യൂറോപ്പിലേക്ക് തിരിച്ചു വരാനൊരുങ്ങി ബ്രസീലിയൻ താരം

ചൈനീസ് ലീഗിൽ കളിക്കുന്ന ബ്രസീലിയൻ താരം ഓസ്‌കാറിന്‌ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങാൻ ആഗ്രഹം. ഫോക്സ് സ്പോർട്സ് ബ്രസീലിനോടാണ് താരം തന്നെ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയത്. എന്നാൽ നിലവിൽ ഷാങ്ങ്ഹായ് എസ്ഐപിജി യുമായി കരാറുള്ള താരം കോൺട്രാക്ട് കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ചൈന വിടാൻ കഴിയൂ എന്നും വിശദീകരിക്കുന്നുണ്ട്.

സുഹൃത്തുക്കളായ ഡേവിഡ് ലൂയീസും വില്ല്യനും തന്നെ ആഴ്സണലിലേക്ക് ക്ഷണിച്ചതായും താരം പറയുന്നു.ഓസ്ക്കാർ പറയുന്നത് ഇങ്ങനെ: “വില്ല്യനും ഡേവിഡ് ലൂയിസും എന്നെ വിളിച്ചിരുന്നു. ആഴ്സണലിൽ ചേരാനാണ് അവർ ആവശ്യപ്പെടുന്നത്. പക്ഷേ എനിക്ക് ഷാങ്ങ്ഹായ് ക്ലബ്ബുമായി കരാറുണ്ട്, ഇവിടം വിട്ട് പോവുക എളുപ്പമല്ല. വില്ല്യൻ കോൺട്രാക്ട് പൂർത്തിയാക്കി, ഇപ്പോൾ ആഴ്സണലിൽ അവർ വീണ്ടും ഒരുമിച്ചതിൽ സന്തോഷമുണ്ട്. ഇവിടെ ഞാനും സന്തോഷവാനാണ്. സ്ഥലം ഏതാണ് എന്നതല്ല, നമ്മൾ സന്തുഷ്ടരായിരിക്കുക എന്നതാണ് പ്രധാനം. എനിക്ക് ഇവിടെ കോൺട്രാക്ട് ഉണ്ട്. ചില ക്ലബ്ബുകളിൽ നിന്നും ഓഫറുണ്ടായിരുന്നു, പക്ഷേ ഇവിടം വിട്ട് പോവുക എന്നത് എളുപ്പമല്ല. തീർച്ചയായും ഒരിക്കൽ യൂറോപ്പിലേക്ക് മടങ്ങാനാവും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

29 കാരനായ ബ്രസീലിയൻ മിഡ്ഫീൽഡർ 2017 ലാണ് ചെൽസി വിട്ട് ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറുന്നത്. 2012 ൽ ഇംഗ്ലീഷ് ടീം ചെൽസിയിലെത്തിയ ഓസ്കർ ക്ലബ്ബിനായി 131 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിക്കൊപ്പം 2 പ്രീമിയർലീഗ് ,ലീഗ് കപ്പ് ,യൂറോപ്പ ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ബ്രസീലിയൻ നാഷണൽ ടീമിന് വേണ്ടി വേൾഡ് കപ്പും ,കോപ്പ അമേരിക്കയും അടക്കം 47 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.