ബ്രസീലിനെ പരിശീലിപ്പിക്കാനുള്ള അവസരം നിരസിച്ചതായി സാവി

ബാഴ്സലോണയുടെ പുതിയ പരിശീലകനായി ഇതിഹാസ താരം സാവി കഴിഞ്ഞ ദിവസം ചുമതലയേറ്റു.ബ്രസീൽ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം തനിക്ക് മുന്നിൽ വന്നിരുന്നുവെന്നും എന്നാൽ താനത്‌ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ബാഴ്സയുടെ പരിശീലകനായ ശേഷം സാവി വെളിപ്പെടുത്തി.അടുത്ത വർഷം ലോകകപ്പ് വരെ ടിറ്റെയുടെ കോച്ചിംഗ് സ്റ്റാഫിൽ ചേരാൻ മുൻ മധ്യനിര താരത്തിന് മാസങ്ങൾക്ക് മുമ്പ് അവസരം ലഭിച്ചിരുന്നു.താൻ തയ്യാറല്ലെന്ന് തോന്നിയതിനാൽ കഴിഞ്ഞ വർഷം ബാഴ്‌സലോണ പരിശീലക സ്ഥാനം നിരസിച്ച സാവി, ഓഫ് സീസണിൽ ബ്രസീലിൽ നിന്നുള്ള ക്ഷണം നിരസിക്കുകയായിരുന്നു. ഖത്തർ 2022 ന് ശേഷം ടിറ്റെ മാറിനിൽക്കുന്നതോടെ സാവി മുഖ്യ പരിശീലകനായി ചുമതലയേൽക്കും എന്നായിരുന്നു പദ്ധതി. എന്നിരുന്നാലും, തന്റെ പ്രിയപ്പെട്ട ബാഴ്‌സലോണ വിളിക്കുമെന്ന വിശ്വാസത്തോടെ ഖത്തറിൽ തുടരാൻ സാവി ഇഷ്ടപ്പെട്ടു.

“ഞാൻ ബ്രസീലിയൻ ഫെഡറേഷനുമായി സംസാരിച്ചുവെന്നത് ശരിയാണ്, ടിറ്റെയെ അസ്സിസ്റ് ചെയ്യുകയും ലോകകപ്പിന് ശേഷം ടീമിനെ ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു ആശയം. പക്ഷെ എന്റെ സ്വപ്നം ബാഴ്‌സലോണയിലേക്ക് വരുക എന്നതായിരുന്നു. ഞാൻ ഒരുങ്ങിയിരിക്കുകയാണ് , വളരെ ആത്മവിശ്വാസമുണ്ട്, ഇതാണ് നിമിഷമെന്ന് എനിക്ക് തോന്നുന്നു.” സാവി പറഞ്ഞു.

2024 ജൂൺ വരെയുള്ള കരാറിലാണ് സാവി ഒപ്പിട്ടത്,“ഞാൻ വളരെ ആവേശത്തിലാണ് സാവി ആരാധകരോട് പറഞ്ഞു.ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, വിജയിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും.സമനിലയോ തോൽവിയോ കൊണ്ട് തൃപ്തരാകാൻ ബാഴ്‌സയ്ക്ക് കഴിയില്ല, എല്ലാ മത്സരങ്ങളും ജയിക്കണം”.

തന്റെ കളിജീവിതത്തിനിടയിൽ 17 സീസണുകൾ ചെലവഴിച്ച ക്ലബ്ബിന്റെ ചുമതല വഹിക്കാനുള്ള ഒരുക്കത്തിലാണ് സാവി. ബാഴ്സക്കായി 767 മത്സരങ്ങൾ കളിക്കുകയും ചെയ്തു.2015 വരെ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ച സാവി, നാല് തവണ ചാമ്പ്യൻസ് ലീഗും എട്ട് തവണ ലാലിഗയും ഉൾപ്പെടെ 25 ട്രോഫികൾ നേടിയിട്ടുണ്ട്. ഖത്തറിൽ അൽ സദ്ദിനൊപ്പം തന്റെ രണ്ടര വർഷത്തിനിടെ ഏഴ് ട്രോഫികൾ നേടിയിട്ടുണ്ട്.