❝ തുടർച്ചയായ മൂന്നാം🏆✌️ വിജയവും
തേടി ടീം 💪🇧🇷 ബ്രസീൽ ഇറങ്ങുന്നു
ശക്തരായ 🇨🇴🔥 കൊളംബിയക്കെതിരെ ❞

കോപ്പ അമേരിക്കയിൽ മൂന്നാം മത്സരത്തിനിറങ്ങുന്ന ബ്രസീൽ പുലർച്ചെ നടക്കുന്ന മത്സരത്തിൽ ശക്തരായ കൊളംബിയയെ നേരിടും. ബ്രസീൽ കൊളംബിയ പോരാട്ടം വിരുന്നെത്തുമ്പോൾ ഏതൊരു ഫുട്ബോൾ ആരാധകന്റെയും മനസ്സിൽ വരുന്നത് 2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലാണ്.കൊളംബിയൻ താരത്തിന്റെ കടുത്ത ഫൗളിൽ സൂപ്പർ താരം നെയ്മറിന് പരിക്കേറ്റത് കൊണ്ടും വാർത്തകളിൽ ഇടം നേടിയ മത്സരമായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ പെറുവിനെതിരെ തകർപ്പൻ ജയം നേടിയ ബ്രസീൽ ഹാട്രിക് വിജയം തേടിയാണ് കൊളംബിയക്കെതിരെ ഇറങ്ങുന്നത്.അലക്സ് സാന്ദ്രോ, നെയ്മർ, എവർട്ടൺ റിബെയ്‌റോ, റിച്ചാർലിസൺ എന്നിവരുടെ ഗോളിനായിരുന്നു സെലേക്കാവോയുടെ വിജയം .അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിലും വിജയം നേടാൻ ബ്രസീലിനായി. ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഏക ടീമും കൂടിയാണ് ബ്രസീൽ. അതുകൊണ്ട് തന്നെ അവർ ക്വാർട്ടർ ബെർത്ത് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളാണ് ബ്രസീൽ സംഘം അടിച്ചുകൂട്ടിയത്, ഒരു ഗോൾ പോലും വഴങ്ങാതെയാണ് അവർ രണ്ട് കളികളും പൂർത്തിയാക്കിയത്. ടീമിൽ കളിക്കുന്നവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട് എന്നുള്ളത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഇതിൽ എടുത്ത് പറയേണ്ടത് അവരുടെ സൂപ്പർ താരമായ നെയ്മറുടെ തകർപ്പൻ ഫോമാണ്. ബ്രസീൽ ടീമിന്റെ കേന്ദ്രബിന്ദുവായ താരം കളിയിൽ ഗോൾ നേടുന്നതിനൊപ്പം സഹതാരങ്ങൾക്ക് ഗോൾ അടിയ്ക്കാനുള്ള അവസരങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. മുന്നേറ്റനിരയും, മധ്യനിരയും, പ്രതിരോധനിരയും ഒരുപോലെ മികച്ചു നിൽക്കുന്നു എന്നതിനാൽ കാര്യമായ ആശങ്കകളില്ലാതെയാകും ബ്രസീൽ നാളെ കളിയ്ക്കാൻ ഇറങ്ങുക.


അതേസമയം, കൊളംബിയക്ക് മത്സരം വളരെ നിർണായകമാണ്. ഇക്വഡോറിനെതിരെ ജയിച്ചു തുടങ്ങിയ അവർ വെനേസ്വലക്കെതിരേ സമനിലയും പിന്നീട് പെറുവിനെതിരെ വഴങ്ങിയ തോൽവിയുടെ ക്ഷീണത്തിലാണ്‌ ബ്രസീലിനെതിരെ ഇറങ്ങുന്നത്. നിലവില്‍ ബ്രസീലിനു പുറകിൽ നാല് പോയിന്റുമായി കൊളംബിയ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങുകയും ഇക്വഡോറിനെതിരെ പെറു ജയിക്കുകയും ചെയ്‌താൽ അവർക്ക് രണ്ടാം സ്ഥാനം നഷ്ടമാകും. അതിനാൽ എന്ത് വില കൊടുത്തും ജയിക്കാനുറച്ചാകും കൊളംബിയ ഇറങ്ങുന്നത്. എന്നാൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രസീലിന്റെ കുതിപ്പിന് കടിഞ്ഞാണിടാൻ അവർക്ക് കഴിയുമോ എന്നതാണ് അറിയേണ്ടത്.

ബ്രസീലും കൊളംബിയയും തമ്മിലുള്ള അവസാന പത്ത് മീറ്റിംഗുകളിൽ, ഒരു മത്സരം മാത്രമാണ് കൊളംബിയ വിജയിച്ചത്.ബ്രസീൽ നാല് ജയം നേടിയപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കൊളംബിയയ്‌ക്കെതിരായ അവസാന പത്തൊൻപത് മത്സരങ്ങളിൽ ബ്രസീൽ ഒരു തവണ മാത്രമാണ് തോറ്റത്.2019 സെപ്റ്റംബറിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ 2-2 സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ ഇന്ന് കൂടുതൽ താരങ്ങൾക്ക് അവസരം നല്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന മാർക്വിൻ‌ഹോസിനെയും കാസെമിറോ ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.ഗബ്രിയേൽ ബാർബോസക്ക് പകരം റിച്ചാർലിസന് ടീമിലെത്തും.

ബ്രസീൽ സാധ്യത ടീം (4-2-1-3): അലിസൺ ബെക്കർ, ഡാനിലോ, ഈഡർ മിലിറ്റാവോ, മാർക്വിൻ‌ഹോസ്, അലക്സ് സാന്ദ്രോ; കാസെമിറോ, ഫ്രെഡ്, ലൂക്കാസ് പക്വെറ്റ; നെയ്മർ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ.
കൊളംബിയ സാധ്യത ടീം (4-5-1): ഡേവിഡ് ഓസ്പിന; സ്റ്റെഫാൻ മദീന, ഡേവിൻസൺ സാഞ്ചസ്, യെറി മിന, വില്യം ടെസിലോ; ജുവാൻ ക്വാഡ്രാഡോ, വിൽമാർ ബാരിയോസ്, ഗുസ്താവോ കുല്ലാർ, മാറ്റിയസ് ഉറിബ്, ലൂയിസ് ഡയസ്; ലൂയിസ് മുരിയേൽ.

നാളെ രണ്ട് മത്സരങ്ങളാണ് കോപ്പയിൽ നടക്കുക. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ പെറുവും ഇക്വഡോറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ 5.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ആതിഥേയരായ ബ്രസീൽ കൊളംബിയയെ നേരിടും.മത്സരം സോണി ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകും.