‘യൂറോപ്യൻ ശാപം’ : രണ്ടു പതിറ്റാണ്ടായി നോക്ക് ഔട്ടിൽ യൂറോപ്യൻ ടീമുകളോട് ജയിക്കാനാവാത്ത ബ്രസീൽ |Qatar 2022

ഖത്തർ ലോകകപ്പിലേക്ക് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി ഏറ്റവും കൂടുതൽ കിരീട പ്രതീക്ഷയോടെ എത്തിയ ടീമാണ് ബ്രസീൽ. 2002 നു ശേഷം വീണ്ടും കിരീടം നേടാൻ എന്ന വലിയ ലക്ഷ്യത്തോടെയാണ് നെയ്മറുടെ നേതൃത്വത്തിലേക്കുള്ള സംഘം ഖത്തറിൽ കാലു കുത്തിയത്. എന്നാൽ പ്രതീക്ഷകൾ എല്ലാം ക്വാർട്ടറിൽ അവസാനിപ്പിച്ച് അവർ മടങ്ങുകയാണ്.

ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ക്രോയേഷ്യയാണ് ബ്രസീലിനെ പരാജയപെടുത്തിയത്. അത്യന്തം ആവേശം നിറഞ്ഞ മസ്ലരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ക്രോട്ടുകൾ വിജയം സ്വന്തമാക്കിയത്. നോക്ക് ഔട്ട് റൗണ്ടിൽ യൂറോപ്യൻ ശാപം ബ്രസീലിനെ പിടിക്കൂടിയിട്ട് 20 വര്ഷമായിരിക്കുകയാണ്. 2002 ലോകകപ്പിന് ശേഷം ജർമ്മനിയെ ഫൈനലിൽ 2-0 ന് തോൽപ്പിച്ച് അഞ്ചാം തവണയും കിരീടം ഉയർത്തിയ ശേഷം നാല് വേൾഡ് കപ്പുകളിലും യൂറോപ്യൻ ടീമുകളോടാണ് ബ്രസീൽ പരാജയപ്പെട്ടിട്ടുള്ളത്.

2006 ൽ വിഖ്യാത നിരയുമായെത്തിയ ബ്രസീൽ സിദാന്റെ ഫ്രാൻസിനോട് ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി പുറത്തേക്ക് പോയി. തിയറി ഹെൻറിയാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.2010-ലെ ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം വെസ്ലി സ്‌നൈഡർ നേടിയ രണ്ടു ഗോളുകളിൽ നെതർലൻഡിനോട് തോറ്റു. 2014 ൽ കൊളംബിയയെ കീഴടക്കി സെമിയിലെത്തിയെങ്കിലും ജര്മനിയോട് 7 -1 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഹോളണ്ടിനോടും പരാജയപെട്ടു. 2018 ലെ വേൾഡ് കപ്പിൽ ക്വർട്ടറിൽ ബെൽജിയത്തിന് മുന്നിലും കാനറികൾ കീഴടങ്ങി.ഗ്രൂപ്പ് ഘട്ടങ്ങളിൽ യൂറോപ്യന്മാർക്കെതിരെ സെലെക്കാവോ വിജയിച്ചെങ്കിലും നോക്കൗട്ട് ഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു.

ഗോൾ രഹിതമായ 90 മിനുട്ടിന് ശേഷം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എക്‌സ്‌ട്രാ ടൈമിൽ നെയ്‌മറിന്റെ വണ്ടർ ഗോളിൽ ബ്രസീൽ മുന്നിലെത്തി. എന്നാൽ നാല് മിനിറ്റ് മാത്രം ശേഷിക്കെ ബ്രൂണോ പെട്രോവിച്ച് സമനില ഗോൾ നേടി ക്രൊയേഷ്യക്ക് ആശ്വാസം നൽകി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണവും. ക്രൊയേഷ്യക്കായി നിക്കോള വ്ലാസിച് ആദ്യ കിക്കെടുത്തു. നിക്കോള വ്ലാസിച് ആദ്യ കിക്ക് നേടിയതോടെ സമ്മർദം ബ്രസീലിന് മേലാണ്.

ബ്രസീലിനായി ആദ്യ കിക്കെടുക്കാൻ യുവതാരം റോഡ്രിഗോ എത്തി. പെനാൽറ്റി ഷൂട്ടൗട്ടിന്റെ സമ്മർദ്ദം താങ്ങാനുള്ള കരുത്ത് റോഡ്രിഗോയുടെ കാലുകൾക്കില്ലായിരുന്നു. റോഡ്രിഗോയുടെ കിക്ക് ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവകോവിച്ച് സേവ് ചെയ്തതോടെ ബ്രസീൽ സമ്മർദ്ദത്തിലായി.എന്നാൽ ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത ലോവ്‌റോ മജർ സ്വന്തം കിക്ക് സ്കോർ ചെയ്തു. ബ്രസീലിനായി രണ്ടാം കിക്കെടുത്ത കാസെമിറോയും ശക്തമായ ഷോട്ടിലൂടെ വലകുലുക്കി.ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുക്കാൻ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് എത്തി. പരിചയസമ്പത്തും കരുത്തും സമന്വയിപ്പിച്ച മോഡ്രിച്ചിന്റെ കിക്ക് തടയാൻ അലിസണിനായില്ല. സ്കോർ 3-1.

ബ്രസീലിന്റെ മൂന്നാം കിക്ക് സ്‌ട്രൈക്കർ പെഡ്രോ എടുത്തു. പെഡ്രോ പിഴവില്ലാതെ സ്കോർ ചെയ്തപ്പോൾ ബ്രസീലിന് പ്രതീക്ഷയായി. ക്രൊയേഷ്യയുടെ നിർണായകമായ നാലാം കിക്ക് എടുക്കാൻ മിസ്ലാവ് ഒർസിച് എത്തി. നാലാമത്തെ കിക്ക് നേടിയതോടെ എല്ലാ സമ്മർദ്ദവും ബ്രസീലിന്റെ കാലിലായിരുന്നു. ബ്രസീലിന്റെ നാലാം കിക്കെടുക്കാൻ വിശ്വസ്തനായ ഡിഫൻഡർ മാർക്വിനോസ് എത്തി.മാർക്വിഞ്ഞോസ് എടുത്ത നിർണായകമായ നാലാം കിക്ക് പോസ്റ്റിൽ തട്ടിയതോടെ ക്വാർട്ടർ കടക്കാൻ കഴിയാതെ ബ്രസീൽ വീണ്ടും മടങ്ങി.

സൂപ്പർ താരം നെയ്മറും യുവതാരം ആന്റണിയും പെനൽറ്റി കിക്ക് എടുക്കാതിരുന്നത് ശ്രദ്ധേയമായി. അഞ്ചാം പെനാൽറ്റി കിക്ക് എടുക്കാൻ കാത്തിരുന്ന നെയ്മറുടെ തീരുമാനം തെറ്റി. അങ്ങനെ 1986ന് ശേഷം ബ്രസീൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. ക്വാർട്ടർ വരെ ബ്രസീൽ പ്രതിരോധം നയിച്ച മാർക്വിഞ്ഞോസ്, ഭാവി വാഗ്ദാനമായ റോഡ്രിഗോ ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ദുരന്ത വീരന്മാരായി.

Rate this post