
ടീമിൽ സ്ഥാനം നിലനിർത്താനായി കളിക്കരുത്!! പരാജയത്തിന് പിന്നാലെ സഹതാരങ്ങളോട് തുറന്നടിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ
സീസണിൽ മികച്ച രീതിയിൽ തുടങ്ങിയ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്, ഇപ്പോൾ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായി പരാജയം നേരിട്ടിരിക്കുകയാണ്. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും രാജസ്ഥാൻ റോയൽസിന് നഷ്ടമായി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ, നേരത്തെ ലക്നൗ സൂപ്പർ ജിയന്റ്സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിന് സമാനമായി, വിജയിക്കാൻ എല്ലാ സാധ്യതകളും ഉണ്ടായിട്ടും അത് കൈവിട്ടു കളയുന്ന രാജസ്ഥാനെ ആണ് കണ്ടത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ, മികച്ച ഫോമിലുള്ള ഓപ്പണർ ജോസ് ബറ്റ്ലറെ (0) റോയൽസിന് അതിവേഗം നഷ്ടമായെങ്കിലും, യശാവി ജയിസ്വാൾ (47), ദേവ്ദത് പടിക്കൽ (52) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ഉണ്ടായി. എന്നിരുന്നാലും, ഇരുവരുടെയും മെല്ലെപ്പോക്ക് റോയൽസിന് വിനയായി എന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ. അർദ്ധ സെഞ്ചുറിയോട് അടുത്ത വേളയിൽ ദേവ്ദത് പടിക്കൽ തന്റെ ബാറ്റിംഗ് താളം മെല്ലെ ആക്കിയതായും, അത് പൂർത്തീകരിച്ചതിനു ശേഷം കൂറ്റൻ അടിക്ക് ശ്രമിച്ചവെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തി കളയുന്നതും ആണ് കണ്ടത്.

സഞ്ജു സാംസൺ സമ്മർദ്ദം താങ്ങാൻ ആവാതെ കഷ്ടപ്പെട്ടപ്പോൾ, ഷിംറോൻ ഹെറ്റ്മയർക്കും നിരാശയായിരുന്നു ഫലം. മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ പരാജയത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. “നമ്മുടെ ടീം എല്ലായിപ്പോഴും ഒരു മിതത്വം കാത്തുസൂക്ഷിക്കുന്നു എന്നത് നമ്മുടെ പ്രത്യേകതയാണ്. നമ്മൾ വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും അത് നിലനിർത്തുന്നു,” സഞ്ജു സാംസൺ തുടർന്നു.
“അതുകൊണ്ട് തന്നെ പരാജയത്തിന്റെ മേൽ ആരിലേക്കും വിരൽ ചൂണ്ടുന്നില്ല. ഇത് ഒരു ടീം ഗെയിം ആണ്. നമ്മളും നമ്മുടെ ഒപ്പം ഉള്ളവരും മികച്ച രീതിയിൽ സഹകരിക്കണം എന്ന മനോഭാവമാണ് നമുക്ക് ഉള്ളത്. ആരുംതന്നെ ടീമിൽ സ്ഥാനം നിലനിർത്താനായി കളിക്കരുത്, ടീമിന് എന്താണ് വേണ്ടത് അത് അനുസരിച്ച് ടീമിനുവേണ്ടി കളിക്കണം. വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല കളിക്കുന്നത് എന്ന ബോധ്യം വേണം,” സഞ്ജു സാംസൺ പറഞ്ഞു.