‘ബ്രസീലിലുള്ളവർ പോലും മെസിക്കു വേണ്ടിയാണ് ലോകകപ്പ് ഫൈനലിൽ ആർത്തു വിളിച്ചത്’ : റൊണാൾഡോ |Lionel Messi

ബ്രസീലും അർജന്റീനയും രാജ്യാന്തര ഫുട്ബോളിൽ കടുത്ത മത്സരമുള്ള രണ്ട് ടീമുകളാണ്. തെക്കേ അമേരിക്കയിൽ നിന്നുള്ള രണ്ട് ശക്തമായ ടീമുകൾ ആയതിനാൽ, അവർ തമ്മിലുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ തീവ്രതയും ഉണ്ട്. എന്നാൽ അതിനൊപ്പം തന്നെ വ്യക്തിപരമായ അടുപ്പം നിലനിർത്താനും ഈ ടീമിലെ കളിക്കാർ ശ്രദ്ധിക്കാറുണ്ട്. അർജന്റീന 2022 ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ ബ്രസീലിലെ പല മുൻ താരങ്ങളും അവരെ പിന്തുണച്ചു.

മുൻ ബ്രസീൽ താരങ്ങൾ ലോകകപ്പ് നേടുന്നതിന് പ്രധാനമായും ലയണൽ മെസ്സിക്ക് പിന്തുണ നൽകി. അതിനുപുറമെ, ഫിഫ ലോകകപ്പിലെ യൂറോപ്യൻ അപ്രമാദിത്വം അവസാനിപ്പിച്ച് സൗത്ത് അമേരിക്കൻ ടീമുകൾ കിരീടം നേടണമെന്ന് പലരും ആഗ്രഹിച്ചു. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം ഉയർത്തിയതിന് പിന്നാലെ ബ്രസീൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായ റൊണാൾഡോ നസാരിയോയും ലയണൽ മെസ്സിക്കും അർജന്റീനയ്ക്കും ആശംസകൾ നേർന്നു.

മെസ്സി ഈ കിരീടം നേടണമെന്ന് പല ബ്രസീലിയൻ താരങ്ങളും ആഗ്രഹിച്ചിരുന്നുവെന്ന് റൊണാൾഡോ നസാരിയോ പറഞ്ഞു.“ഇതുപോലെയുള്ള ഫുട്ബോൾ പരസ്‌പര മത്സരത്തെ ഇല്ലാതാക്കുന്നു. ആവേശകരമായ ഫൈനലിൽ ലോകമെമ്പാടുമുള്ള നിരവധി ബ്രസീലിയൻസ് മെസിക്കായി ആർപ്പു വിളിക്കുന്നത് ഞാൻ കണ്ടു. ലോകകപ്പിലെ ഒരു താരമെന്ന നിലയിൽ മാത്രമല്ല, ഒരു കാലഘട്ടത്തെ തന്നെ നയിച്ച താരമെന്ന നിലയിൽ അർഹിച്ചതാണ് താരത്തിന് ലഭിച്ചത്, അഭിനന്ദനങ്ങൾ മെസി.” റൊണാൾഡോ പറഞ്ഞു.

ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും നേട്ടത്തെ അഭിനന്ദിച്ച് ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്ൻ ടീമംഗവും ബ്രസീലിയൻ താരവുമായ നെയ്മർ, ഇതിഹാസ താരം റിവാൾഡോ എന്നിവരും രംഗത്തെത്തി. മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ലോകകപ്പ് നേടിയത്. 2002-ൽ ബ്രസീൽ ലോകകപ്പ് നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു തെക്കേ അമേരിക്കൻ ടീം ഫിഫ ലോകകപ്പ് നേടുന്നത്. ഓരോ തെക്കേ അമേരിക്കക്കാരനും അതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.

Rate this post