“രാജകീയമായി തന്നെ ലോകകപ്പിന് യോഗ്യത നേടി ബ്രസീലിയൻ ചുണക്കുട്ടികൾ”

കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു വിട്ട് ബ്രസീലും ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ്.തോൽവി എന്തെന്ന് അറിയാതെ ലാറ്റിൻ അമേരിക്കയിൽ നിന്നും ഖത്തർ ലോകകപ്പിന് ബ്രസീൽ യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ നെയ്‌മറുടെ പാസിൽ നിന്നും പക്വറ്റയാണ് ബ്രസീലിന്റെ ഗോൾ നേടിയത്.

ഇരു ടീമുകളും കരുതലോടെയാണ് മത്സരം ആരംഭിച്ചത്.34 ആം മിനുട്ടിൽ റൈറ്റ് ബാക്ക് ഡാനിലോയിലൂടെയാണ് ബ്രസീലിനു ആദ്യ പകുതിയിൽ ഗോൾവസരം ലഭിച്ചത്. താരത്തിന്റെ വലതു വിങ്ങിൽ നിന്നുള്ള ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. 39 ആം മിനുട്ടിൽ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസ് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. ആദ്യ പ്കുത്തിയുടെ ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്നും മാർക്വിനോസിന്റെ ഗോളെന്നുറച്ച ഹെഡ്ഡർ പുറത്തേക്ക് പോയി.

രണ്ടാം പകുതിയിൽ മുന്നേറ്റങ്ങൾക്ക് ശക്തി കൂട്ടാനായി ഫോമിലുള്ള റയൽ താരം വിനിഷ്യസിനെ ബ്രസീൽ ഇറക്കി. 58 ആം മിനുട്ടിൽ നിയമരുടെ ഒരു ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 64 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസ് പകരം അത്ലറ്റികോ സ്‌ട്രൈക്കർ മാത്യൂസ് കുൻഹയെ ടിറ്റെ ഇറക്കി. നെയ്മറുടെ നേതൃത്വത്തിൽ നിരന്തരം കൊളംബിയൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു എന്നാൽ ഗോൾ മാത്രം അകന്നു നിന്നു .എന്നാൽ 72 ആം മിനുട്ടിൽ ബ്രസീലിയൻ മുന്നേറ്റങ്ങൾക്ക് ഫലം ലഭിച്ചു. നെയ്മറുടെ ഒരു മികച്ച പാസിൽ നിന്നും ലൂക്കാസ് പാക്വെറ്റയാണ് കൊളംബിയൻ വല ചലിപ്പിച്ചത്.

ഗോൾ വീണതോടെ ബ്രസീൽ കൂടുതൽ അവസരങ്ങൾ ഒരുക്കികൊണ്ടിരുന്നു. 82 ആം മിനുട്ടിൽ പകരക്കാരൻ മാത്യൂസ് ക്യൂന ഗോളടിക്കാനുള്ള നല്ലൊരു അവസരം നഷ്ടപ്പെടുത്തി. ബോക്‌സിലേക്കുള്ള ഇഞ്ച് പെർഫെക്റ്റ് ക്രോസ് താരം ഹെഡ്ഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി. 88 ആം മിനുട്ടിൽ നെയ്മറുടെ ഇഞ്ച് പെർഫെക്റ്റ് പാസ് വിനീഷ്യസ് കണക്ട് ചെയ്‌തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 90 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ ഒരു പാസ് കണക്ട് ചെയ്തു ക്യൂനയുടെ ഒരു ഷോട്ട് ഗോൾകീപ്പർ തടുത്തിടുകയും ചെയ്തു. വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 34 പോയിന്റോടെ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് ബ്രസീൽ.