഗ് പ്രകടനങ്ങൾ മറ്റ് ചില ബൗളർമാർക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല.

മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനായി പന്തെറിഞ്ഞിട്ടുള്ള സച്ചിൻ പല തവണ നായകന്മാർക്ക് വിശ്വസ്തതയോടെ പന്ത് ഏൽപ്പിക്കാൻ കഴിയുന്ന ഒരു മികച്ച ഡെത്ത് ബൗളറാണ് . ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ രണ്ട് തവണ 6 റൺസിൽ താഴെ ഡിഫൻഡ് ചെയ്ത ഏക ബൗളർ സച്ചിനാണെന്ന വസ്തുത ഇന്നും പല ക്രിക്കറ്റ്‌ ആരാധകർക്കും അത്ഭുതമാണ്.1993ലെ ഹീറോ കപ്പ്‌ ഫൈനലിൽ താരം ദക്ഷിണാഫ്രിക്കക്ക് എതിരെ അവസാന ഓവറിൽ ഇന്ത്യൻ ടീമിനായി 5 റൺസ് അനായസം ഡിഫൻഡ് ചെയ്തിരുന്നു. ഓവറിൽ വെറും മൂന്ന് റൺസാണ് സച്ചിൻ വഴങ്ങിയത്. ഇന്ത്യക്ക് ഫൈനലിൽ രണ്ട് റൺസ് ജയം സ്വന്തമാക്കാൻ കഴിഞ്ഞത് സച്ചിന്റെ മാസ്മരിക ബൗളിംഗ് ഒരൊറ്റ കാരണത്താലാണ്. കൂടാതെ 1996ലെ ഫൈനലിൽ അവസാന ഓവറിൽ സച്ചിൻ ഓസ്ട്രേലിയയുടെ അവസാന വിക്കറ്റ് വീഴ്ത്തി 5 റൺസ് വിജയവും കപ്പും ഇന്ത്യൻ ടീമിന് നേടികൊടുത്തു.

കൂടാതെ ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരവും സച്ചി‌നാണ്. ഷാർജയിൽ വെസ്റ്റ് ഇൻഡീസ് ടീമിനെതിരെയാണ് സച്ചിന്റെ ചരിത്ര പ്രകടനം നടന്നത്.എന്നാൽ ഇരുപത് വയസ്സിന് മുൻപും നാല്പതാം വയസ്സിലും ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തിയ ഏക ബൗളറും സച്ചിനാണ്. തന്റെ വിരമിക്കൽ ടെസ്റ്റ് പരമ്പരയിലാണ് സച്ചിൻ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

അതേസമയം ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയിട്ടുള്ള സച്ചിൻ ബൗളിങ്ങിലും ഏഷ്യ കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിലെ രാജാവാണ്. ഏഷ്യ കപ്പ്‌ ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ സച്ചിൻ രണ്ടാം സ്ഥാനത്തുണ്ട്. ബാറ്റ്‌സ്മാന്റെ എല്ലാ നേട്ടങ്ങളും സ്വന്തം പേരിൽ കുറിച്ചിട്ട സച്ചിൻ നിർണായക സന്ദർഭങ്ങളിൽ എല്ലാം ഇന്ത്യൻ ടീമിന്റെ പ്രധാന ബൗളറായി എത്തിയിട്ടുണ്ട്.