❝ ബ്രസീലിൽ നിന്നും പുതിയൊരു അത്ഭുത താരം കൂടി റയൽ മാഡ്രിഡിൽ ❞ |Brazil |Real Madrid

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്. ആ നിരയിലെത്താക്കാൻ പുതിയ താരം കൂടി ബ്രസീലിൽ നിന്നും ഉയർന്നു വരികയാണ്.

ലോകമെമ്പാടുമുള്ള യുവ പ്രതിഭകളെ കണ്ടെത്തി ടീമിലെത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ക്ലബ്ബാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ഒരു കാലത്തും പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ബ്രസീലിൽ നിന്നും നിരവധി താരങ്ങളെയാണ് റയൽ മാഡ്രിഡിൽ എത്തിച്ചിട്ടുള്ളത്.വിനീഷ്യസ്, റോഡ്രിഗോ, റെയ്‌നിയർ എന്നിവർക്ക് പിന്നാലെ പുതിയൊരു താരം കൂടി റയലിലേക്കെത്തുകയാണ്.

18കാരനായ വിനീഷ്യസ് തോബിയാസ് ആണ് റയൽ മാഡ്രിഡുമായി കരാറിൽ എത്തിയിരിക്കുന്നത്‌. ഉക്രൈൻ ക്ലബായ ശക്തറിൽ ആയിരുന്നു താരം. ഉക്രൈനിൽ യുദ്ധം ആയതിനാൽ ഉക്രൈൻ ക്ലബിലെ താരങ്ങളെ ട്രാൻസ്ഫർ വിൻഡോയുടെ വിധിവിലക്കുകൾ ഇല്ലാതെ തന്നെ സൈൻ ചെയ്യാം എന്ന ഇളവ് മുതലെടുത്താണ് റയലിന്റെ സൈനിംഗ്. ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും ബ്രസീലിയൻ ഡിഫെൻഡർക്ക് വേണ്ടി ശ്രമം നടത്തിയിരുന്നു.

ഈ വർഷം ജനുവരിയിൽ ഇന്റർനാഷണലിൽ നിന്ന് ഷക്തർ ഡൊനെറ്റ്സ്കിൽ ചേർന്ന 18-കാരൻ ഇതുവരെ ഉക്രേനിയൻ ക്ലബ്ബിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയിട്ടില്ല.ഡാനി കാർവാജലിന്റെ പ്രകടന നിലവാരം കുറയുന്നതിനാൽ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിന് ഒരു റൈറ്റ് ബാക്കിനെ ടീമിലെത്തിക്കും എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.വിനീഷ്യസ് ടോബിയാസ് റയലിന്റെ വലതു വിങ്ങിൽ ഒരു ദീർഘകാല പരിഹാരമായി ഉയർന്നു വന്ന താരം കൂടിയാണ് .

ബ്രസീലിന്റെ അടുത്ത തലമുറയിലെ മുൻനിര പ്രതിഭകളിൽ ഒരാളായി വിനീഷ്യസ് കണക്കാക്കപ്പെടുന്നു, കൂടാതെ നിരവധി വ്യത്യസ്ത സ്ഥാനങ്ങളിൽ കളിക്കാനുള്ള വൈദഗ്ധ്യമുണ്ട്.ഷാക്തർ ഡിഫൻഡർ ട്രേഡിൽ ഒരു റൈറ്റ് ബാക്ക് ആണ്, എന്നാൽ യുവ താരത്തിന്റെ ശാരീരിക ഉയരവും ആകർഷകമായ വേഗതയും ക്രോസിംഗ് കഴിവും കാരണം ഒരു സെന്റർ ബാക്ക് ആയും ഒരു വിംഗറായും കളിക്കാൻ സാധിക്കും.