Casemiro : ❝ മധ്യ നിരയിൽ പ്രതിരോധം തീർക്കുന്ന കാനറികളുടെ കാസിം ബായ് ❞

11 വർഷത്തിനിടെ ആദ്യമായി റയൽ മാഡ്രിഡ് ട്രോഫിയില്ലാതെ കഴിഞ്ഞ സീസൺ അവസാനിപ്പിക്കുകയായിരുന്നു . പ്രതിസന്ധികൾക്കിടയിലും കിരീടങ്ങൾ ഒന്നും നേടിയില്ലെങ്കിലും റയൽ മാഡ്രിഡ് താരങ്ങൾ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പ്രത്യേകിച്ച മാഡ്രിഡ് മിഡ്ഫീൽഡ് ത്രയമായ ടോണി ക്രൂസ്, ലൂക്ക മോഡ്രിക്, കാസെമിറോ എന്നിവർ. അവരിൽ അർഹമായ പ്രശംസ ലഭിക്കാതെ പോയ താരമാണ് ബ്രസീലിയൻ ക്യാപ്റ്റൻ കാസെമിറോ. ചിലപ്പോൾ സ്ഥിതി വിവരകണക്കുകളിൽ മറ്റു താരങ്ങളേക്കാൽ പുറകിലാണെങ്കിലും ഈ സീസണിൽ റയലിന്റെ വിജയങ്ങളിൽ കാസെമിറോ നടത്തിയ പങ്ക് വിസമരിക്കാനാവാത്തതാണ്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഹോൾഡിങ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് കാസെമിറോ. ഈ സീസണിലും റയലിനെ മുന്നോട്ട് നയിക്കുനന്തിൽ ഈ മിഡ്ഫീൽഡർ നിർണായക പങ്കു വഹിക്കുന്നുണ്ട്.

എക്കാലത്തെയും പോലെ കാസെമിറോയ്ക്ക് ഈ വര്ഷം മറ്റൊരു മികച്ച ക്ലാസ് സീസൺ തന്നെയായിരുന്നു.നിലവിൽ പ്രതിരോധ മിഡ്ഫീൽഡർമാരിൽ മികച്ച താരമായ കാസെമിറോ വർഷങ്ങളായി സ്ഥിരതയോടെ പന്ത് തട്ടുന്ന താരം കൂടിയാണ്. മിഡ്ഫീൽഡിലെ ഈ നിശ്ശബ്ദനായ പോരാളിക്ക് അസൂയാവഹമായ ട്രോഫി ശേഖരം തന്നെയുണ്ട്. കഴിഞ്ഞ കുറച്ചു വർഷമായി ബ്രസീലിയൻ മിഡ്ഫീൽഡിലെ ശക്തി കേന്ദ്രമായി പ്രവർത്തിക്കാൻ 29 ക്കാരനായിട്ടുണ്ട്. എക്കാലവും നൈപുണ്യവും കഴിവുമുള്ള മികച്ച മുന്നേറ്റ നിര താരങ്ങളെ ഉത്പാദിപ്പിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന ബ്രസീൽ സമീപ വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ മിഡിഫീൽഡർമാരും ബ്രസീലിൽ നിന്ന് തന്നെയാണ് ഉദയം കൊള്ളുന്നത്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് കാസെമിറോ.

ബ്രസീലിൽ ജനിച്ചു വീഴുന്ന ഏതൊരു കുട്ടിയെപ്പോലെ തന്നെ സാവോ പോളോയുടെ തെരുവുകളിൽ പടവെട്ടിയാണ് കാസെമിറോ വളർന്നത്. പോരാട്ടങ്ങൾക്കിടയിലും ഫുട്ബോളിനെ ജീവവായു പോലെ സ്നേഹിച്ച താരം സാവോപോളയുടെ യൂത്അക്കാഡമിയിലൂടെയാണ് ഫുട്ബോൾ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. 11 ആം വയസ്സിൽ സാവോ പോളോയുടെ യൂത്ത് അക്കാദമിയിലെത്തിയ കാസിയുടെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു 19 വയസ്സുള്ളപ്പോൾ തന്നെ സീനിയർ അരങ്ങേറ്റം നടത്തുകയും ചെയ്തു.അരങ്ങേറ്റം കുറിച്ചത് മുതൽ സാവോപോളയിലെ ടീമിലെ അവിഭാജ്യ ഘടകമായി തീർന്നു കാസി.

ജന്മനാടായ ബ്രസീലിൽ “കാർലാവോ” എന്ന പേരിലാണ് കാസെമിറോ അറിയപ്പെട്ടിരുന്നത്.2012 ൽ കോപ സുഡാമെറിക്കാനയിൽ വിജയിച്ച ടീമിലെ പ്രധാന അംഗമായിരുന്നു കാസെമിറോ. എല്ലായ്പ്പോഴും ബ്രസീലിൽ ചുറ്റുന്ന യൂറോപ്യൻ ക്ലബ്ബുകൾ താരത്തിന്റെ പ്രകടനം ശ്രദ്ദിക്കുകയും ചെയ്തു.2013 ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് കാസിയെ സ്വന്തമാക്കിയത്. യൂറോപ്യൻ പരിചയത്തിനായി റയൽ മാഡ്രിഡ്-ബി ടീമിലാണ് കാസിയെ ആദ്യം ഉൾപ്പെടുത്തിയത്. എന്നാൽ 2014 ൽ പോർച്ചുഗീസ് ക്ലബ് പോർട്ടോ താരത്തെ ലോണിൽ സ്വന്തമാക്കി. ആ സമയത്ത് റയൽ പരിശീലകനായിരുന്ന റാഫ ബെനിറ്റെസ് താരത്തെ വേണ്ടവിധത്തിൽ ഉപയോഗിച്ചിരുന്നില്ല. പോർട്ടോയിലെ മികച്ച പ്രകടനം താരത്തെ വീണ്ടും റയലിൽ തിരിച്ചെത്തിച്ചു.

സിദാൻ റയൽ പരിശീലകൻ ആയി എത്തിയതോടെ കാസിയുടെ ഭാഗ്യവും തെളിഞ്ഞു. കാസെമിറോയുടെ സാങ്കേതിക വശങ്ങൾ മെച്ചപ്പെടുത്തുകയും കളിയുടെ മറ്റ് സ്വഭാവവിശേഷങ്ങൾ വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്ത സിദാൻ റയലിലെ പ്രധാന താരമായി താരത്തെ വളർത്തി. റയലിൽ ഒഴിവാക്കാൻ പറ്റാത്ത താരമായി വളർന്ന കാസി ഡിഫെൻസിലെ കഴിവുകളും വൈവിധ്യവും കാരണം പ്രതിരോധ മിഡ്ഫീൽഡിനെ തന്റെ കാൽകീഴിലാക്കി.പ്രധാനമായും പ്രതിരോധാത്മക മിഡ്, ബോക്സ്-ടു-ബോക്സ് റോളിലും സെന്റർ ബാക്ക് ഭാഗത്തും അദ്ദേഹം തിളങ്ങി. ബുദ്ധിയും ,ശക്തിയും ,ശാരീരികവും, അറ്റാക്കിങ് മൈൻഡുമുള്ള മിഡ്ഫീൽഡറാണ് കാസെമിറോ.

മുന്നേറ്റത്തിലും പ്രതിരോധത്തിലുമുള്ള കാസെമിറോയുടെ വർക്ക് റേറ്റ് താരതമ്യപ്പെടുത്താനാവില്ല. മുന്നേറ്റ നിരയിൽ കയറി കളിക്കുന്ന കാസി ഗോളുകൾ നേടാനും ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും മികവ് പുലർത്തി.സ്പാനിഷ് പ്രസിദ്ധീകരണമായ മാർക്കയാണ് കാസെമിറോയെ “ദി ടാങ്ക്” എന്ന് വിളിപ്പേരിട്ടത്. കളിക്കളത്തിൽ ഇപ്പോഴും പ്രശംസ ലഭിക്കാത്തവരുടെ കൂട്ടത്തിൽ ഉൾപെടുന്നവരാണ് ഡിഫെൻസിവ് മിഡ്ഫീൽഡർമാർ. പലപ്പോഴും മിഡ്ഫീൽഡിലെ ഓൾ റൗണ്ടർ എന്നാണ് കാശിയെ വിളിക്കുന്നത്. കാസെമിറോ തന്റെ കരിയറിൽ ഉടനീളം നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്. തെക്കേ അമേരിക്കയിലും യൂറോപ്പിലും കോണ്ടിനെന്റൽ കിരീടങ്ങളും ബ്രസീലിനൊപ്പം അന്താരാഷ്ട്ര ട്രോഫിയും താരം നേടിയിട്ടുണ്ട്.

2011 ൽ 19 ആം വയസ്സിൽ ബ്രസീൽ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച കാസെമിറോ 50 ലതികം മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.ദേശീയ ടീമിനൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം 2019 കോപ്പയിലെ വിജയമായിരുന്നു.

Rate this post