പിന്നിൽ നിന്നും തിരിച്ചു വന്ന് മുള്ളറുടെ ഗോളിൽ ജയം നേടി ജർമ്മനി ; തുടർച്ചയായ വിജയങ്ങളുമായി നെതർലൻഡ്‌സ്‌

യൂറോപ്യൻ മേഖല ലോകകപ്പ് യൂറോപ്യൻ യോഗ്യത മത്സരത്തിൽ മികച്ച വിസജയം നേടി ജർമ്മനി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റൊമാനിയയെയാണ് ജർമ്മനി പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജർമ്മനി രണ്ടാം പകുതിയിൽ പിറന്ന ഇരട്ട ഗോളുകളിലാണ് ജയം സ്വന്തമാക്കിയത്. റൊമാനിയക്ക് വേണ്ടി ഇയാനിസ് ഹാഗി ഗോളടിച്ചപ്പോൾ സെർജ് ഗ്നബ്രിയും സൂപ്പർ സബ്ബ് തോമസ് മുള്ളറുമാണ് ജർമ്മനിയുടെ ഗോളുകൾ അടിച്ചത്.കളിയുടെ തുടക്കത്തിൽ തന്നെ തീമോ വെർണറെ വീഴ്ത്തിയതിന് തുടർന്ന് ക്യാപ്റ്റൻ കിമ്മിഷ് പെനാൽറ്റി എടുക്കാൻ ഒരുങ്ങിയെങ്കിലും ഏറെ നേരം നീണ്ട് നിന്ന വാർ റിവ്യൂവിന് ശേഷം റഫറി പെനാൽറ്റി ഒഴിവാക്കി.

വൈകാതെ തന്നെ റൊമാനിയ ഗോളടിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 75% ഓളം പൊസഷൻ ജർമ്മനിക്ക് തന്നെയായിരുന്നെങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലാണ് ജർമ്മനി കളി തങ്ങളുടേതാക്കിയത്.ജർമ്മനിക്ക് വേണ്ടി 20ആം ഗോൾ ഗ്നബ്രി അടിച്ചപ്പോൾ 107 മത്സരങ്ങൾ ജർമ്മനിക്ക് വേണ്ടി കളിച്ച തോമസ് മുള്ളറുടെ 40ആം ഗോളായിരുന്നു ഇന്നത്തേത്. ഹാൻസി ഫ്ലിക്കിന് കീഴിൽ ജർമ്മനി നാലിൽ നാല് ജയം നേടുകയും 14 ഗോളുകൾ അടിച്ച് കൂട്ടുകയും ചെയ്തു. ഒരു ഗോൾ മാത്രമാണ് ഫ്ലിക്ക് എറയിൽ ജർമ്മനി വഴങ്ങിയിട്ടുള്ളത്.

മറ്റൊരു പ്രധാന മത്സരത്തിൽ ഡേവി ക്ലാസ്സൻ നേടിയ ഏക ഗോളിൽ നെതർലാന്റ്സ് ലാത്വിയയെ പരാജയപ്പെടുത്തി.വിജയത്തോടെ കടുത്ത മത്സരം നടക്കുന്ന ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 19 ആം മിനുട്ടിൽ മെംഫിസ് ഡിപെയുടെ പാസിൽ നിന്നായിരുന്നു ക്ലാസൻ ഗോൾ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ഹോളണ്ടിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഒന്ന് പോലും ഗോളാക്കി മാറ്റാനായില്ല.രണ്ടാം പകുതിയിൽ സ്റ്റെഫാൻ ഡി വ്രിജും ഡിപേക്കും ഗോൾ നേടാൻ നല്ല അവസരങ്ങൾ ലഭിച്ചു .

ഗ്രൂപ്പ് ജിയിൽ നെതർലാൻഡ്സ് 16 പോയിന്റുണ്ട്.നോർവെയെക്കാൾ രണ്ടും പോയിന്റും തുർക്കിയേക്കാളും 4 പോയിന്റും മുന്നിലാണ്.ഇന്നലെ തുർക്കിയും നോർവെയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.വാൻ ഗാൽ പരിശീലകനായി തിരിച്ചെത്തിയതിനുശേഷം ഡച്ചുകാർക്കുള്ള നാല് മത്സരങ്ങളിൽ ഇത് മൂന്നാമത്തെ വിജയമാണ്, തിങ്കളാഴ്ച റോട്ടർഡാമിൽ ജിബ്രാൾട്ടറിന് ആതിഥേയത്വം വഹിക്കുമ്പോൾ അവർ ലോകകപ്പ് യോഗ്യതയിലേക്ക് കൂടുതൽ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post