യൂറോപ്പിൽ അജയ്യരായി ബയേൺ മ്യൂണിക്ക്

യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ജർമൻ ചാമ്പ്യന്മാരും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്. സൂപ്പർ കപ്പ് ഫൈനലിൽ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ മറികടന്നാണ് ബയേൺ മ്യൂണിക് സൂപ്പർ കപ്പ് സ്വന്തമാക്കിയത് (2-1). ഇരു ടീമുകളും ബലാബലം പോരാടിയ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ഹാവി മാർട്ടിനസ് നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ 15,180 ആരാധകർക്ക് മുന്നിൽ വെച്ചാണ് ബയേൺ കിരീടമുയർത്തിയത്.

മത്സരം തുടങ്ങി ആദ്യ പകുതിയിൽ ഗോൾ നേടി സെവിയ്യ ചാമ്പ്യന്മാരെ ഞെട്ടിച്ചു . മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഒക്കമ്പോസ് ആണ് സെവിയ്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. റാകിറ്റിച്ചിനെ അലാബ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ഒക്കമ്പോസ് ഗോളാക്കി മാറ്റിയത്. ഗോൾ വീണതിന് ശേഷം ആക്രമിച്ചു കളിച്ച ബയേണിന് മികച്ച അവസങ്ങൾ ലഭിച്ചു. സൂപ്പർ താരങ്ങളായ മുള്ളറിനും, ലെവൻഡോസ്‌കിക്കും അവസരങ്ങളെ ലഭിച്ചെങ്കിലും ഗോളായി മാറിയില്ല . എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ബയേൺ മ്യൂണിക് ഗോരെസ്കെയിലൂടെ സമനില പിടിച്ചു. ലെവൻഡോസ്‌കിയുടെ പാസിൽ നിന്നായിരുന്നു ഗോരെസ്കെയുടെ ഗോൾ.

തുടർന്ന് രണ്ടാം പകുതിയുടെ 51 ആം മിനുട്ടിൽ ബയേൺ മ്യൂണിക് ലെവൻഡോസ്‌കിയിലൂടെ രണ്ടാമത്തെ ഗോൾ നേടിയെങ്കിലും വാർ ഗോൾ നിഷേധിക്കുകയായിരുന്നു.എന്നാൽ സെവിയ്യയുടെ പകരക്കാരൻ യൂസഫ് എൻ-നെസറിക്ക് അവസാന നിമിഷങ്ങളിൽ തുറന്ന അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മാനുവൽ ന്യൂയർ രക്ഷകനായെത്തി. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഹാവി മാർട്ടിനസിന്റെ ഗോളിൽ ബയേൺ മ്യൂണിക് സൂപ്പർ കിരീടം ഉറപ്പിക്കുകയായിരുന്നു. ബയേർണിന്റെ തുടർച്ചയായ 32 ആം വിജയമാണ് ഇന്നലെ സെവിയ്യക്കെതിരെ നേടിയത്.