❝പ്രതിരോധത്തിന്റെ കരുത്തിൽ കോപ്പ കിരീടം നിലനിർത്താനെത്തുന്ന ബ്രസീലിയൻ പുലികുട്ടികൾ❞

കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് 2019 ലെ ചാമ്പ്യന്മാരായ ബ്രസീൽ. കഴിഞ്ഞ തവണയെക്കാൾ മികച്ച സ്ക്വാഡുമായി എത്തുന്ന മഞ്ഞ പടക്ക് കിരീടം നേടാൻ കഴിയും എന്ന് തന്നെയാണ് വിശ്വാസം. പരിശീലകൻ ടിറ്റെയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിക്ക് മൂലം കഴിഞ്ഞ കോപ്പയിൽ കളിക്കാൻ കഴിയാതിരുന്ന സൂപ്പർ താരം നെയ്മർ തിരിച്ചെത്തുന്നത് ടീമിന് കൂടുതൽ ശക്തിയും ആത്മവിശ്വാസവും നൽകും.റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ ,മാത്യൂസ് ക്യൂന എന്നിവർക്കൊപ്പം നെയ്മറും കൂടി ചേരുമ്പോൾ കോപ്പയിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയാവും. എന്നാൽ മുന്നേറ്റനിരയെക്കാൾ ബ്രസീലിന്റെ വിജയങ്ങളിൽ നിർണനായക പങ്കു വഹിക്കുന്നത് അവരുടെ ലോകോത്തര നിലവാരമുള്ള പ്രതിരോധ നിര തന്നെയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറും മികച്ച സെൻട്രൽ ഡിഫെഡർമാരും ,ഡിഫെൻസിവ് മിഡ്ഫീൽഡർമാരും അണിനിരക്കുന്ന ബ്രസീലിയൻ പ്രതിരോധം തകർക്കാൻ എതിർ ടീം ബുദ്ധിമുട്ടും എന്നതിന് സംശയമില്ല.

ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഗോൾകീപ്പർ സ്വന്തമായുള്ള ടീമാണ് ബ്രസീൽ . ലിവർപൂളിന്റെ അലിസണും, സിറ്റിയുടെ എഡേഴ്സണും നിലവിൽ പ്രീമിയർ ലീഗിലെ മികച്ച മൂന്ന് ഗോൾകീപ്പർമാരിൽ രണ്ടു പേരാണ്.മികച്ച ഷോട്ട്-സ്റ്റോപ്പിംഗിനും, റിഫ്ലെക്സുകൾക്കും, പെട്ടെന്നുള്ള പാദ ചലനങ്ങൾക്കും മിടുക്കരാണ് ഇരു താരങ്ങളും. ടിറ്റെ പരിശീലകനായതിൽ പിന്നെ കൂടുതൽ മത്സരങ്ങളിലും അലിസൻ തന്നെയാണ് എഡേഴ്സനെക്കാളും കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്. എന്നാൽ നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ സിറ്റി ഗോൾ കീപ്പറെ പരിഗണിക്കാനും സാദ്ധ്യതകൾ കാണുന്നുണ്ട്.

സെൻട്രൽ ഡിഫെൻസിൽ പ്രായം തളർത്താത്ത പാറ പോലെ ഉറച്ച പ്രധിരോധവുമായി ചെൽസിയുടെ തിയാഗോ സിൽവ നിലയുറപ്പിക്കും.രണ്ട് വ്യത്യസ്ത ടീമുകളുമായി തുടർച്ചയായി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്ന ആദ്യ കളിക്കാരനായി മാറിയ സിൽവ ഈ സീസണിൽ ചെൽസിയുടെ വിജയങ്ങളിൽ നിർണനായക പങ്കു വഹിക്കുകയും ചെയ്തു.പാരിസിൽ സിൽവയുടെ സഹ താരമായ മാർക്വിൻഹോസണ് ജോഡിയായി എത്തുന്നത്. കഴിഞ്ഞ കോപ്പയിലെ അര്ജന്റീനയ്‌ക്കെതിരെയുള്ള സെമിയിലും പെറുവിനെതിരെയുളള ഫൈനലിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. മികച്ച ഹെഡ്ഡറുകളിലൂടെ നിർണായക ഗോളുകൾ നേടാൻ കഴിവുള്ളവരാണ് ഇരു താരങ്ങളും. ബെഞ്ചിലും മികവുള്ള താരങ്ങളാണ് ബ്രസീലിനുള്ളത്. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച 23 കാരൻ ഡിഫൻഡർ ഈഡർ മിലിറ്റാവോ ഇവർക്ക് പകരക്കാരൻ കഴിവുള്ള താരമാണ്.നാലാമനായി എത്തുന്നത് അത്ലറ്റികോ മാഡ്രിഡ് താരം ഫിലിപ്പേയാണ്. കഴിഞ്ഞ കോപ്പയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് ബ്രസീൽ വഴങ്ങിയത്.

വലതു വിങ്ങിൽ പരിക്ക് മൂലം പരിചയ സമ്പന്നനായ ഡാനി ആൽവസ് പുറത്തായതോടെ പകരമെത്തിയത് റിയൽ ബെറ്റിസ്‌ താരം എമേഴ്സണാണ്. ആദ്യ ഇലവനിൽ യുവന്റസ് താരം ഡാനിലോക്കായിരിക്കും സ്ഥാനം ലഭിക്കുക .ഇടതു വിങ്ങിൽ മികച്ച ഫോമിലുള്ള അത്ലറ്റികോ മാഡ്രിഡ് യുവ താരം റെനാൻ ലോഡി ആദ്യ ഇലവനിൽ എത്തുമ്പോൾ യുവന്റസിന്റെ അലക്സ് സാൻഡ്രോ ബാക്കപ്പായി നിലനിൽക്കും.


കഴിഞ്ഞ കുറച്ചു സീസണുകളിലായി സ്ഥിരതയാർന്ന ഫോം കാത്തു സൂക്ഷിക്കുന്ന താരമാണ് റയൽ മാഡ്രിഡ് താരം കാസെമിറോ. നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡർമാരിൽ ഒരാളായ 29 കാരൻ കരുത്തുറ്റ ടാക്ക്ലറുകളിൽ ഒരാളാണ്. ഡിഫെൻസിവ് മിഡ്ഫീൽഡർ ആണെങ്കിലും ആക്രമിച്ചു കളിക്കാനും താരം മിടുക്കു കാട്ടുന്നുണ്ട്. ലാ ലീഗയിൽ ഈ സീസണിൽ ആറു ഗോളുകളാണ് താരം നേടിയത്. മിഡ്ഫീൽഡിൽ കാസെമിറോക്ക് കൂട്ടായി എത്തുന്നത് ലിവർപൂൾ ഫാബിഞ്ഞോയാണ്.ഈ സീസണിൽ ക്ലോപ്പിന് കീഴിൽ ലിവർപൂൾ താരം ഫാബിൻ‌ഹോ മിഡ്‌ഫീൽഡിനും പ്രതിരോധത്തിനും ഇടയിൽ മികച്ചു നിന്നു. ഈ സീസണിൽ പല മത്സരങ്ങളിലും സെന്റർ ബാക്കയാണ് താരം കളിച്ചിരുന്നത്.ഫിസിക്കൽ പ്ലേക്ക് കൂടുതെൽ പ്രാധാന്യം കൊടുക്കുന്ന രണ്ടു താരങ്ങളാണ്‌ ഇരുവരും.

ഇവർക്ക് പകരക്കാരായി എത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനും ആസ്റ്റൺ വില്ലയ്ക്കും വേണ്ടി യഥാക്രമം കളിക്കുന്ന ഫ്രെഡ്, ഡഗ്ലസ് ലൂയിസ് എന്നിവരാണ്. നിലവിലെ ബ്രസീൽ ടീമിൽ ഏറ്റവും മികച്ച വാഗ്‌ദങ്ങളിൽ ഒന്നാണ് വില്ല താരം ഡഗ്ലസ് ലൂയിസ്. അവസരങ്ങൾ ലഭിച്ചാൽ മുൻനിരയിൽ എത്താൻ കഴിവുളള താരമാണ് ലൂയിസ് . ആറ്റക്കിങ് മിഡ്ഫീൽഡർമാരായി അണിനിരക്കുന്നത് ലിയോൺ യുവ താരം ലൂക്കാസ് പക്വെറ്റയും , ഫ്ലെമെങ്കോയുടെ എവെർട്ടൻ റിബേറോയുമാണ്.

പരിശീലകൻ ടിറ്റെ മുന്നേറ്റ നിരയുടെ തെരഞ്ഞെടുപ്പിൽ ആകെ സംശയത്തിലാണ്. സൂപ്പർ താരം നെയ്മർ മാത്രമാണ് ആദ്യ ഇലവനിൽ എത്തുമെന്ന് ഉറപ്പായുളള താരം. കഴിഞ്ഞ കോപ്പയിൽ ഫൈനലിൽ ഗോൾ നേടുകയും ഗോൾഡൻ ബൂട്ട് ചെയ്ത ബെൻഫിക്കയുടെ എവെർട്ടൻ ഈ സീസണിലും മികച്ച ഫോമിലാണ്. എവെർട്ടന്റെ റിചാലിസൺ , റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ എന്നിവർ പകരക്കാരുടെ ബെഞ്ചിൽ തന്നെയായിരിക്കും. ഫിർമിനോയുടെയും ,ജീസസിന്റെയും മോശം ഫോം പുതിയൊരു സ്‌ട്രൈക്കറിലേക്ക് ബ്രസീലിനെ എത്തിക്കാൻ സാധ്യതയുണ്ട്. ഈ സീസണിൽ ബ്രസീലിയൻ ലീഗിൽ ഗോളടിച്ചു കൂട്ടിയ മുൻ ഇന്റർ മിലാൻ താരം ഗബ്രിയേൽ ബാർബോസ , ഹെർത്ത ബെർലിൻ താരം മാത്യൂസ് ക്യൂന എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

ബ്രസീൽ കോപ്പ അമേരിക്ക സാധ്യത ഇലവൻ ;

അലിസൺ – ഡാനിലോ ,സിൽവ ,മാർക്വിൻഹോസ്‌ ,ലോഡി- കാസീമിറോ ,ഡഗ്ലസ് ലൂയിസ് ,ഫാബിൻഹോ – നെയ്മർ ,എവെർട്ടൻ ,ഫിർമിനോ