‘ഞാൻ ഇനി മുതൽ അർജന്റീനക്കൊപ്പമാണ്, നിങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല’ :മെസ്സിയെ പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ |Qatar 2022

ഒരിക്കൽക്കൂടി മാസ്മരിക പ്രകടനം കാഴ്‌ച വെച്ച് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയെ എത്തിച്ചിരിക്കുകയാണ് ലയണൽ മെസി. ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും താരം നേടിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ജൂലിയൻ അൽവാരസ് രണ്ടു ഗോളുകൾ നേടിയപ്പോൾ കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് വഴങ്ങിയ മൂന്നു ഗോളുകളുടെ തോൽവിക്ക് പകരം വീട്ടാനും മെസിക്കും അർജന്റീന ടീമിനും കഴിഞ്ഞു.

മത്സരത്തിനു ശേഷം മെസി തന്നെയാണ് വാർത്തകളിൽ നിറയുന്നത്. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മനോഹരമായ പ്രകടനമാണ് താരം അർജന്റീന ടീമിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ പിറന്ന മൂന്നാം ഗോളിന് മെസി നടത്തിയ നീക്കം അതിനൊരു ഉദാഹരണമാണ്. ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി കണക്കാക്കപ്പെട്ട ഗ്വാർഡിയോളിനെയാണ് ആ നീക്കത്തിൽ മെസി നിശബ്ദനാക്കിയത്. മത്സരത്തിനു ശേഷം മെസിയെ പ്രശംസിച്ച് രംഗത്തു വന്നവരിൽ ബ്രസീലിയൻ ഇതിഹാസം റിവാൾഡോയുമുണ്ടായിരുന്നു.

“ബ്രസീലും നെയ്‌മർ ജൂനിയറും ഈ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ ഞാൻ ഇനി മുതൽ അർജന്റീനക്കൊപ്പമാണ്. നിങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല ലയണൽ മെസി. നിങ്ങൾ മുൻപ് തന്നെ ലോക ചാമ്പ്യൻ ആകേണ്ടയാളായിരുന്നു. പക്ഷെ ദൈവത്തിനെല്ലാം അറിയാം, ഈ ഞായറാഴ്‌ച അദ്ദേഹം നിങ്ങളെയീ കിരീടം അണിയിക്കും. നിങ്ങളെന്ന മനുഷ്യനും നിങ്ങൾ കാഴ്‌ച വെക്കുന്ന മനോഹരമായ കളിയും ഇത് അർഹിക്കുന്നു. നിങ്ങൾക്ക് അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ.” റിവാൾഡോ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആദ്യത്തെ ഇരുപത് മിനുട്ടിലധികം ക്രൊയേഷ്യക്ക് ചെറിയ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ പിന്നീട് അർജന്റീന പൂർണമായും ആധിപത്യം പുലർത്തിയാണ് സെമി ഫൈനലിൽ വിജയം സ്വന്തമാക്കിയത്. ലയണൽ മെസി ഒരിക്കൽക്കൂടി ടീമിന്റെ നിർണായക ഘടകമായപ്പോൾ 2014നു ശേഷം ഒരിക്കൽ കൂടി ലോകകപ്പിന്റെ ഫൈനൽ കളിക്കുകയെന്ന നേട്ടം അർജന്റീനക്ക് ലഭിച്ചു. മൊറോക്കോയും ഫ്രാൻസും തമ്മിൽ ഇന്ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിലെ വിജയിയെയാണ് അർജന്റീന ഫൈനലിൽ നേരിടുക.

Rate this post