❝റഫറിമാർ ബ്രസീലിനു വേണ്ടി കളിക്കുന്നുവോ? ❞ ; സസ്‌പെൻഡ് ചെയ്യണമെന്നാവശ്യവുമായി കൊളംബിയ

കോപ്പ അമേരിക്ക ഗ്രൂപ്പ് മത്സരത്തിലെ ബ്രസീലിന്റെ വിജയത്തില്‍ വിവാദം അടങ്ങുന്നില്ല. കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ 2-1ന് ജയിച്ചിരുന്നു. എന്നാല്‍, ബ്രസീലിന്റെ ഗോള്‍ റഫറിയുടെ സഹായത്താലാണെന്നാണ് കൊളംബിയയുടെ ആരോപണം. വിവാദ റഫറി അര്‍ജന്റീനക്കാരനായ നെസ്റ്റര്‍ പിറ്റാനയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കൊളംബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോപ്പ സംഘാടകരോട് ആവശ്യപ്പെട്ടു. റഫറിമാർ ബ്രസീലിനെ കൂടുതൽ സഹായിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും പലഭാഗത്തും നിന്നും ഉയർന്നു വന്നിരുന്നു. കൊളംബിയയുടെ യുവന്റസ് താരം ജുവാൻ ക്വാഡ്രാഡോയും റഫറീകാർക്കെതിരെ വിമര്ശനം ഉന്നയിച്ചിരുന്നു.

2018 ലോകകപ്പ് ഫൈനലിൽ റഫറി ചെയ്ത അർജന്റീനക്കാരനായ നെസ്റ്റർ പിറ്റാനയുടെ കാലിൽ തട്ടിയ പന്തിൽ നിന്നാണ് റോബർട്ടോ ഫിർമിനോ ബ്രസീലിനു സമനില ഗോൾ നേടിക്കൊടുത്തത്.ബ്രസീലിന്റെ ആദ്യ ഗോളിന് ശേഷം വാര്‍ പരിശോധനയും നടത്തിയിരുന്നു. ടിവി റീപ്ലേയിലും റഫറിയുടെ ഇടപെടല്‍ വ്യക്തമാണെന്ന് കൊളംബിയ ചൂണ്ടിക്കാട്ടി. ബ്രസീലിയന്‍ കളിക്കാര്‍ക്ക് പാസ് ലഭിച്ചത് റഫറിയുടെ ദേഹത്ത് പന്ത് തട്ടിയശേഷമാണ്. ഫൗള്‍ വിളിക്കേണ്ടതിന് പകരം റഫറി കളി തുടരാന്‍ നിര്‍ദ്ദേശിച്ചത് നിയമത്തിന് വിരുദ്ധമാണെന്നും കൊളംബിയ നല്‍കിയ പരാതിയില്‍ പറയുന്നു.


ഒരു ഗോളിന് പിന്നില്‍നിന്ന നിലവിലെ ചാമ്പ്യന്മാര്‍ 78-ാം മിനിറ്റില്‍ നേടിയ സമനില ഗോളാണ് വിവാദത്തിനിടയാക്കിയത്. ഫിര്‍മിനോ ഹെഡ്ഡറിലൂടെ ഗോള്‍ മടക്കുകയായിരുന്നു. റെനന്‍ ലോഡിയുടെ തകര്‍പ്പന്‍ ക്രോസില്‍ നിന്നായിരുന്നു ഫിര്‍മിനോ ബോക്‌സിനകത്തുനിന്നും ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നത്. എന്നാല്‍, ഗോള്‍ വരുന്നു വഴിയില്‍ റഫറിയുടെ പിഴവുണ്ടെന്നാണ് കൊളംബിയയുടെ ആരോപണം. റെനലിലേക്ക് പന്ത് എത്തുന്നതിന് തൊട്ടുമുന്‍പ് നെയ്മറിന്റെ ഒരു പാസ് അര്‍ജന്റീനന്‍ റഫറി നെസ്റ്റര്‍ പിറ്റിനയുടെ കാലില്‍തട്ടി ബ്രസീല്‍ കളിക്കാരന് തന്നെ ലഭിച്ചിരുന്നു.

ഗോള്‍ വീണയുടന്‍ കൊളംബിയന്‍ കളിക്കാര്‍ റഫറിക്ക് ചുറ്റം നിന്ന് പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. 10 മിനിറ്റോളം മത്സരം തടസ്സപ്പെടുകയും ചെയ്തു. റഫറി വാര്‍ പരിശോധിച്ചശേഷമാണ് ഗോള്‍ അനുവദിച്ചത്. 10 മിനിറ്റ് കളിയില്‍ അധികം അനുവദിച്ചതിലൂടെ ബ്രസീല്‍ രണ്ടാം ഗോളും നേടി. അവസാന സെക്കന്റില്‍ കാസിമിറോ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ വിജയം.