ബ്രൂണോ ഫെർണാണ്ടസ്; ❝ വലിയ പ്രതീക്ഷയുമായി വന്ന് യൂറോയിൽ ഏറ്റവും നിരാശപ്പെടുത്തിയ താരം ❞

യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഗ്രൂപ് ഘട്ടങ്ങളിൽ വമ്പൻ അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിലും ഇന്നലെ നടന്ന രണ്ടു പ്രീ ക്വാർട്ടറിലും കിരീട സാധ്യതയുള്ള രണ്ടു ടീമുകളാണ് പുറത്തോട്ട് പോയത്. അതിൽ നിലവിലെ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ തോൽവിയാണു ഏവരെയും അത്ഭുതപ്പെടുത്തിയത്. നിരവധി സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും മികവിനൊത്ത പ്രകടനം പുറത്തെടുക്കാൻ പറങ്കി താരങ്ങൾക്കായില്ല. പോർച്ചുഗീസ് നിരയിൽ ഏറ്റവും നിരാശ പെടുത്തിയ താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്.

അവസാന കുറേ കാലമായി പോർച്ചുഗൽ എല്ലാ തവണയും വലിയ ഒരു ടൂർണമെന്റിന് ഇറങ്ങുമ്പോൾ ഒരു പേരു മാത്രമേ എല്ലാവരും പറയാറുണ്ടായിരുന്നുള്ളൂ. അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു. എന്നാൽ ഇത്തവണ യൂറോ കപ്പിന് പോർച്ചുഗൽ എത്തുമ്പോൾ എല്ലാവരും പോർച്ചുഗലിന് റൊണാൾഡോ മാത്രമല്ല ബ്രൂണോ ഫെർണാണ്ടസും ഉണ്ട് എന്ന് പറഞ്ഞു. പക്ഷെ താരത്തിന്റെ പ്രതിഭയുടെ ഒരു മിന്നലാട്ടവും ടൂർണമെന്റിൽ കാണാൻ സാധിച്ചില്ല. മോശം പ്രകടനത്തിന്റെ പേരിൽ ആദ്യ ഇലവനിൽ നിന്നും സ്ഥാനം നഷ്ടപെടുകയും ചെയ്തു.

യൂറോ കപ്പിലെ താരമാവുമെന്നു ഏവരും കരുതിയ കളിക്കാരനാണ് പോർച്ചുഗീസ് മിഡ്ഫീൽഡർ ജനറൽ ബ്രൂണോ ഫെർണാണ്ടസ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിലയിരുത്തൽ. യൂറോ കപ്പിനെത്തുന്ന താരങ്ങളിൽ ഏറ്റവും ഫോമിലുള്ള കളിക്കാരനും ഈ 26 കാരനായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്രൂണോ ഫെർണാണ്ടസ് കൂട്ടുകെട്ട് യൂറോയിൽ അത്ഭുതങ്ങൾ കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. ഈ സീസണിൽ യുണൈറ്റഡിനെ ഒറ്റക്ക് തോളിലേറ്റിയ ബ്രൂണൊക്ക് യൂറോയിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല.

ഗോളും അസിസ്റ്റുമായി പ്രീമിയർ ലീഗിൽ തിളങ്ങി നിന്ന നിറ സാന്നിദ്ധ്യത്തിന് ഈ യൂറോയിൽ ഒരു ഗോൾ സംഭാവന വരെ ഇല്ല. ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ബ്രൂണോയെ ജർമ്മനിക്ക് എതിരായ പരാജയത്തിനു ശേഷം പരിശീലകൻ സാന്റോസ് വിശ്വാസത്തിൽ എടുത്തുമില്ല. അവസാന രണ്ടു മത്സരങ്ങളിലും സബ്ബായി എത്തി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കാണുന്ന ബ്രൂണോ ഫെർണാണ്ടസിന്റെ നിഴൽ മാത്രമേ പോർച്ചുഗൽ ജേഴ്സിയിൽ കാണാൻ ആയുള്ളൂ.

ഓൾഡ് ട്രഫോർഡിലെ 18 മാസത്തിൽ 40 ​ഗോളും 25 അസിസ്റ്റുമാണ് ബ്രൂണോയിൽ നിന്ന് വന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് ജേഴ്സിയിൽ സ്വതന്ത്രനായി കളിക്കുന്ന താരം ദേശിയ ടീമിലേക്ക് എത്തുമ്പോൾ ഉൾവലിയുന്നു. പാസ് നഷ്ടപ്പെടുമ്പോൾ ഓൾഡ് ട്രഫോർഡിൽ കൈകളുയർത്തി നിരാശ പ്രകടിപ്പിക്കുന്ന താരം പോർച്ചു​ഗൽ കുപ്പായം അണിയുമ്പോൾ മറ്റൊരു വ്യക്തിയാവുന്നു. നീണ്ട ലീഗ് മത്സരത്തിനൊടുവിൽ ബ്രൂണോ വളരെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു.2020-21 കാലഘട്ടത്തിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ കളിക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ഗെയിമുകൾ കളിച്ചത് ബ്രൂണോ ഫെർണാണ്ടസാണ്.70 മത്സരങ്ങൾ കളിച്ച അദ്ദേഹം ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ച പട്ടികയിൽ മൂന്നാം സ്ഥാനത്താണ് (5455).

ക്രിസ്റ്റ്യാനോയെ പ്രധാന താരമായി വെച്ചുകൊണ്ട് മുൻപോട്ട് പോവുന്ന പോർച്ചുഗലിന്റെ ഗെയിം പ്ലാൻ ബ്രൂണോയ്ക്ക് ഇണങ്ങുന്നില്ലെന്ന് വ്യക്തം. യുനൈറ്റഡിന്റെ ഫ്രീകിക്ക്, സ്പോട്ട് കിക്ക് എടുക്കുന്ന പ്രധാന താരം ഇവിടെ ക്രിസ്റ്റ്യാനോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ പൂർണമായും പിന്നിലേക്ക് വലിയുന്നു. റൊണാൾഡോ ഒഴികെയുള്ള ഒരു പോർച്ചുഗൽ താരത്തിനും യൂറോയിൽ മികവിലേക്കുയരാൻ സാധിച്ചില്ല. ക്ലബ് ജേഴ്സിയിൽ തകർത്തു കളിച്ച പല താരങ്ങളും ദേശീയ ടീമിൽ വെറും കാഴ്ചക്കാരായി മാറി.