ജർമൻ ബുണ്ടസ്ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ വിറപ്പിച്ച് ഹെർത്ത ബെർലിൻ. പോളിഷ് സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്കി നാലു ഗോളുമായി താണ്ഡവമാടിയ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചാമ്പ്യന്മാരുടെ വിജയം.ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലെവൻഡോസ്കിയുടെ പെനാൽറ്റി ഗോളിലാണ് ബയേൺ വിജയം കരസ്ഥമാക്കിയത്.

യുവേഫ പ്ലയെർ ഓഫ് ദി ഇയർ അവാർഡ് നേടിയതിനു ശേഷം കളത്തിലിറങ്ങിയ പോളിഷ് താരം ആദ്യ മത്സരം തന്നെ 4 ഗോളുമായി ഗംഭീരമാക്കി . ആദ്യപകുതിയുടെ 40 ആം മിനുട്ടിൽ ലെവൻഡോസ്കി നേടിയ ഗോളിന് ബയേൺ മുന്നിലെത്തി . രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ബയേൺ രണ്ടാം ഗോൾ നേടി 51 ആം മിനുട്ടിൽ റിച്ചാർഡ്സിന്റെ പാസിൽ നിന്നായിരുന്നു ഗോൾ .59 ആം മിനുട്ടിൽ കോർഡോബയിലൂടെ ഹെർത്ത ഒരു ഗോൾ മടക്കി. 77 ആം മിനുട്ടിൽ ബ്രസീലിയൻ താരം ക്യൂൻഹയുടെ ഗോളിലൂടെ ഹെർത്ത സമനില പിടിച്ചു.

എന്നാൽ മത്സരം അവസാനിക്കാൻ 5 മിനുട്ട് അവശേഷിക്കെ മുള്ളറുടെ പാസിൽ നിന്നും ലെവെൻഡോസ്കി ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 88 ആം മിനുട്ടിൽ ഹെർത്ത വീണ്ടും തിരിച്ചു വന്നു ഗാങ്കം നേടിയ ഗോളിലൂടെ സ്കോർ 3 -3 എന്നാക്കി മാറ്റി. എന്നാൽ ഇഞ്ചുറി ടൈമിലെ 5 ആം മിനുട്ടിൽ നിർണായകമായ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലെവൻഡോസ്കി മത്സരത്തിൽ തന്റെ നാലാം ഗോളും മ്യൂണിക്കിന്റെ വിജയവും കുറിച്ചു.
