‘അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ റഫറി ഞങ്ങളെ തോൽപ്പിച്ചു,പോർച്ചുഗലിൽ നിന്നൊരു റഫറിയില്ല’: ആരോപണവുമായി പെപ്പെയും ഫെർണാണ്ടസും |Qatar 2022

ഖത്തർ ലോകകപ്പിൽ വമ്പൻ ടീമുകളുടെ കൊഴിഞ്ഞു പോക്കിനാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ ബ്രസീലിനെ ക്രൊയേഷ്യ പുറത്താക്കിയതിനു പിന്നാലെ ഇന്നത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പന്മാരായ പോർചുഗലിനു പുറത്തേക്കുള്ള വഴി കാണിച്ച് മൊറോക്കോ വിജയം കുറിച്ചു. ആദ്യപകുതിയിൽ യൂസഫ് എൻ നെസിറി നേടിയ ഗോളിൽ മുന്നിലെത്തിയ മൊറോക്കോക്കു നേരെ പോർച്ചുഗൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടെങ്കിലും കൃത്യമായി പ്രതിരോധിച്ച് അവർ വിജയം നേടുകയായിരുന്നു.

അതേസമയം മത്സരത്തിൽ നിന്നും പുറത്തായതിനു പിന്നാലെ റഫറിക്കും മെസിക്കുമെതിരെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് പോർച്ചുഗൽ പ്രതിരോധതാരമായ പെപ്പെ. മത്സരം നിയന്ത്രിച്ചത് അർജന്റീനിയൻ റഫറിയാണെന്നും അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ പെപ്പെ അർജന്റീനക്ക് കിരീടം നൽകുകയാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. അർജന്റീനയുടെ കഴിഞ്ഞ മത്സരം നിയന്ത്രിച്ച മാത്യു ലാഹോസിനെതിരെ മെസി നടത്തിയ പരാമർശങ്ങൾ ഇതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പെപ്പെ പറഞ്ഞു.

“കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളും, മെസി പരാതി പറഞ്ഞതും പരിഗണിക്കുമ്പോൾ ഒരു അർജന്റീനിയൻ റഫറി ഇന്നത്തെ മത്സരം നിയന്ത്രിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇന്നു ഞാൻ കണ്ട കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ അർജന്റീനക്ക് കിരീടം ഇപ്പോൾ തന്നെ കൊടുക്കുകയാണ് നല്ലത്.” മത്സരത്തിനു ശേഷം പെപ്പെ പറഞ്ഞത് റെലെവോ വെളിപ്പെടുത്തി. അർജന്റീനക്കു വേണ്ടി പോർച്ചുഗലിനെ തോൽപ്പിക്കാൻ റഫറി കൂട്ടു നിന്നുവന്ന വാദം തന്നെയാണ് പെപ്പെ ഉയർത്തുന്നത്.

ക്വാർട്ടർ ഫൈനൽ മത്സരം അർജന്റീനയിൽ നിന്നുള്ള റഫറി നിയന്ത്രിച്ചതിനെ വിമർശിച്ച് പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസും രംഗത്തെത്തിയിരിക്കുകയാണ്. ക്വാർട്ടർ ഫൈനൽ മത്സരം അർജന്റീനയിൽ നിന്നുള്ള റഫറി നിയന്ത്രിച്ചതിനെ വിമർശിച്ച് ബ്രൂണോ ഫെർണാണ്ടസും. ഫാകുണ്ടോ ടെല്ലോയെന്ന അർജന്റീനിയൻ റഫറിയാണ് മത്സരം നിയന്ത്രിച്ചത്. “എനിക്ക് പറയാനുള്ളത് ഞാൻ പറയും, അവർക്ക് പിന്നീട് ചെയ്യാനുള്ളത് ചെയ്യാം. ലോകകപ്പിൽ ഇപ്പോഴും തുടരുന്ന അർജന്റീനയിൽ നിന്നുമുള്ള ഒരു റഫറി മത്സരം നിയന്ത്രിക്കുന്നത് വിചിത്രമായ കാര്യമാണ്. പോർച്ചുഗലിൽ നിന്നൊരു റഫറി ഇവിടെയില്ല. ഞങ്ങളുടെ റഫറിമാർ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാറുണ്ട്, അവർക്ക് ഇതുപോലത്തെ മത്സരം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ അർജന്റീനിയൻ റഫറിമാർ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകാറില്ല. അവരെ ഇത്തരം മത്സരങ്ങൾ ഏൽപ്പിക്കരുത്, അതിനുള്ള കഴിവ് അവർക്കില്ല, അത് മത്സരത്തെ മുറുക്കമുള്ളതാക്കി.”

“ആദ്യപകുതിയിൽ എനിക്ക് പെനാൽറ്റി നൽകേണ്ടതു തന്നെയായിരുന്നു. ഞാൻ ഒറ്റക്കായിരുന്നു, ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കുന്ന അവസരങ്ങളിൽ എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ സ്വയം വീണിട്ടില്ല. ഗോളിലേക്ക് എളുപ്പത്തിൽ ഷൂട്ട് ചെയ്യാൻ കഴിയുന്ന അതുപോലൊരു സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ വീഡിയോ റഫറി പരിശോധിച്ച് ഒന്നും തന്നില്ല.” ബ്രൂണോ ഫെർണാണ്ടസ് മത്സരത്തിനു ശേഷം പറഞ്ഞു. മത്സരം പോർച്ചുഗൽ തോൽക്കാൻ റഫറിയിങ് കാരണമായി എന്നു തന്നെയാണ് താരം ചൂണ്ടിക്കാട്ടുന്നത്.

മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് മൊറോക്കോ വിജയം നേടിയത്. പോർച്ചുഗലിന് അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും മൊറോക്കൻ പ്രതിരോധവും ഗോൾകീപ്പറും അതിനെ മികച്ച രീതിയിൽ തടഞ്ഞു നിർത്തി. വിജയം നേടി സെമി ഫൈനലിൽ എത്തിയതോടെ ലോകകപ്പിന്റെ സെമി ഫൈനൽ കളിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി.

Rate this post