❝ലോകകപ്പിന് മുന്നോടിയായി ബ്രസീലും അർജന്റീനയും ഓസ്‌ട്രേലിയയിൽ ഏറ്റുമുട്ടുന്നു❞ |Brazil vs Argentina

ലോകകപ്പിന് മുന്നോടിയായി അർജന്റീനയും ബ്രസീലും ജൂൺ 11 ന് ഓസ്‌ട്രേലിയയിൽ സൗഹൃദ മത്സരം കളിക്കും.കഴിഞ്ഞ സെപ്റ്റംബറിൽ സാവോപോളോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരം അഞ്ച് മിനിറ്റിന് ശേഷം നിർത്തിവെച്ചിരുന്നു. ബ്രസീലിയൻ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്ത കളിക്കാരെ അർജന്റീന ഫീൽഡ് ചെയ്തതാണ് കളി നിർത്താൻ കാരണമായത്.

എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, സെർജിയോ റൊമേറോ എന്നിവർ ബ്രസീലിന്റെ കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചതായി അധികൃതർ അറിയിച്ചു. തുടർന്ന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്വാറന്റൈൻ ലംഘിച്ച താരങ്ങളോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു. അതോടെ, അർജന്റീനൻ ടീം മത്സരം തുടരാൻ വിസമ്മതിക്കുകയും, തുടർന്ന് മത്സരം 0-0 സ്കോറിന് സമനിലയിൽ നിർത്തിവെക്കുകയും ചെയ്തു.ബ്രസീലിന്റെയും അർജന്റീനയുടെയും കളിക്കാർ കളി പുനരാരംഭിക്കുന്നതിന് അധികാരികളോടും മാച്ച് ഒഫീഷ്യലുകളോടും അഭ്യർത്ഥിച്ചു, എന്നാൽ, യുകെയിൽ നിന്ന് യാത്ര ചെയ്തെത്തിയ കളിക്കാർ രാജ്യത്ത് പ്രവേശിക്കുമ്പോൾ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും, അത്‌ പാലിക്കാത്തവർ ഉടൻ രാജ്യം വിടണം എന്ന് ബ്രസീലിലെ ആരോഗ്യ വകുപ്പ് നിലപാടെടുത്തു. അതോടെ, മാച്ച് ഒഫീഷ്യൽസ് ഇരു ടീമുകളെയും ഗ്രൗണ്ടിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തു.

ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്. 95000 കാണികളെയാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്.മെൽബൺ മത്സരത്തിന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്കും ബ്രസീൽ സൂപ്പർ താരം നെയ്മറിനും ലോകകപ്പിന് മുമ്പുള്ള അവസാന വലിയ മത്സരമാവും ഇത് , എന്നിരുന്നാലും ആ കളിക്കാർ ഓസ്‌ട്രേലിയയിലേക്കുള്ള പര്യടനത്തിനുള്ള പട്ടികയിൽ ഉണ്ടാകുമെന്ന് ഉറപ്പില്ല.

“ലോകത്തിലെ ഏറ്റവും വിജയകരമായ രണ്ട് ഫുട്ബോൾ ടീമുകൾ MCG-ലേക്ക് മടങ്ങിയെത്തുകയും അവരുടെ ദീർഘകാലമായുള്ള പോരാട്ടം ഇവിടെ തുടരുമ്പോഴും ലോകത്തിലെ മികച്ച കായിക നഗരങ്ങളിലൊന്നും ഓസ്‌ട്രേലിയയുടെ ഇവന്റ് തലസ്ഥാനവും എന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു,” വിക്ടോറിയയുടെ കായിക മന്ത്രി മാർട്ടിൻ പകുല പറഞ്ഞു.

2017 ജൂൺ 9-ന് എംസിജിയിൽ ഇരു രാജ്യങ്ങളും മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്.95,579 ആരാധകരുള്ള മത്സരത്തിൽ ഗബ്രിയേൽ മെർക്കാഡോയുടെ ഗോളിൽ അർജന്റീന 1-0ന് ജയിച്ചു.അതിനുമുമ്പ് ബ്രസീൽ 2017 ൽ ഇതേ വേദിയിൽ ഓസ്‌ട്രേലിയയുമായി കളിച്ച് 4-0 വിജയികളായി മാറി, 2007 ൽ അർജന്റീനയും MCG യിൽ സോക്കറോസിനെ 1-0 ന് പരാജയപ്പെടുത്തി.