❝ ഗ്രൗണ്ടിലുണ്ട് പക്ഷെ കളിക്കുന്നില്ല ❞ ; ബ്രൂണോ ഫെർണാണ്ടസിനെന്ത് പറ്റി ?

യൂറോ കപ്പിലെ താരമാവുമെന്നു ഏവരും കരുതിയ കളിക്കാരനാണ് പോർച്ചുഗീസ് മിഡ്ഫീൽഡർ ജനറൽ ബ്രൂണോ ഫെർണാണ്ടസ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിലയിരുത്തൽ. യൂറോ കപ്പിനെത്തുന്ന താരങ്ങളിൽ ഏറ്റവും ഫോമിലുള്ള കളിക്കാരനും ഈ 26 കാരനായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്രൂണോ ഫെർണാണ്ടസ് കൂട്ടുകെട്ട് യൂറോയിൽ അത്ഭുതങ്ങൾ കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. ഈ സീസണിൽ യുണൈറ്റഡിനെ ഒറ്റക്ക് തോളിലേറ്റിയ ബ്രൂണൊക്ക് യൂറോയിൽ റൊണാൾഡോയുടെ നിഴലിലേക്ക് വീണതോടെ ഓൾഡ് ട്രഫോർഡിൽ പുറത്തെടുത്ത മികവ് ആവർത്തിക്കാനാവുന്നില്ല.

പോർച്ചു​ഗലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രൂണോ നിരാശപ്പെടുത്തി. 4-2ന്റെ തോൽവിയിലേക്ക് ജർമനിക്കെതിരെ പോർച്ചു​ഗൽ വീണതിന് പിന്നാലെ മധ്യനിരയിൽ കളി കൈവിടുന്നതാണ് തിരിച്ചടിയാവുന്നത് എന്ന വിലയിരുത്തലുകൾ ഉയർന്നു.ജര്മനിക്കെതിരെ 64 ആം മിനുട്ടിൽ പരിശീലകൻ താരത്തെ പിൻവലിക്കുകയും ചെയ്തു യുണൈറ്റഡിന് വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുന്ന ബ്രൂണൊക്ക് യൂറോയിൽ ഒരു ഗോൾ പോലും ഇതുവരെ നേടാൻ സാധിച്ചിട്ടില്ല. ഇന്ന് നിർണായക മത്സരത്തിൽ ഫ്രാൻസിനെ നേരിടുമ്പോൾ താരം മികവിലേക്കുയരും എന്നാണ് എല്ലാവരും കണക്കു കൂട്ടുന്നത്.

സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ മുഖ്യ പങ്കു വഹിച്ചത് ബ്രൂണോയുടെ ബൂട്ടുകളായിരുന്നു . എന്നാൽ ഹംഗറിക്കും ജർമനിക്കും എതിരെയും ബ്രൂണോയുടെ ബൂട്ടുകൾ ചലിച്ചില്ല . ജർമനിക്കെതിരെ 64ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുമ്പോൾ ബ്രൂണോയിൽ നിന്ന് ആ സമയം വരെ വന്നത് ഒരു പ്രധാനപ്പെട്ട പാസ് മാത്രം. ഒരു ടാക്കിളോ, ഇന്റർസെപ്ഷനോ, ഷോട്ടോ, ഡ്രിബിളോ ജർമനിക്കെതിരെ ബ്രൂണോയിൽ നിന്ന് വന്നില്ല. പോർച്ചുഗൽ ഏഴ് ഗോൾ യൂറോയിൽ ഇതുവരെ നേടിയപ്പോൾ ഇതിലൊന്നും ബ്രൂണോയുടെ അസിസ്റ്റ് ഇല്ല. പറയാനാവുന്നത് ഹംഗറിക്കെതിരായ രണ്ട് ഷോട്ടുകൾ മാത്രം


11 കളിക്കാരുമായാണ് കളിക്കേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ട് കളിയിലും ബ്രൂണോ പിച്ചിലുണ്ടായി. എന്നാൽ കളിച്ചില്ല, മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ പരിശീലകൻ മൗറി‍ഞ്ഞോ പറഞ്ഞു.വളരെയധികം കഴിവുകളുള്ള താരമാണ് ബ്രൂണോ ഫെർണാണ്ടസ് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കുമ്പോഴുള്ള നിലവാരം താരത്തിന് യൂറോയിൽ കാഴ്‌ച വെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മൗറി‍ഞ്ഞോ അഭിപ്രായപ്പെട്ടു. ഓൾഡ് ട്രഫോർഡിലെ 18 മാസത്തിൽ 40 ​ഗോളും 25 അസിസ്റ്റുമാണ് ബ്രൂണോയിൽ നിന്ന് വന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് ജേഴ്സിയിൽ സ്വതന്ത്രനായി കളിക്കുന്ന താരം ദേശിയ ടീമിലേക്ക് എത്തുമ്പോൾ ഉൾവലിയുന്നു. പാസ് നഷ്ടപ്പെടുമ്പോൾ ഓൾഡ് ട്രഫോർഡിൽ കൈകളുയർത്തി നിരാശ പ്രകടിപ്പിക്കുന്ന താരം പോർച്ചു​ഗൽ കുപ്പായം അണിയുമ്പോൾ മറ്റൊരു വ്യക്തിയാവുന്നു.

ക്രിസ്റ്റ്യാനോയെ പ്രധാന താരമായി വെച്ചുകൊണ്ട് മുൻപോട്ട് പോവുന്ന പോർച്ചുഗലിന്റെ ഗെയിം പ്ലാൻ ബ്രൂണോയ്ക്ക് ഇണങ്ങുന്നില്ലെന്ന് വ്യക്തം. യുനൈറ്റഡിന്റെ ഫ്രീകിക്ക്, സ്പോട്ട് കിക്ക് എടുക്കുന്ന പ്രധാന താരം ഇവിടെ ക്രിസ്റ്റ്യാനോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ പൂർണമായും പിന്നിലേക്ക് വലിയുന്നു. അഞ്ച് വർഷം മുൻപ് നേടിയ കിരീടം നിലനിർത്തണം എങ്കിൽ ഇത്തവണ ക്രിസ്റ്റ്യാനോ മാത്രം പോർച്ചുഗലിനായി നിറഞ്ഞു കളിച്ചാൽ പോരെന്ന് വ്യക്തം. കഴിഞ്ഞ കളിയിൽ പകരക്കാരനായി എത്തിയ റെനാറ്റോ സാഞ്ചെസിനെ ഇന്നത്തെ കളിയിൽ ബ്രൂണൊക്ക് പകരം പോർച്ചുഗീസ് പരിശീലകൻ പരീക്ഷിക്കാനും സാധ്യത കാണുന്നുണ്ട്.